National
ദാരിദ്ര്യം ഒരു മാനസികാവാസ്ഥ: രാഹുലിന്റെ പ്രസ്താവന വിവാദമായി
ലക്‌നോ: ദാരിദ്ര്യം ഒരു മാനസികാവാസ്ഥയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. രാഹുലിന്റെ പ്രസ്താവന ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് ഉത്തര്‍പ്രദേശ് ബി ജെ പി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു. രാഹുലിന്റെ പ്രസ്താവന ദുഃഖകരം മാത്രമല്ല സാധാരണക്കാരെ പരിഹസിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
യാഥാര്‍ഥ്യത്തെ കുറിച്ച് ബോധമില്ലാത്തതാണ് ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്ന് ബി എസ് പി നേതാവ് നസീമുദ്ദീന്‍ സ്വിദ്ദീഖി പറഞ്ഞു. കോടീശ്വര കുടുംബത്തിലെ അംഗമായതിനാല്‍ ദാരിദ്ര്യമെന്നത് രാഹുലിന് വളരെ അകലെയാണ്. അദ്ദേഹത്തിന്റെ മുന്‍കാല തലമുറകളും സമ്പന്നരായിരുന്നു. അദ്ദേഹത്തിന്റെ വിവരമില്ലായ്മ മൂലമാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ശാസ്ത്രജ്ഞന്‍ ബദ്‌രി നാരായണന്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുലിന്റെ വിവാദ പരാമര്‍ശമുണ്ടായത്. ദാരിദ്ര്യം മാനസികാവസ്ഥയാണെന്നും ഭക്ഷണം, പണം മറ്റു ഭൗതിക സാഹചര്യങ്ങള്‍ എന്നിവയുടെ അപര്യാപ്തത കൊണ്ടല്ല അത് ഉണ്ടാകുന്നതെന്നും ആയിരുന്നു രാഹുലിന്റെ വാക്കുകള്‍. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും ദാരിദ്ര്യത്തെ അതിജയിക്കാം. അമേഠിയിലെ പാവപ്പെട്ട സ്ത്രീകള്‍ അവരുടെ ജീവിതം പരിശ്രമത്തിലൂടെ മാറ്റിയെടുത്തത് ഉദാഹാരണമാണ.് അമേഠിയിലെ സ്ത്രീകള്‍ സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.