Connect with us

Articles

ഉമ്മന്‍ ചാണ്ടിയെ ഇനി ആര് രക്ഷിക്കും?

Published

|

Last Updated

oommen chandl“കണ്ടകശ്ശനി കൊണ്ടേ പോകൂ” എന്ന ചൊല്ലില്‍ ചില കാര്യങ്ങളുണ്ട് എന്ന് തോന്നിപ്പിക്കുംവിധമാണ് ഉമ്മന്‍ ചാണ്ടിയുടെ ഓരോ നീക്കവും. അല്ലെങ്കില്‍ ബുദ്ധിയുള്ള ആരെങ്കിലും ചിന്തിക്കുമോ ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാന്‍ സി ആര്‍ പി എഫിനെ വിളിക്കാന്‍? ചിന്തയിലും വാക്കിലും പ്രവ്യത്തിയിലും അദ്ദേഹത്തിന് ശത്രുദോഷമുണ്ടെന്നതിന്റെ ഒന്നാന്തരം തെളിവാണിത്. സി ആര്‍ പി എഫിന്റെ 20 ബറ്റാലിയനുകളെയാണ് ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാന്‍ നിയോഗിച്ചിട്ടുള്ളത്. ഇത് കേട്ട് ശരിക്കും ചിരിച്ചത് പിണറായി വിജയനും വൈക്കം വിശ്വനുമാണ്. തോല്‍ക്കാനിടയുള്ള ഒരു സമരത്തെ അങ്ങനെ ഉമ്മന്‍ ചാണ്ടി ജയിപ്പിക്കാന്‍ തീരുമാനിച്ചു. അടിയാണ് ഏത് സമരത്തിന്റെയും അടിവളമെന്ന കാര്യം ഉമ്മന്‍ ചാണ്ടിക്ക് അിറയാത്തതല്ല. സമയദോഷം കാരണം ചിന്താശേഷി കെട്ടുപോയിരിക്കുന്നു. എന്തായാലും ഉപരോധം ഉഗ്രനാകുമെന്ന തോന്നല്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഒരു ബറ്റാലിയനില്‍ 100 ജവാന്മാരാണ് ഉണ്ടാകുക. അതായത് ആയുധധാരികളായ 2000 ജവാന്മാരും പിന്നെ ലോക്കല്‍ പോലീസും ചേര്‍ന്ന് ഒരു ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിക്കും. ഒരു ലക്ഷം സമരഭടന്മാര്‍ ഉപരോധത്തില്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അവരെ അടിച്ചൊതുക്കി സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സുഗമമാക്കാമെന്നാണോ ഉമ്മന്‍ ചാണ്ടി വിചാരിക്കുന്നത്?
യു ഡി എഫും കോണ്‍ഗ്രസും ഒറ്റകെട്ടായിരുന്നുവെങ്കില്‍ ഈ തീരുമാനം രാഷ്ട്രീയ തന്ത്രം എന്ന നിലയില്‍ ശരിയെന്ന് നിസ്സംശയം പറയാനാകും. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? കോണ്‍ഗ്രസില്‍ എല്ലാവരും പാരവെപ്പില്‍ ഡിഗ്രിയും ഡിപ്ലോമയും എടുത്തുകൊണ്ടിരിക്കുകയാണ്. മുന്നണിയില്‍ ഇപ്പോള്‍ ഇല്ലാത്തത് ഐക്യം മാത്രമാണ്. അതിനെല്ലാം കാരണക്കാരന്‍ ഉമ്മന്‍ ചാണ്ടിയാണ് എന്ന് കോണ്‍ഗ്രസുകാര്‍ പോലും അടക്കം പറയുന്നു. ഗൗരിയമ്മയും രാഘവനും പണ്ടേ പിണക്കത്തിലാണ്. പിള്ളയുടെ കാര്യം പറയുകയേ വേണ്ട. മകന്‍ പിള്ളക്കു വേണ്ടി ചാണ്ടി കളിച്ച കളിയില്‍ മുറിവേറ്റ അച്ഛന്‍ പിള്ള വിഷം സംഭരിച്ചുകൊണ്ടിരിക്കുകയാണ്. വീരേന്ദ്രകുമാര്‍ വിഭാഗം ദളിന്റെ ഒരു കഷണം മുറിഞ്ഞു പോയിട്ട് അധികം കാലമായിട്ടില്ലല്ലോ. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അത്താഴമല്ലേ മുടങ്ങൂ അന്നം മുട്ടില്ലല്ലോ എന്നു കരുതി നീര്‍ക്കോലികളെ തല്‍ക്കാലം മറക്കാം. എന്നാല്‍ പെരുമ്പാമ്പുകളുടെ സ്ഥിതിയോ? ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടാകുമെന്ന് കരുതിയ മാണി സാറും കുഞ്ഞാലിക്കുട്ടി സാഹിബും എറെക്കുറെ ചാണ്ടിയെ കൈവിട്ടുകഴിഞ്ഞു. കേന്ദ്രത്തില്‍ കുഞ്ഞു മാണിക്ക് ഒരു കുഞ്ഞു മന്ത്രിസ്ഥാനമെങ്കിലും നല്‍കിയില്ലെങ്കില്‍ മാണി പാലം വലിക്കും എന്നാണ് അകത്തളങ്ങളിലെ സംസാരം. മുഖ്യമന്ത്രിയാകാന്‍ മാണി സര്‍വഥാ യോഗ്യനാണെന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഇടതുപക്ഷം മാണിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ആ ബഹുമതിയെ ശിരസാ വഹിച്ചാണ് ഇപ്പോള്‍ മാണിയുടെ നടപ്പ്. എന്തായാലും ലീഗ് പാലം പോയിട്ട് നടപ്പാലം പോലും വലിക്കില്ല. കോണി ചാരാന്‍ യു ഡി എഫ് അല്ലാതെ മറ്റൊരിടവും ഇല്ലെന്ന കാര്യം അവര്‍ക്ക് നന്നായി അറിയാം. ലീഗിനെ തൊട്ടാല്‍ അലര്‍ജി രോഗങ്ങള്‍ പിടിപെടുമെന്ന സി പി എമ്മിന്റെ ജന്മഭീതി മാത്രമാണ് ചാണ്ടിക്ക് ഇപ്പോള്‍ ആശ്വാസം. എങ്കിലും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട വിവാദത്തോടെ ലീഗിന്റെ ബിരിയാണിക്ക് പഴയ രുചിയില്ലാതെയായി. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായ നിരവധി പേര്‍ ലീഗിലുമുണ്ട്. കേരളത്തിന് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടിയാണത്. എന്നിരുന്നാലും മുഖ്യമന്ത്രിയാകാന്‍ അവിടെ ആര്‍ക്കും പൂതിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനം പോലും ആരും ചോദിക്കുന്നില്ല. എന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തിനുള്ള അര്‍ഹത തങ്ങള്‍ക്ക് മാത്രമാണെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് അവര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് മാസത്തോളമായി സരിതയായിരുന്നു മലയാളിക്ക് താരം. പത്രങ്ങളും ചാനലുകളും സരിതമയം. സൂര്യനേക്കാള്‍ ദീപ്തിയോടെ മലയാളിയുടെ ഹൃദയത്തില്‍ സരിത കത്തിപ്പടര്‍ന്നു. സരിതയുടെ സാരിയും രൂപവും ചിരിയുമായിരുന്നു മലയാളിക്ക് സുപ്രഭാതങ്ങള്‍. സരിത എന്ന പേര് പോലും സോളാറിന്റെ പര്യായപദമായി മാറി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജലനിരപ്പ് അപകടനിലക്ക് മുകളിലായപ്പോഴാണ് ഉമ്മന്‍ ചാണ്ടി പുനഃസംഘടന എന്ന ഷട്ടര്‍ തുറന്നത്. പാവം ചെന്നിത്തല ചതി അറിയാതെ ഷട്ടര്‍ പൊക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. മലവെള്ളപ്പാച്ചിലില്‍ രമേശ് ഒഴുകിപ്പോയി. പിടിച്ചുതൂങ്ങാന്‍ ഒരു മരക്കഷണം പോലും അദ്ദേഹത്തിന് നല്‍കിയില്ല. സോളാര്‍ വിവാദത്തെ പുനഃസംഘടനാ വിവാദമാക്കുന്നതില്‍ അങ്ങനെ ഉമ്മന്‍ ചാണ്ടി വിജയിക്കുകതന്നെ ചെയ്തു.
പക്ഷേ അത് വളരെ താത്കാലികമായ ശമനമാര്‍ഗം മാത്രമാണെന്ന കാര്യം അദ്ദേഹം അിറയാന്‍ പോകുന്നേയുള്ളു. അല്‍പ്പം വൈകിയാണെങ്കിലും ചെന്നിത്തലക്ക് തിരിച്ചറിവുണ്ടായി. ഇത് പരീക്ഷയല്ല പരീക്ഷണമാണ് എന്ന് തിരിച്ചറിഞ്ഞ ചെന്നിത്തല താന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന കാര്യം ഡല്‍ഹിയില്‍ വെച്ചു തന്നെ പരസ്യമായി പ്രഖ്യാപിച്ചു. ഒരിക്കല്‍ പറ്റിച്ചാല്‍ പൊറുക്കാം. രണ്ടാമത് പറ്റിച്ചാലും പൊറുക്കാം. എന്നാല്‍ അത് മൂന്നാമതും നാലാമതും ആവര്‍ത്തിച്ചാല്‍ ഏത് ചെന്നിത്തലയായാലും പൊറുത്തെന്ന് വരില്ല. ഉപമുഖ്യമന്ത്രിയാക്കാന്‍ ചെന്നിത്തലയെ ലീഗ് അനുവദിക്കില്ലെന്ന കാര്യം എല്‍ കെ ജി കുട്ടികള്‍ക്ക് പാലും അറിയാം. ആഭ്യന്തരത്തില്‍ തൊട്ടാല്‍ തിരുവഞ്ചൂര്‍ വഞ്ചി മുക്കുമെന്നതും കട്ടായം. പിന്നെന്തിന് ഉമ്മന്‍ ചാണ്ടി ഇങ്ങനെ ഒരു നാടകം കളിച്ചു?
ചാണക്യ തന്ത്രങ്ങളുടെ കാര്യത്തില്‍ എക്കാലത്തേയും കുലഗുരു കരുണാകരനാണെന്നാണല്ലോ മലയാളികള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ആ ട്രാക്ക് റെക്കോര്‍ഡ് മിറകടക്കാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി സൂര്യാഘാതത്തിലായിരുന്നു അദ്ദേഹം. മഴ നില്‍ക്കാതെ പെയ്തിട്ടും “തുള്ളിക്കൊരു കുടം” എന്ന നിലയില്‍ അദ്ദേഹം വിയര്‍ത്തുകൊണ്ടിരുന്നു. അത് മറയ്ക്കാന്‍ യു എന്‍ അവാര്‍ഡ് ഉപയോഗിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. ഏഷ്യ- പസഫിക്ക് പ്രദേശങ്ങളിലെ 50 രാജ്യങ്ങളെ പിന്തള്ളിയാണ് ഈ അവാര്‍ഡ് കരസ്ഥമാക്കിയത് എന്നായിരുന്നു വീരവാദം. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അവാര്‍ഡ് ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ചാണ്ടിയുടെ പ്രചാരണ വിഭാഗം തട്ടിവിട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഏഴ് പ്രാവശ്യം ലഭിച്ച, ഡല്‍ഹി സര്‍ക്കാരിന് മാത്രം മൂന്ന് പ്രാവശ്യം കിട്ടിയതാണ് അവാര്‍ഡ് എന്ന സത്യം വെളിപ്പെട്ടതോടെ അവാര്‍ഡ് വിദ്യ ചീറ്റിപ്പോയി.
ജനസമ്പര്‍ക്ക പരിപാടി വാസ്തവത്തില്‍ സര്‍ക്കാറിന്റെ വിജയത്തെയല്ല പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. 5.5 ലക്ഷം ഫയലുകളില്‍ ഉമ്മന്‍ ചാണ്ടി തീര്‍പ്പുണ്ടാക്കിയെന്നാണ് അവകാശവാദം. അതിനര്‍ഥം സര്‍ക്കാര്‍ എത്ര നിഷ്‌ക്രിയമാണെന്ന് കൂടിയാണ്. മുഖ്യമന്ത്രിയുടെ പണി പൗരന്മാര്‍ക്കുള്ള സേവനം ഒറ്റക്ക് നിര്‍വഹിക്കാന്‍ ശ്രമിക്കലല്ല. അത് അപ്രായോഗികവും അസാധ്യവും ജനാധിപത്യവിരുദ്ധവുമാണ്. ഭരണ സംവിധാനത്തെ സേവനസജ്ജവും പൗരോന്മുഖവുമാക്കുകയാണ് വേണ്ടത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ചില “നല്ല രാജാക്കന്മാര്‍” അപ്രകാരം ചെയ്തിട്ടുണ്ട്. അവരുടെ പ്രേതബാധയാണ് ഉമ്മന്‍ ചാണ്ടിയെ പിന്‍തുടരുന്നത്. ചുരുങ്ങിയപക്ഷം ഗാന്ധിജിയുടെ ഗ്രാമ സ്വരാജിനെപ്പറ്റിയുള്ള വീക്ഷണമെങ്കിലും അദ്ദേഹം വായിച്ചുനോക്കണം.
സോളാര്‍ വിവാദം മുറുകിയപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ പോലുമില്ലാത്ത ഒരു പാവമാണ് താനെന്ന് പറഞ്ഞിട്ടു പോലും ഒരാളും വിശ്വസിച്ചില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും. ഒടുവില്‍ അദ്ദേഹം മൊബൈല്‍ വാങ്ങുക തന്നെ ചെയ്തു. അങ്ങനെയാണ് അവസാനത്തെ മലയാളിയും മൊബൈലായത്. സോളാര്‍ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രിക്ക് അടുപ്പമുണ്ടെന്നായി ചില ദോഷൈകദൃക്കുകള്‍. ബിജു രാധാകൃഷ്ണനോ അതാരാണ് എന്ന് വളരെ നിഷ്‌കളങ്കമായി അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ഒറ്റ രാധാകൃഷ്ണനെ മാത്രമേ അറിയൂ; അത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എന്ന് എന്തുകൊണ്ടോ മലയാളികള്‍ വിശ്വസിച്ചില്ല. ദുഷ്ടലാക്കുള്ള മാധ്യമങ്ങള്‍ എല്ലാ കുപ്പത്തൊട്ടികളും പരതാന്‍ തുടങ്ങി. അങ്ങനെയാണ് അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രി ഒരു മണിക്കുര്‍ നേരം ബിജു രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്ത വിവരം പുറത്തറിയുന്നത്. ആ ചര്‍ച്ച വെറും കുടുംബ കാര്യമായിരുന്നുവെന്ന സത്യം എത്ര തവണ അദ്ദേഹം പറഞ്ഞു. അതും സ്വാഹ.
പിന്നെ സരിതയായിത്തീര്‍ന്നു താരം. സരിതയുടെ മേച്ചില്‍ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നുവെന്ന വിവരവും വെളിയിലായി. പിന്നെ മുഖ്യമന്ത്രിക്കെതിരെ തെളിവുകളുടെ ഒരു പ്രവാഹം തന്നെ മാധ്യമങ്ങള്‍ കൊണ്ടുവന്നു. ഒടുവില്‍ സരിതയുടെ രഹസ്യമൊഴിയിലായി പലരുടെയും ചങ്കിടിപ്പ്. 22 പേജുള്ള രഹസ്യ മൊഴിയാണ് സരിത തന്റെ വക്കീലായ ഫെനിക്ക് നല്‍കിയത്. അതു പ്രകാരം പല വന്‍ മരങ്ങളും കടപുഴകുമെന്ന് വ്യക്തമായിരുന്നു. പക്ഷേ കോടതിയിലെത്തുമ്പോള്‍ ചങ്കും കരളും പറിച്ചുമാറ്റിയ വെറും നാല് പേജായി അത് ചുരുങ്ങിപ്പോയി. ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കുണ്ട്. എന്നാല്‍ അധികാരത്തില്‍ അള്ളിപ്പിടിക്കാന്‍ ഏത് വഴിയും സ്വീകരിക്കും എന്ന സന്ദേശമാണ് അദ്ദേഹം അതോടെ ലോകത്തിന് നല്‍കിയത്. അദ്ദേഹം സ്വയം നിര്‍മിച്ച ജനകീയ പരിവേഷം വെറും വേഷംകെട്ടാണെന്ന് ജനം സംശയിക്കാന്‍ തുടങ്ങി. രാജാവ് നഗ്നനാണെന്ന് ഓരോ മലയാളി കുട്ടിയും വിളിച്ചു പറയാന്‍ തുടങ്ങി. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ചില വിരലുകള്‍ തനിക്കെതിരെ നീളുന്നത് അദ്ദേഹം കണ്ടു. അങ്ങനെയാണ് പിടിച്ചു നില്‍ക്കാന്‍ പൂഴിക്കടകന്‍ പ്രയോഗിക്കാന്‍ ചില കണിയാന്മാര്‍ അദ്ദേഹത്തെ ഉപദേശിച്ചത്. നറുക്ക് വീണത് ചെന്നിത്തലക്ക്. അരിയുമ്പോള്‍ തലതന്നെ അരിയണമെന്ന കളരി ഗുരുക്കളുടെ ഉപദേശം അദ്ദേഹം ശിരസാ വഹിക്കുകയായിരുന്നു. പക്ഷേ, ജാതകദോഷം എന്നല്ലാതെ എന്ത് പറയാന്‍. അതോടെ മിത്രങ്ങള്‍ പോലും ശത്രുക്കളായി തീര്‍ന്നു. വായില്ലാത്ത വെട്ടുകത്തിയാണെങ്കിലും പി സി ജോര്‍ജ് ഒരു നല്ല പരിചയായിരുന്നു. ഉമ്മന്‍ ചാണ്ടി മഹാനാണെന്ന് നാഴികക്ക് നാല്‍പ്പത് പ്രാവശ്യം വിളിച്ചുപറഞ്ഞിരുന്ന അദ്ദേഹവും കൂറു മാറി. പാണക്കാട് ടവറിന് കീഴിലെ എല്ലാ മൊബൈല്‍ ഫോണുകളും സ്വിച്ചോഫായി. പാലായിലേക്കുള്ള റോഡ് നിറയെ ഗട്ടറുകളുമായി. അവസാനം അദ്ദേഹം എ ഗ്രൂപ്പിന്റെ മാത്രം നേതാവായി.
കാര്യങ്ങള്‍ ഈ നിലയില്‍ എത്തിയപ്പോഴാണ് സോളാര്‍ പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷം സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചത്. അതിനെ നേരിടാന്‍ അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ അന്തരീക്ഷമാണ് സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. സമരക്കാരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി, സമരക്കാരെ താമസിപ്പിക്കരുതെന്ന് ലോഡ്ജുകള്‍ക്ക് മുന്നറിയിപ്പ്, നിരോധനാജ്ഞ തുടങ്ങിയ ഫാസിസ്റ്റ് രീതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അത് അവസാനത്തെ മലയാളിയേയും സര്‍ക്കാറിന്റെ ശത്രുവാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ശത്രുക്കളേക്കാള്‍ അപകടകാരികളാണ് തെറ്റായ ഉപദേശം നല്‍കുന്ന സുഹൃത്തുക്കള്‍ എന്ന കാര്യം ഇനിയും ഉമ്മന്‍ ചാണ്ടി മനസ്സിലാക്കിയിട്ടില്ല. ആ സുഹൃത്തുക്കളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യം കാലം തെളിയിക്കും. എന്തായാലും കൈവിട്ട കളിക്കാണ് ഉമ്മന്‍ ചാണ്ടി ചൂട്ട് പിടിക്കുന്നത്.

 

dirarchenam@gmail.com

---- facebook comment plugin here -----

Latest