Business
ഇന്ത്യന്‍ ബേങ്കുകളില്‍ പുതിയ ചെക്ക്: വിദേശ ഇന്ത്യക്കാരില്‍ ആശയക്കുഴപ്പം
ദുബൈ: ഇന്ത്യയിലെ ബേങ്കുകള്‍ പുതിയ ചെക്ക് ബുക്ക് ഏര്‍പ്പെടുത്തിയത്, വിദേശ ഇന്ത്യക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശം ഈ വര്‍ഷം 31ന് മുമ്പ് തന്നെ പ്രാബല്യത്തില്‍ വരുത്താന്‍ ബേങ്കുകള്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. ചില ബേങ്കുകള്‍ ഇപ്പോള്‍ നിലവിലെ ചെക്ക് മടക്കി നല്‍കുന്നു. വിദേശ ഇന്ത്യക്കാരില്‍ പലര്‍ക്കും ബേങ്കില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുമില്ല. ബേങ്കില്‍ എത്തുമ്പോ ഴാണ് വിവരമറിയുന്നത്.
സി ടി എസ് ചെക്ക് ബുക്കുകളാണ് വിതരണം ചെയ്യുന്നതെന്നും എല്ലാ എക്കൗണ്ട് ഉടമകളും ഇത് കൈപ്പറ്റണമെന്നും ഫെഡറല്‍ ബേങ്ക് അധികൃതര്‍ അറിയിച്ചു. പുതിയ ചെക്ക് ലീഫില്‍ രൂപയുടെ അടയാളവും “പാന്റോഗ്രാഫും” ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇടപാടുകള്‍ക്ക് സുരക്ഷിതത്വം വര്‍ധിപ്പിക്കും. 2012 ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിര്‍ദേശം റിസര്‍വ് ബേങ്ക് പുറപ്പെടുവിച്ചത്. ആഗോളതലത്തില്‍ തന്നെ ഇത്തരമൊരു മാറ്റം നിലവില്‍ വന്നിരുന്നു. യു എ ഇയിലെ ബേങ്കുകളും ചെക്ക് ബുക്ക് നവീകരിച്ചു നല്‍കി.
എന്നാല്‍, ഇന്ത്യയിലെ ബേങ്കുകള്‍ക്ക് മാറ്റം നടപ്പില്‍ വരുത്തുക എളുപ്പമായിരുന്നില്ല. കോടിക്കണക്കിനു എക്കൗണ്ട് ഉടമകള്‍ക്ക് വിവരം അറിയിക്കേണ്ടതുണ്ടായിരുന്നു.
ഇതിനിടയില്‍ മിക്ക വിദേശ ഇന്ത്യക്കാരും വിവരം അറിഞ്ഞില്ല. അവരില്‍ ചിലര്‍ നാട്ടിലെത്തി ബേങ്കിനെ സമീപിച്ചപ്പോള്‍ നേരിട്ട് അറിയിക്കുകയായിരുന്നു. എക്കൗണ്ട് ഉടമകള്‍ പാസ്‌പോര്‍ട്ട് കോപ്പി നല്‍കണമെന്ന് ചില ബേങ്കുകള്‍ ശഠിച്ചു. മേല്‍വിലാസം മാറിയിട്ടുണ്ടെങ്കില്‍ സാക്ഷ്യപത്രം നല്‍കണം. ഇതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പഴയ പാസ്‌പോര്‍ട്ട് സ്വീകരിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
പുതിയ ചെക്ക്ബുക്ക് ഏഴു ദിവസത്തിനകം എക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ഇന്റര്‍നെറ്റ് വഴിയും അപേക്ഷ അയക്കാവുന്നതാണ്.