Connect with us

National

ഇശ്‌റത്ത് വ്യാജ ഏറ്റുമുട്ടല്‍: പാണ്ഡെക്ക് മുന്‍കൂര്‍ ജാമ്യമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഗുജറാത്ത് എ ഡി ജി പി. പി പി പാണ്ഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ക്രിമിനലുകള്‍ക്ക് സുരക്ഷിത താവളമാകുന്ന സ്ഥിതിയായിരിക്കുകയാണെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് ബി എസ് ചൗഹാന്‍ നേതൃത്വം നല്‍കിയ ബഞ്ച് നിരീക്ഷിച്ചു.

പാണ്ഡെ മുമ്പും ഒളിവില്‍ പോയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യത്തിന് അനര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ സ്വഭാവം തന്നെയാണെന്നും ബഞ്ച് നിരീക്ഷിച്ചു. സാധാരണ ജനങ്ങള്‍ക്ക് വേണ്ടി കോടതിയുടെ സമയത്തിന്റെ അഞ്ച് ശതമാനം പോലും വിനിയോഗിക്കാനാകാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. മുതിര്‍ന്ന അഭിഭാഷകരും ക്രിമിനലുകളും സമയം അപഹരിക്കുകയാണ്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസുകള്‍ പരിഗണിക്കാന്‍ സാധിക്കുന്നില്ല. ഇത് പരിതാപകരമായ അവസ്ഥയാണെന്ന് ജസ്റ്റിസ് ചൗഹാന്‍ നിരീക്ഷിച്ചു.
ഒളിവിലായ ഒരാളുടെ ഹരജി പരിഗണിക്കുന്നതെങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. പാണ്ഡെ രണ്ടാമതും ഒളിവില്‍ പോയിരിക്കുകയാണെന്നും എവിടെയാണെന്ന് അറിയില്ലെന്നും സി ബി ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിംഗ് ബോധിപ്പിച്ചു. 1982 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ പാണ്ഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിചാരണാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

 

Latest