Connect with us

Articles

സി ആര്‍ നീലകണ്ഠന്റെ തുറന്ന കത്തിന് മറുപടി: പരിസ്ഥിതി വിഷയങ്ങളില്‍ അവസാനവാക്ക് നീലകണ്ഠന്റേതല്ല

Published

|

Last Updated

VD SATHEESHANആഗസ്റ്റ് ഒന്നിലെ സിറാജില്‍ സി ആര്‍ നീലകണ്ഠന്‍ എനിക്കെഴുതിയ കത്ത് വായിച്ചു. കത്തെനിക്കയക്കാത്തതുകൊണ്ടും ഞാന്‍ സ്ഥലത്തില്ലാതിരുന്നതു കൊണ്ടും മറുപടി അല്‍പ്പം വൈകിപ്പോയി. ക്ഷമിക്കുമല്ലോ? സിറാജില്‍ മാത്രമല്ല ഇടം കിട്ടുന്ന പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹം എന്നെ ആക്ഷേപിച്ചുകൊണ്ട് എഴുതുന്നുണ്ട്. ടി വി ചാനലുകളിലെ പരിചയക്കാരെ വിളിച്ച് അവരുടെ ഹാസ്യ പരിപാടികളില്‍ പ്രധാന കഥാപാത്രമാക്കി മാറ്റി എന്നെ അപമാനിക്കാനും ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാടെടുക്കുന്ന ജനപ്രതിനിധി ആയിട്ടും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാന്‍ ഇദ്ദേഹം ശ്രമിക്കുന്നതെന്തിനാണ്? ഞങ്ങള്‍ ഹരിത ചിന്തകള്‍ ജനങ്ങളുമായി പങ്ക് വെക്കുന്നതുവരെ നീലകണ്ഠന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞങ്ങളുയര്‍ത്തിയ വിഷയങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന് അസുഖം തുടങ്ങിയത്. വര്‍ഷങ്ങളായി അദ്ദേഹം അധ്വാനിച്ചുണ്ടാക്കിയ കേരള സമൂഹത്തിലെ “സ്‌പേസ്” ഞാന്‍ കവര്‍ന്നെടുക്കുമോ എന്ന ഭയമാണ് അദ്ദേഹത്തെ നയിക്കുന്നത്. ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു പറയുന്നു, നീലകണ്ഠാ, ഭയപ്പെടേണ്ട. എനിക്ക് ആ തൊപ്പി ചേരില്ല. മാത്രമല്ല, നീലകണ്ഠന്‍ പറയുന്നതല്ല ഞാന്‍ പറയുന്നത്. ഒരുപാട് വ്യത്യാസമുണ്ട്. ഞാന്‍ പരിസ്ഥിതിവാദിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെ വികസനം നടക്കണം എന്നാഗ്രഹിക്കുന്ന സന്തുലിത വികസനത്തിന്റെ വക്താവാണ്.
രാഷ്ട്രീയക്കാരനാണെങ്കിലും പാരിസ്ഥിതിക വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെ സത്യസന്ധമായ നിലപാടാണെടുക്കുന്നത്. നെല്ലിയാമ്പതി, എമര്‍ജിംഗ് കേരള, കുടിവെള്ള സ്വകാര്യവത്കരണം, കുടിവെള്ളത്തിന് റെഗുലേറ്ററി അതോറിറ്റി, ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, റിവര്‍ ബേസിന്‍ അതോറിറ്റി തുടങ്ങിയ വിഷയങ്ങളില്‍ എന്റെകൂടി സര്‍ക്കാറിന് അപ്രിയമായ കാര്യങ്ങളാണ് ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞത്. 27 വര്‍ഷം മുമ്പ് സര്‍വകലാശാലാ യൂനിയന്‍ ചെയര്‍മാനായിരിക്കെ, പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ച എനിക്ക് നീലകണ്ഠന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. സുഗതകുമാരി ടീച്ചര്‍, പ്രൊഫ. എം കെ പ്രസാദ്, ഡോ. സതീഷ് ചന്ദ്രന്‍, ശാന്തി ചേച്ചി, ഡോ. വി എസ് വിജയന്‍, പ്രൊഫ. കുഞ്ഞികൃഷ്ണന്‍ തുടങ്ങി പരിസ്ഥിതിയില്‍ മനസ്സര്‍പ്പിച്ച ധാരാളം പേരെ എനിക്കറിയാം. അവരുടെ മുമ്പില്‍ ഈ നീലകണ്ഠന്‍ ഇന്നലെ പെയ്ത മഴയില്‍ ഇന്ന് മുളച്ച വെറും തകരയാണ്. അച്യുതാനന്ദനും പിണറായിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ വി എസിന്റെ വെറുമൊരു ആയുധം മാത്രമായിരുന്നു ഇദ്ദേഹം. കേരളത്തിലെ മാധ്യമങ്ങളിലുള്ള പിണറായിവിരുദ്ധ നിലപാടുകളുടെ ഇടം സമര്‍ഥമായി വിനിയോഗിച്ച കൗശലക്കാരന്‍. വി എസ് ആറന്മുളയില്‍ 2500 ഏക്കര്‍ നികത്തി എയര്‍പോര്‍ട്ട് പണിയാനും നെടുമ്പാശ്ശേരിയില്‍ 37 ഏക്കര്‍ നികത്തി ഗോള്‍ഫ് കോഴ്‌സ് പണിയാനും അനുമതി കൊടുത്തപ്പോള്‍ ഇദ്ദേഹം മൗനവ്രതത്തിലായിരുന്നു. ഉമ്മന്‍ ചാണ്ടി വന്നപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്.
ഏലൂരിലെ വയറ്റുപ്പിഴപ്പ് യൂനിയന്‍ നേതാക്കളെ പോലെ മുതലാളിയുടെ പങ്ക് പറ്റുന്ന നേതാവാണോ സതീശന്‍ എന്ന് നീലകണ്ഠന് സംശയം. നിറ്റാ ജലാറ്റിനില്‍ എനിക്ക് ഷെയറുണ്ടെന്നാണ് നീലകണ്ഠനും ശിഷ്യരും പ്രചരിപ്പിക്കുന്നത്. സാമ്പത്തികാരോപണവും പെണ്‍വിഷയവും ഉന്നയിച്ചാല്‍ ഒരാളെ വ്യക്തിഹത്യ ചെയ്യാമെന്ന പഴയ കമ്മ്യൂണിസ്റ്റ് ലൈനാണ് പൊടി തട്ടി പുറത്തെടുത്തിരിക്കുന്നത്. നീലകണ്ഠന്മാര്‍ ഊതിയാല്‍ പറന്നു പോകുന്ന അപ്പൂപ്പന്‍ താടിയാണ് വി ഡി സതീശന്റെ വിശ്വാസ്യതയും സത്യസന്ധതയുമെങ്കില്‍ അത് ചുമ്മാ പറന്നു പോകട്ടെ. നീലകണ്ഠന്റെ വ്യക്തിപരമായ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളിലുള്ള നിലപാടുകളുമൊന്നും എഴുതി ഞാനീ പേജ് വൃത്തികേടാക്കുന്നില്ല.
അപ്പോളോ ടയേഴ്‌സിന്റെ കളമശ്ശേരിയിലെ കണ്ണായ 32 ഏക്കര്‍ ഭൂമി 1000 കോടി രൂപക്ക് വില്‍ക്കാന്‍ മാനേജ്‌മെന്റ് മുതിര്‍ന്നപ്പോഴാണ് തൊഴിലാളികള്‍ എന്നെ അവിടെ യൂനിയന്‍ പ്രസിഡന്റാക്കിയത്. അതിന് കൂട്ട് നിന്നിരുന്നുവെങ്കില്‍ എന്റെ അടുത്ത മൂന്നാല് തലമുറകള്‍ക്കു കൂടി അതിന്റെ “ഗുണ”മുണ്ടാകുമായിരുന്നു. പാവപ്പെട്ട തൊഴിലാളികളുടെ തുച്ഛമായ വേതനത്തില്‍ നിന്നു എന്റെ കാറിന്റെ ഡീസലിന്റെ പണം പോലും മേടിക്കാതെയാണ് ഞാന്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്നത്. സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങളേയും കുറിച്ച് പറയുമ്പോള്‍ ആളുകള്‍ കേട്ടിരിക്കുന്നുണ്ട് എന്നു കരുതി എന്തും പറയാമെന്ന ധാരണ വേണ്ടാ. മിസ്റ്റര്‍ നീലകണ്ഠന്‍, പരിസ്ഥിതി വിഷയങ്ങളില്‍ നിങ്ങളുടെതാണ് അവസാന വാക്ക് എന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങളെപ്പോലുള്ളവര്‍ പറയുന്നത് ഏറ്റുപറയുന്ന മെഗാഫോണല്ല ഞാന്‍. നിങ്ങള്‍ പച്ച പുതപ്പിക്കാത്തവരെല്ലാം പരിസ്ഥിതിവിരുദ്ധരായി കേരളത്തിലെ ജനങ്ങള്‍ കാണും എന്ന ധാരണയും വേണ്ട.
എ ഐ സി സി സെക്രട്ടറിയായപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു എന്ന പരാതിയും നീലകണ്ഠനുണ്ട്. ഞാന്‍ ചാര്‍ജെടുത്ത് ഡല്‍ഹിയില്‍ നിന്നെത്തിയപ്പോഴേക്കും കേരളത്തില്‍ പല സ്ഥലത്തും പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ വെച്ചു എന്നത് ശരിയാണ്. അത് എന്റെ ചെലവില്‍ ഞാന്‍ ചെയ്യിച്ചതല്ല. ഇതെല്ലാം ഇല്ലാതാക്കാന്‍ സമയം കുറച്ചെടുക്കും. പക്ഷേ, പരിസ്ഥിതി പ്രവര്‍ത്തകരോട് നിങ്ങളുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് പ്ലാസ്റ്റിക്കല്ലേയെന്ന് ചിലര്‍ ചേദിക്കുന്നതു പോലെ നിസ്സാരമായിപ്പോയി നീലകണ്ഠന്റെ ചോദ്യം. എനിക്കെതിരെ അടിക്കാനുള്ള എല്ലാ വടിയും ഉപയോഗിക്കും എന്ന് സാരം.
പെരിയാര്‍ മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തുന്ന സമാധാനപരമായ സമരങ്ങളിലും പങ്കെടുക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള ഞാന്‍ കാതിക്കുടം സമരത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കുറച്ചുകാലം മുന്‍പ് അവിടെ ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നിന്ന് പുറത്തു പോയ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും അച്ചടക്ക നടപടിയുടെ പേരില്‍ കമ്പനിയില്‍ മാപ്പപേക്ഷ കൊടുത്ത് ആനുകൂല്യങ്ങള്‍ വാങ്ങി പടിയിറങ്ങിയ ഒരു തൊഴിലാളിയുടെയും നേതൃത്വത്തിലാണ് അവിടെ സമരം ആരംഭിക്കുന്നത്. അവിടെ നിന്ന് പുറത്തു പോയതിനു ശേഷമാണ് കമ്പനിയില്‍ മലിനീകരണമുണ്ടെന്നും കമ്പനി അടച്ചുപൂട്ടേണ്ടതാണെന്നുമുള്ള ബോധം അവര്‍ക്കുണ്ടായത്.
എന്നാല്‍ കമ്പനിയിലെ തൊഴിലാളി സംഘടനകള്‍ കമ്പനി അടച്ചുപൂട്ടുന്നതിനു പകരം സര്‍ക്കാര്‍ ഏജന്‍സികള്‍ നിശ്ചയിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ മാനേജ്‌മെന്റ് കമ്പനിയില്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചത്. പെരിയാര്‍ മലിനീകരണ വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതിയും ആലുവയിലെ വ്യവസായങ്ങളുടെ കാര്യത്തില്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് 2011ല്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം കെമിക്കല്‍ എന്‍ജിനീയറായ ഡോ. ബി. ലക്ഷ്മിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതി രൂപവത്കരിച്ചു.
7.12.2011ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുകയും അവര്‍ നിര്‍ദേശിച്ച 13 ശിപാര്‍ശകളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ടുവെച്ച മൂന്ന് ശിപാര്‍ശകളും ഉള്‍പ്പെടെ 16 കാര്യങ്ങള്‍ സമയബന്ധിതമായി കമ്പനിയില്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതില്‍ ജലസേചന വകുപ്പിന്റെ സഹായത്തോടുകൂടി ചെയ്യേണ്ട ഒരു കാര്യം ഒഴിച്ച് 15 ഇനങ്ങളും കോടികള്‍ ചെലവഴിച്ച് കമ്പനി സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനകള്‍ പുലര്‍ത്തിയ ജാഗ്രതയാണ് കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
എന്നാല്‍ 2013 മെയ് 29ന് ചാലക്കുടി പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് കമ്പനിയിലെ മലിനീകരണം മൂലമാണെന്ന് ആരോപണമുയര്‍ന്നു. സമരം വീണ്ടും സജീവമായി. വെള്ളം പരിശോധിക്കാനെത്തിയ മലിനീകരണ ബോര്‍ഡിന്റെ എന്‍ജിനീയറെ പൊരിവെയിലത്ത് പുഴയില്‍ ആറ് മണിക്കൂറോളം തടങ്കലില്‍ വെച്ച് റിപ്പോര്‍ട്ട് എഴുതാന്‍ നിര്‍ബന്ധിച്ചു. കാതിക്കുടം സമരത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ എന്നും അനുവര്‍ത്തിച്ചിരുന്ന ഈ സമീപനത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. കമ്പനിയിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുക, കമ്പനിയിലേക്ക് വരുന്ന വാഹനങ്ങള്‍ അള്ളു വെച്ച് തകര്‍ക്കുകയും ഡ്രൈവര്‍മാരെ ഉപദ്രക്കുകയും ചെയ്യുക, ട്രീറ്റ് ചെയ്ത വെള്ളം പുറത്തേക്ക് ഒഴുക്കുന്ന പൈപ്പുകള്‍ തകര്‍ക്കുകയും മാലിന്യങ്ങളും തടിക്കഷണങ്ങളും ഇട്ട് മലിനീകരണമുണ്ടെന്ന് വരുത്തി തീര്‍ക്കുക തുടങ്ങിയ നിയമവിരുദ്ധമായ പ്രവൃത്തികളാണ് എന്നും സമരക്കാര്‍ ചെയ്തു വരുന്നത്.
ഒരു പരിസ്ഥിതി സമരത്തില്‍ അനുവര്‍ത്തിക്കേണ്ട സമീപനങ്ങളൊന്നും ഇവര്‍ സ്വീകരിക്കാത്തതുകൊണ്ട് പല പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ന് സമരം കാതിക്കുടം ഗ്രാമവാസികളുടെ കൈയിലല്ല. പുറത്തുനിന്നും ധാരാളം ആളുകള്‍ ഈ സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗം ആക്ഷന്‍ കൗണ്‍സിലിന്റെകൂടി പ്രതിനിധിയെ ഉള്‍പ്പെടുത്തി മത്സ്യം ചത്തുപൊങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിച്ചു. ഒരു മാസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ട് വരുമെന്നിരിക്കെ അതിനു പോലും കാത്തുനില്‍ക്കാതെ കമ്പനിയുടെ പൈപ്പുകള്‍ എടുത്തുമാറ്റാനുള്ള സമരം പ്രഖ്യാപിച്ചത് ആരാണ്? എന്റെ സ്‌നേഹിതന്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എ സമരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവരോടൊപ്പം നിന്നയാളാണ്. സമാധാനപരമായി സമരം ചെയ്യാന്‍ നിര്‍ദേശിച്ച പ്രതാപനു നേരെ ശകാരവര്‍ഷം ചൊരിഞ്ഞതും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും കാതിക്കുടം ഗ്രാമവാസികളല്ല. അവരതു ചെയ്യില്ല. പിന്നെ ആരാണ്? ലാത്തിച്ചാര്‍ജില്‍ പരുക്കുപറ്റി ആശുപത്രിയില്‍ കിടക്കുന്ന ഭൂരിഭാഗം പേരും ഗ്രാമവാസികളല്ല. അവരെല്ലാം എവിടെ നിന്ന് വന്നവരാണെന്നും അവരുടെ ഉദ്ദേശ്യങ്ങളെന്തായിരുന്നുവെന്നും അന്വേഷിക്കേണ്ടത് പോലീസാണ്.
പോലീസ് ലാത്തിച്ചാര്‍ജിനെ ഞാന്‍ അനുകൂലിച്ചിട്ടില്ല. പക്ഷേ സമാധാനപരമായി നടക്കേണ്ട സമരത്തില്‍ പോലീസിന്റെ മുഖത്തേക്ക് ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയും അവരുടെ തൊപ്പി ഊരിയെടുക്കുകയും കല്ലെറിയുകയും ഡി വൈ എസ് പിയെ തള്ളി താഴെയിടുകയും ചെയ്തത് ആരാണ്? ഈ സമരത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന ഈ സാമൂഹികവിരുദ്ധ, ദേശവിരുദ്ധ ശക്തികളാണ് നിരപരാധികള്‍ക്ക് തല്ല് വാങ്ങിക്കൊടുത്തത്. താമസിയാതെ കാതിക്കുടത്തെ ഗ്രാമവാസികള്‍ അവരെ അവിടെനിന്ന് തല്ലിയോടിക്കും എന്നെനിക്കുറപ്പുണ്ട്.
കമ്പനികളുടെ മലിനീകരണത്തെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് Let the polluter pay (മലിനീകരിക്കുന്നവര്‍ തന്നെ പണം മുടക്കട്ടെ) എന്നാണ്. അത് അക്ഷരാര്‍ഥത്തില്‍ ഏഴ് കോടി രൂപ മലിനീകരണ നിയന്ത്രണ സംവിധാനമേര്‍പ്പെടുത്താന്‍ ചെലവഴിച്ച കമ്പിനിയെക്കൊണ്ട് ചെയ്യിക്കുകയാണ് ഞാന്‍ ചെയ്തത്. കമ്പനി അടച്ചു പൂട്ടണം എന്ന ആവശ്യം ന്യായമല്ല. നീലകണ്ഠന്‍ വെച്ച കമ്മറ്റിയുള്‍പ്പെടെയുള്ള ഒരു വിദഗ്ദ സമിതിയും അങ്ങനെ ശിപാര്‍ശ ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ കേരളത്തിലെ ഒട്ടുമിക്ക കമ്പനികളും അടച്ചുപൂട്ടേണ്ടിവരും. വികസനവും പരിസ്ഥിതിയും ഒരുമിച്ചു പോകണം. മാവൂരിലെ പഴയെ ഗ്വാളിയര്‍ റയോണ്‍സില്‍ ചെയ്തത് പോലെ പുഴ മുഴുവന്‍ മലിനീകരിച്ച് നഷ്ടപരിഹാരം കൊടുക്കാതെ, ശുദ്ധീകരിക്കാതെ പൊടിയും തട്ടിപ്പോയ കാലമല്ല ഇത്. പരിസ്ഥിതിക്ക് ദോഷമേല്‍പ്പിക്കാതെ വികസനവും സ്ഥാപനങ്ങളും ഉണ്ടാകണം. ഞങ്ങളുയര്‍ത്തിയത് യഥാര്‍ഥത്തില്‍ പരിസ്ഥിതി വാദമല്ല, സംതുലിതമായ വികസനത്തിന്റെ കാഴ്ചപ്പാടാണ്. തൊഴിലാളികളെ പട്ടിണിക്കിടാതെ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ എസ് ഐ ഡി സിക്ക് കൂടി പങ്കാളിത്തമുള്ള കമ്പനി അടച്ചുപൂട്ടാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയും എന്നെനിക്കുറപ്പുണ്ട്.
ഹരിത രാഷ്ട്രീയത്തിന്റെ വക്താവായി നിലനില്‍ക്കുമ്പോള്‍ തന്നെ എല്ലാ വിഷയങ്ങളിലും എനിക്ക് നിലപാടുകളുണ്ട്. അത് വസ്തുതകള്‍ പഠിച്ച് ബോധ്യത്തില്‍ നിന്നുണ്ടാകുന്ന നിലപാടുകളാണ്. ആള്‍ക്കൂട്ടത്തിന്റെ കയ്യടി വാങ്ങാനോ മാധ്യമശ്രദ്ധയാകര്‍ഷിക്കാനോ ഞാന്‍ അതില്‍ വെള്ളം ചേര്‍ക്കാറില്ല.

കോൺഗ്രസ് നേതാവ്, കേരള പ്രതിപക്ഷ നേതാവ്

Latest