Ongoing News
രണ്ട് വര്‍ഷത്തിനുള്ളില്‍ കാണാതായത് 224 ആനകളെ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 224 ആനകളെ കാണാതായതായി വനം വകുപ്പിന്റെ കണക്കുകള്‍. നാട്ടിലെ ആവശ്യങ്ങള്‍ക്കായി എത്തിക്കുന്നവയെയാണ് കാണാതായിട്ടുള്ളത്. ഇവക്ക് അമിത ജോലി നല്‍കുകയും വേണ്ടപരിചരണവും ചികിത്സയും നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് തിരോധാനത്തിന് കാരണമായി പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2010ല്‍ ഇത്തരത്തിലുള്ള 705 ആനകളെയാണ് വനം വകുപ്പ് കണ്ടെത്തിയത്. ഇവയുടെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ അവയെ തിരിച്ചറിയുന്നതിനും സ്ഥലവും ജനന തീയതിയും വയസ്സും ഉയരവും ഭാരവും അറിയുന്നതിനും സാധിക്കും. വനം വകുപ്പിന്റെ കൈവശമുള്ള ഡേറ്റാ ബുക്കിലും ഇവയുടെ പേരും വയസ്സും ഉടമയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ടാകും. നിയമപരമായി അല്ലാതെ ആനകളുടെ ഉടമസ്ഥാവകാശം കൈമാറാന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടില്ല. പല ഉടമസ്ഥരും തങ്ങളുടെ ആനകളെ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാറില്ല. ഇതിന് പ്രധാന കാരണം ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ്. പല ആനകളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കില്ല എന്നതാണ് പ്രധാന കാരണം.
ഉത്സവങ്ങള്‍ക്കും വിനോദസഞ്ചാര പരിപാടികള്‍ക്കുമാണ് ആനയെ കൂടുതലായി ഉപയോഗിക്കുന്നത്. പുതിയതായി എത്തുന്ന ആനകളെ അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകരുതെന്നാണ് ചട്ടം. എന്നാല്‍ നിയമങ്ങള്‍ പല ഉടമസ്ഥരും പാലിക്കാറില്ല. പലരും വര്‍ഷത്തില്‍ എട്ട് മുതല്‍ 10 വരെ മാസങ്ങളില്‍ ദിവസം 12 മുതല്‍ 13 വരെ മണിക്കൂറുകള്‍ ആനയെ ജോലി ചെയ്യിക്കാറുണ്ട്.
ഒരു ദിവസം 50,000 മുതല്‍ ഒരു ലക്ഷം വരെ രൂപ ഉടമസ്ഥന് സമ്പാദിച്ച് നല്‍കാന്‍ ആനക്ക് കഴിയും. അതുകൊണ്ടുതന്നെ ഉടമസ്ഥര്‍ പലപ്പോഴും ആനകള്‍ക്ക് അമിത അധ്വാനം നല്‍കി വളരെ വേഗം രോഗാവസ്ഥയിലേക്ക് വീഴ്ത്തുകയാണ് പതിവ്.
ഒരു ദിവസം ആനയെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം. പകല്‍ സമയത്ത് ജോലി ചെയ്യുകയാണെങ്കില്‍ രാത്രിയിലും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഒരു സ്ഥലത്ത് മൂന്ന് ആനകളില്‍ കൂടുതല്‍ താമസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അവ ഒരു ദിവസം 20 കിലോമീറ്ററില്‍ കൂടുതല്‍ നടക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരം നിയമങ്ങളെല്ലാം തന്നെ പാലിക്കപ്പെടുന്നില്ല. കാണാതിയിട്ടുള്ള ആനകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.