Connect with us

Articles

അവധി നല്‍കിയത് ഉപരോധത്തിന് മാത്രം

Published

|

Last Updated

കേരളത്തിന്റെ സമരചരിത്രത്തിലെ ഏറ്റവും തീക്ഷ്ണവും ആവേശകരവും എന്നാല്‍ സമ്പൂര്‍ണ സഹനസ്വഭാവമുള്ളതുമായ സമരത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും കുടിവെള്ളവും ഭക്ഷണവും മുട്ടിച്ചും പ്രഭാത കൃത്യങ്ങള്‍ക്കുള്ള സൗകര്യം പോലും നിഷേധിച്ചും സമര വീര്യം തല്ലിക്കെടുത്താന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ കുടിലതകളെ സംഘശക്തിയുടെയും ഇച്ഛാശക്തിയുടെയും കൊടുമുടികള്‍ കൊണ്ട് കീഴടക്കി പോരാട്ട രംഗത്ത് ഉറച്ചുനിന്ന മുഴുവന്‍ എല്‍ ഡി എഫ് സമരഭടന്മാരെയും ആവേശത്തോടെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
ഉമ്മന്‍ ചാണ്ടി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു എല്‍ ഡി എഫ് സമരം. ഉമ്മന്‍ ചാണ്ടിയുടെ രാജി യാഥാര്‍ഥ്യമായില്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ കേരള ജനതയുടെ വികാരമാണ് എല്‍ ഡി എഫ് സമരത്തിലൂടെ പ്രകടമായത്. ഈ സമരമുന്നേറ്റത്തിന്റെ കുത്തൊഴുക്കില്‍ പേടിച്ചരണ്ടാണ് സെക്രട്ടേറിയറ്റ് പൂട്ടിയിടാന്‍ പോലും യു ഡി എഫ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സമരം നേരിടാനാകാതെ സര്‍ക്കാര്‍ ഒളിച്ചോടുകയായിരുന്നു. പ്രതിപക്ഷം മാത്രമല്ല, യു ഡിഎഫിലെ ഘടകകക്ഷികളില്‍ പലരും, അവരുടെ യുവജന വിഭാഗങ്ങളും മാധ്യമങ്ങള്‍ ഒന്നടങ്കവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ നിലയുറപ്പിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തിന്റെ സാക്ഷ്യപത്രവുമായി സെക്രട്ടേറിയറ്റ് ഉപരോധം.
സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന് മാത്രമാണ് ഇപ്പോള്‍ അവധി നല്‍കിയിട്ടുളളത്. അഴിമതിയുടെ ആള്‍രൂപമായി മാറിയ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റ് സമരങ്ങള്‍ ഇനിയും തുടരും. കാരണം ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചാല്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയില്ല. അതുപോലെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ തട്ടിപ്പിന് കളമൊരുക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അന്വേഷണമടക്കം ഉണ്ടാകണമെന്നത് നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം സത്യസന്ധവും നീതിപൂര്‍വകവും ആയിരിക്കണമെന്ന് ഞങ്ങള്‍ പറയുന്നത്. ഇതില്‍ എന്തെങ്കിലും കള്ളക്കളികള്‍ നടത്താന്‍ ശ്രമിച്ചാല്‍ എല്‍ ഡി എഫ് സമരം കൂടുതല്‍ ശക്തമായ രൂപഭാവങ്ങളിലേക്ക് മാറ്റും.
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും മുന്നില്‍ കുറ്റവാളിയായി നാണംകെട്ടു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം ഒഴിയണമെന്നത് കേരളത്തിലെ ഭൂരിപക്ഷമനസ്സിന്റെ വികാരമാണ്. ഇത് മനസ്സിലാക്കാന്‍ വൈകുംതോറും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഏറ്റവും വെറുക്കപ്പെട്ടവനും കളങ്കിതനുമായി മാറിക്കൊണ്ടിരിക്കും.

Latest