International
സിറിയയിലെ ജൗലാന്‍ കുന്നുകളില്‍ ഇസ്‌റാഈല്‍ ആക്രമണം
ദമസ്‌കസ്: സിറിയയിലേക്ക് ശക്തമായ സൈനിക നടപടിയുമായി വീണ്ടും ഇസ്‌റാഈല്‍. വിമതരില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ജൗലാന്‍ കുന്നുകളില്‍ ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ഇസ്‌റാഈല്‍ സൈനിക മേധാവികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍- സിറിയ അതിര്‍ത്തി പ്രദേശമായ ജൗലാന്‍ കുന്നുകളില്‍ സിറിയന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്‌റാഈലിന്റെ സൈനിക നടപടി. വിമതര്‍ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തുന്ന സിറിയന്‍ സൈന്യത്തിന് ഇസ്‌റാഈല്‍ ആക്രമണം തിരിച്ചടിയായേക്കും.
ജൗലാന്‍ കുന്നുകളിലെ സിറിയന്‍ സൈന്യത്തിന്റെ ക്യാമ്പുകള്‍ ലക്ഷ്യംവെച്ച് ഇസ്‌റാഈല്‍ സൈന്യം മൂന്ന് മിസൈല്‍ ആക്രമണം നടത്തിയതായും ആക്രമണത്തില്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നതായും ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി ഇസ്‌റാഈല്‍ അതിര്‍ത്തിയിലേക്ക് സിറിയന്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ സൈനിക മേധാവികള്‍ ആരോപിച്ചിട്ടുണ്ടെങ്കിലും സിറിയന്‍ സൈനിക വക്താക്കള്‍ ഇത് നിഷേധിച്ചു. ജൗലാന്‍ കുന്നുകളില്‍ അടുത്തിടെ സൈനിക നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സിറിയന്‍ സൈനിക മേധാവികളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 1967ല്‍ ജൗലാന്‍ കുന്നുകളിലേക്ക് ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആറ് ദിവസത്തെ യുദ്ധ സമാനമായ ആക്രമണത്തിന് ശേഷം സിറിയയുടെ 1,200 കിലോമീറ്റര്‍ ഭൂപ്രദേശം ഇസ്‌റാഈല്‍ അധീനപ്പെടുത്തിയിരുന്നു. വിമത പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന വേളയില്‍ സിറിയയിലേക്ക് അതിരഹസ്യമായി സൈനിക ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഇസ്‌റാഈല്‍ ഒരുക്കുന്നതെന്ന് സൂചനയുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുന്നത്.
അതിനിടെ, വിമത പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് സിറിയയിലെ ഇറാഖ് അതിര്‍ത്തിയിലേക്ക് പതിനായിരങ്ങള്‍ കൂട്ടപലായനം നടത്തുകയാണ്. രണ്ട് ദിവസത്തിനിടെ ഇരുപതിനായിരത്തോളം പേര്‍ ഇറാഖിലെ കുര്‍ദ് മേഖലയിലേക്ക് കടന്നതായി യു എന്‍ അഭയാര്‍ഥി ക്യാമ്പ് വക്താക്കള്‍ അറിയിച്ചു. യഥാര്‍ഥ കണക്ക് ഇതിലും അധികമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാഖിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അഭയാര്‍ഥികള്‍ക്കുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ സിറിയന്‍ കുര്‍ദുകളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉടലെടുത്തതോടെയാണ് അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായത്.