Connect with us

Ongoing News

നാലാം തലമുറ ഗള്‍ഫ് മലയാളി

Published

|

Last Updated

Janshatabdi_train_kerala_india-300x225നാലാം തലമുറ ഗള്‍ഫ് മലയാളികളെയാണ് നാമിപ്പോള്‍ തത്സമയം കണ്ടു കൊണ്ടിരിക്കുന്നത്. 2 ജിയും 3 ജിയും അവയുടെ പൂര്‍വപ്രതാപങ്ങളില്‍ തിളങ്ങിയും തളര്‍ന്നും നില നില്‍ക്കുകയോ അതിനേക്കാള്‍ കൂടുതല്‍ ദൗത്യത്തില്‍നിന്നും പിന്‍വാങ്ങുകയോ ചെയ്തിരിക്കുന്നു, ചെയ്തുകൊണ്ടിരിക്കുന്നു. സഊദി അറേബ്യയില്‍ നടപ്പിലാക്കിയ നിതാഖാതിന്റെയും കുവൈത്തില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന്റെയും പശ്ചാത്തലത്തില്‍ ഗള്‍ഫ് മലയാളത്തിന്റെ തലമുറ പരിശോധന കേരളീയരുടെ പൊതുബോധത്തെ റീ ഫ്രഷ് ചെയ്‌തേക്കും. 

പ്രവാസം എന്ന മലയാള പദത്തിനു ജീവിതഭാഷ്യം നല്‍കിയത് ഗള്‍ഫ് മലയാളികളാണ്. തൊഴില്‍ തേടിപ്പോയി വിദേശത്തു പാര്‍ക്കുന്നതല്ല പ്രവാസമെന്നും അഭയം തേടി ഒരു നാട്ടില്‍നിന്നു മറ്റൊരു നാട്ടിലേക്കുള്ള പലായനവും കുടിയേറ്റ വാസവുമാണ് പ്രവാസമെന്നും ഭാഷാ പണ്ഡിതന്‍മാരുടെ വിശദീകരണമുണ്ട്. പക്ഷേ, മലയാളി അനുഭവവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്ത ഒരു ജീവിതവും അതിലുമപ്പുറം ഭാഷാര്‍ഥത്തോട് ഏറെ ചേരുന്ന സ്വഭാവത്തിലുള്ള പലായനത്തിനു അവന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്ത ഒരു പരിസരം ഗള്‍ഫിലേക്കു കടല്‍ കടന്ന പ്രവാസികള്‍ക്കു പിന്നിലുണ്ട് താനും.
ഗള്‍ഫ് മലയാളത്തിന്റെ ഒന്നാം തലമുറ ഏതാണ്ട് ജീവിതത്തില്‍നിന്നു തന്നെ അനന്തപ്രവാസത്തിലേക്കു തിരിച്ചിരിക്കുന്നു. വിജയം വരിച്ച രണ്ടും മൂന്നും തലമുറകളാണ് ഗള്‍ഫ് മലയാളത്തിന്റെ അടയാളങ്ങളായി ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഗള്‍ഫ് പിടിവള്ളി കൊടുക്കാത്ത രണ്ടും മൂന്നും തലമുറ അംഗങ്ങള്‍ ഇതിനകം സ്വന്തം നാടുകളില്‍ തിരിച്ചെത്തി. പരാജയപ്പെട്ടില്ലെങ്കിലും വിജയം നേടാത്തവരും ഇവരില്‍ ഏറെയുണ്ട്. സഊദിക്കും കുവൈത്തിനും പുറമെ സമീപ ഭാവിയില്‍ മറ്റു ഗള്‍ഫ് നാടുകളില്‍നിന്നും പ്രതീക്ഷിക്കാവുന്ന “പുറത്താക്കലു”കളുടെ ഭീഷണിയില്‍ ഭയന്നു കഴിയുന്നവരിലും തിരികെപ്പോയവരിലും രണ്ടും മൂന്നും തലമുറകളിലെ വിജയിക്കാത്ത മനുഷ്യരെയാണ് കാണാനാകുക.
നാലാം തലമുറ ഗള്‍ഫ് മലയാളത്തില്‍ അപായങ്ങള്‍ കുറവാണ്. ആശ്രിതത്വം താരതമ്യേന പരിമിതമായ സ്വന്തം പരിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കരുത്തില്‍ ജോലിയിലും സംരംഭങ്ങളിലുമേര്‍പ്പെട്ട് ഗള്‍ഫിന്റെ റിയാലിറ്റിയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരാണിവര്‍. ജോലി നഷ്ടവും ബിസിനസ് വീഴ്ചയും ഇവര്‍ സാരമാക്കുന്നില്ല. ഗള്‍ഫ് ഭേദമില്ലാതെ എവിടെയും സംഭവിക്കാവുന്ന ആഘാതങ്ങളുടെ സ്വാഭാവികത തിരിച്ചറിയാന്‍ കഴിവുള്ളവരാണ് നാലാം തലമുറ. പഴയതു പോലെ കഫറ്റീരിയകളിലും ഗ്രോസറികളിലും പതിനാലും പതിനാറും മണിക്കൂറുകള്‍ പണിയെടുക്കാനല്ല, അഭ്യസിച്ച വിദ്യയുടെ ബലത്തില്‍ ഉയര്‍ന്ന തസ്തികകളിലേക്കും അവിദഗ്ധരെങ്കില്‍ പോലും എട്ടു മണിക്കൂര്‍ എക്‌സിക്യുട്ടീവ് ജോലിയും അന്വേഷിക്കുന്നതിന് നാലാംതലമുറ പാകപ്പെട്ടിരിക്കുന്നു. ഗള്‍ഫിലെയും നാട്ടിലെയും തൊഴില്‍ സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഇതിനിടയില്‍ വലിയ ഘടകമായി പ്രവര്‍ത്തിട്ടുണ്ട്. കല്‍പണിക്കാരന് നാട്ടില്‍ എട്ടു മണിക്കൂറിന് 600 രൂപ കൂലി കിട്ടുമ്പോള്‍ ഗള്‍ഫില്‍ അത് ലഭിക്കുന്നില്ലെന്നതാണ് അവിദഗ്ധ തൊഴിലിന്റെ വികാസ പരിണാമം. അതുകൊണ്ടു തന്നെ നിതാഖാത്തുകള്‍ ആശങ്ക സൃഷ്ടിക്കാത്ത, താരതമ്യേന സുരക്ഷിതവും യാഥാര്‍ഥ്യബോധങ്ങളുള്ളതുമായ ഒരു ഗള്‍ഫ് തൊഴില്‍ സംസ്‌കാരമായി നാലാം തലമുറ ഗള്‍ഫ് മലയാളി വികസിച്ചു വന്നിരിക്കുന്നു.
മൂന്നു തലമുറകളുടെ ഗതിമാറ്റങ്ങളെ അനുഭവിക്കുകയും അന്വേഷിക്കുകയും ചെയ്ത മലയാളികള്‍ നേടിയെടുത്ത തൊഴില്‍ പലായന സാക്ഷരതയുടെ ഫലം കൂടിയാണിത്. തിരിച്ചു പോയ ഗള്‍ഫുകാര്‍ തന്നെയാണ് ഈ പാഠത്തിന്റെ അധ്യാപകര്‍. ഗള്‍ഫ് എന്താണ് എന്നും എന്താകും എന്നും നിരീക്ഷിക്കാന്‍ കഴിഞ്ഞവര്‍ പ്രകടിപ്പിച്ച കാഴ്ചപ്പാടുകള്‍ പുതിയ തലമുറക്ക് വെളിച്ചം ലഭിക്കുന്നു. അനര്‍ഹമായത് നേടിയെടുക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കു വിധേയമാകുമ്പോഴും മലബാറിലെ ഗള്‍ഫ് മലയാളികള്‍, വിശിഷ്യാ മുസ്‌ലിം സമൂഹത്തിലേക്ക് ആഴ്ന്നു കിടക്കുന്ന ഗള്‍ഫ് പ്രവാസം പണിതെടുത്ത ചരിത്രവും വര്‍ത്തമാനവും അപഗ്രഥനം ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തില്‍ നടന്ന സാമൂഹിക പരിഷ്‌കരണങ്ങളും രാഷ്ട്രീയ നവോത്ഥാനങ്ങളുമല്ല, ഗള്‍ഫ് പ്രവാസം തന്നെയാണ് കേരളത്തെ പരിവര്‍ത്തിപ്പിച്ചതെന്നത് വെളിച്ചത്തു കൊണ്ടു വരുന്നത്, ഗള്‍ഫിലേക്കു വരുന്നവരും നാടു തന്നെ ഗള്‍ഫാക്കി മാറ്റുകയും ചെയ്യുന്ന ഈ നാലാം തലമുറയാണ്.

Latest