Eranakulam
ആനകളെ ചങ്ങലയില്‍ തളക്കരുതെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം: ആനകളുടെ സംരക്ഷണവും ജീവിതസൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കേരള വന്യമൃഗ സംരക്ഷണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം. ആനകളെ അമിതമായി ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും കവയിത്രി സുഗതകുമാരി അധ്യക്ഷയായ സമിതി ആവശ്യപ്പെട്ടു. ക്ഷേത്ര അധികൃതരുടെ നിയന്ത്രണത്തിലുള്ള ആനകളുടെ ജീവിത സൗകര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നത്. നല്ല വരുമാനമുള്ള ക്ഷേത്രങ്ങള്‍ പോലും ആനകളെ പുറത്ത് പരേഡുകള്‍ക്കും മറ്റ് ജോലികള്‍ക്കും അയക്കുന്നുണ്ടെന്നും ഇത് അനുവദിക്കരുതെന്നും സമിതി നിര്‍ദേശിച്ചു. തിടമ്പിനായി എഴുന്നള്ളിക്കുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ ആനപ്പുറത്ത് ഇരിക്കാന്‍ പാടുള്ളൂ. പ്രായമായതും അസുഖം ബാധിച്ചതുമായി അറുപത് ആനകളാണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്. എന്നാല്‍ 16 ഏക്കര്‍ സ്ഥലം മാത്രമാണ് ഇത്രയും ആനകളെ പാര്‍പ്പിക്കാനും ശുശ്രൂഷിക്കാനുമുള്ളത്. ഈ സ്ഥലം കൂടുതല്‍ വികസിപ്പിക്കണമെന്നും ആനകള്‍ക്ക് യഥേഷ്ടം ചലിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ സൗകര്യം ഒരുക്കണമെന്നും സമിതി നിര്‍ദേശിച്ചു.
ആനയെ കെട്ടുന്നതിന് ചകിരിയോ പ്ലാസ്റ്റിക്കോ കൊണ്ട് നിര്‍മിച്ച കയറുകള്‍ ഉപയോഗിക്കണം. ചങ്ങലകള്‍ ഒഴിവാക്കേണ്ടതാണ്. ഒഴുക്കുള്ള വെള്ളത്തിലായിരിക്കണം ആനകളെ കുളിപ്പിക്കേണ്ടത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിപ്പിച്ചാല്‍ പാദങ്ങളില്‍ രോഗം വരുന്നതിന് സാധ്യത വര്‍ധിക്കും. ആനകള്‍ക്ക് പഴം, പനയോല, ചക്കര എന്നിവയാണ് ആഹാരമായി നല്‍കേണ്ടത്. നിലവില്‍ പലരും പനംപട്ടമാത്രമാണ് ആഹാരമായി നല്‍കിവരുന്നത്. ആനക്ക് ആവശ്യമായ പനംപട്ട കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ ദേവസ്വം ബോര്‍ഡ് തന്നെ വളര്‍ത്തിയെടുക്കുന്നതിന് നടപടി സ്വീകരിക്കണം. പരിചരിക്കാന്‍ മദ്യപിച്ചെത്തുന്ന പാപ്പാന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ആനയെ പരിചരിക്കുന്ന കാര്യത്തില്‍ ചെയ്യാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് പാപ്പാന്‍മാര്‍ക്ക് പരിശീലനം നല്‍കണം. പാപ്പാന്‍മാരെ അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണം. ഓരോ പാപ്പാന്‍മാരും ആനകള്‍ക്ക് നല്‍കുന്ന പരിശീലനം വ്യത്യസ്ത രീതിയിലായിരിക്കും. അടിക്കടി പാപ്പാനെ മാറ്റുന്നത് ആനക്ക് ഇത്തരം കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കും. ദിവസം 12 മുതല്‍ 13 വരെ മണിക്കൂറുകള്‍ ആനയെ ജോലി ചെയ്യിക്കാറുണ്ട്. ഒരു ദിവസം ആനയെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിയമം. പകല്‍ സമയത്ത് ജോലി ചെയ്യുകയാണെങ്കില്‍ രാത്രിയിലും ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഒരു സ്ഥലത്ത് മൂന്ന് ആനകളില്‍ കൂടുതല്‍ താമസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഒരു ദിവസം 20 കിലോമീറ്ററില്‍ കൂടുതല്‍ നടത്തിക്കാന്‍ പാടില്ല. ഇത്തരം നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ടി എന്‍ പ്രതാപന്‍ എം എല്‍ എ, വനം വകുപ്പ് പ്രതിനിധി ഒ പി കലേര്‍, വന്യമൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള പി എസ് ഈശ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നിര്‍ദേശങ്ങള്‍ ദേവസ്വം അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.