Ongoing News
തിരക്കേറിയ 61 ജംഗ്ഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ തിരക്കേറിയ ദേശീയ പാതാ ജംഗ്ഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. 61 ജംഗ്ഷനുകളിലായി 96 ക്യാമറകള്‍ സ്ഥാപിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടമായാണ് ഇപ്പോള്‍ 96 എണ്ണം സ്ഥാപിക്കുന്നത്. ആദ്യ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. കെല്‍ട്രോണിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല. 17.41 കോടി രൂപയാണ് ഇതിന്റെ ചെലവ്. അടുത്ത പത്ത് മാസത്തിനുള്ളില്‍ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കാനാകുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.
സംസ്ഥാന റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നുള്ള തുക പദ്ധതിക്കായി പ്രയോജനപ്പെടുത്തും. തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം വരെയുള്ള തിരക്കേറിയ ജംഗ്ഷനുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. അപകട സാധ്യത കൂടുതലുള്ള ജംഗ്ഷനുകള്‍ക്ക് പ്രധാന പരിഗണന ലഭിക്കും. ക്യാമറ സ്ഥാപിച്ചു കഴിഞ്ഞാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ പേരില്‍ 23 തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയും.
റെഡ് ലൈറ്റ് തെറ്റിക്കുക, അമിത വേഗം, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീബ്ര ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തുക, ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുക, സീറ്റ് ബെല്‍ട് ധരിക്കാതെയുള്ള യാത്ര തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ നല്‍കുക.
ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനു പുറമെ റോഡില്‍ നടക്കുന്ന മറ്റ് കുറ്റകൃത്യങ്ങളും പോലീസിന് ഇത്തരം ക്യാമറകളിലൂടെ നിരീക്ഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും കഴിയും. നിലവില്‍ ദേശീയ പാതയില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലും ചേര്‍ത്തല-മണ്ണൂത്തി പാതയിലും മാത്രമാണ് 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ കോഴിക്കോട്ടും ക്യാമറകള്‍ പ്രവര്‍ത്തമമാരംഭിക്കും.