Idukki
പി സി ജോര്‍ജിന് നേരെ ചീമുട്ടയേറ്
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ നിന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ തൊടുപുഴ ഗവ. ഗേള്‍സ് സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. ജോര്‍ജിന്റെ ഔദ്യോഗിക വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്ത 50 അംഗ സംഘം അദ്ദേഹത്തിന് നേരെ തുടരെ ചീമുട്ടയെറിയുകയും ചെയ്തു. അര്‍ബന്‍ ബേങ്ക് ഹാളില്‍ കേരള പുലയര്‍ മഹാസഭയുടെ അയ്യങ്കാളി ജന്‍മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രതിഷേധം.
യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യൂത്ത് കോണ്‍ഗ്രസ് സംഘം സമ്മേളന ഹാളിന് മുന്നില്‍ തമ്പടിച്ചിരുന്നു. പി സി ജോര്‍ജിനോടൊപ്പം ചില നേതാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ജോര്‍ജിന്റെ വാഹനം അര്‍ബന്‍ ബേങ്ക് ഹാളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിവരും വഴി യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ജിയോ മാത്യു, കെ എസ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പളളി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ചീറിയടുക്കുകയായിരുന്നു. വന്‍ പോലീസ് സംഘം നോക്കിനില്‍ക്കെയായിരുന്നു ചീഫ് വിപ്പിന് നേരെയുളള ആക്രമണം. ജോര്‍ജിനെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് തുരുതുരെ ചീമുട്ട എറിയുകയായിരുന്നു. ഇതോടെ പാലാ വഴിക്ക് പോകാനിരുന്ന ജോര്‍ജിന്റെ വാഹനം മൂവാറ്റുപുഴ ഭാഗത്തേക്ക് തിരിച്ചുവിട്ടു. ഇതിനിടെ മറ്റൊരു വാഹനം എതിരെ വന്ന് ജോര്‍ജിന്റെ കാറിന് മുന്നില്‍ നിര്‍ത്തി. ഈ തക്കം നോക്കി പിന്നാലെ പാഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനം അടിച്ചും കല്ലെറിഞ്ഞും തകര്‍ക്കാന്‍ ശ്രമിച്ചു. സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ എം മാണി ആരോപിച്ചു.