Articles
സര്‍ക്കാറുകളേ, നിങ്ങള്‍ക്ക് അജ്ഞാതരാണ് ഞങ്ങള്‍
വെള്ളക്കാരെ ആട്ടിപ്പായിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടില്‍ അധികാരം കൈയാളി വരുന്ന രാജാക്കന്‍മാരോട് അറുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ രണ്ട് ചോദ്യങ്ങള്‍: “പണിയെടുത്ത് പണം കൊണ്ടുവരാനായി നാം നാട് കടത്തിയ പൗരന്‍മാര്‍ എത്ര പേര്‍ ഏതെല്ലാം നാട്ടില്‍ കഴിയുന്നുണ്ട്? അവരുടെ ജീവാവസ്ഥയെന്താണ്?”.
വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചും മറിച്ചും നോക്കുകയും പിന്നെ കള്ളന്മാരോടെന്ന പോലെ കള്ളക്കണ്ണിട്ട് മുഖത്തേക്കും പാസ്‌പോര്‍ട്ടിലെ ചിത്രത്തിലേക്കും മാറിമാറി ദൃഷ്ടി പായിക്കുകയും പിന്നെയും കുറേ ചോദ്യങ്ങളുന്നയിച്ച് നെഞ്ച് പിടപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ “ദേശസ്‌നേഹപരമായ” അധ്വാനം കണ്ടു നമ്മള്‍ ധരിച്ചുവെച്ചിട്ടുണ്ട്, ചോദിച്ചറിഞ്ഞ വിവരങ്ങളൊക്കെയും അവിടെ രേഖപ്പെടുത്തി വെക്കുകയും എന്റെ രാജ്യം എന്നെ ഉത്തരവാദിത്വത്തോടെ യാത്രയയക്കുകയും ചെയ്തിട്ടുണ്ടെന്ന്.
വിദേശ രാജ്യത്ത് വന്നിറങ്ങി ആളും അര്‍ഥവുമില്ലാത്ത മരുഭൂമിയുടെ കോണുകളിലോ നിറയെ ആളുകളുണ്ടെങ്കിലും അറിയുന്നവരാരുമില്ലാത്ത കോണ്‍ക്രീറ്റ് കാടുകള്‍ക്കു നടുവിലോ ജീവിക്കുമ്പോഴോ പരിചയക്കാര്‍ക്കിടയിലും ഏതെങ്കിലുമൊരു സമയത്ത് എവിടെയങ്കിലും ആരുമറിയാതെ വീണു പോകുകയോ ചെയ്താല്‍ ഞങ്ങളുടെ സമാധാനം, പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ ലേബര്‍ കാര്‍ഡോ ഒരു തുണ്ട് കടലാസോ കിട്ടിയാലും സര്‍ക്കാറിന് ഞങ്ങളുടെ നാടും വീടും നാട്ടുകാരെയും അറിയാന്‍ പണിയുണ്ടാകില്ലെന്നും സമാധാനിച്ചിട്ടുണ്ട്. ഒരു നമ്പര്‍ അടിച്ചു കൊടുത്താല്‍ സ കല വിവരവും കിട്ടുന്ന കമ്പ്യൂട്ടര്‍ കാലത്താണല്ലോ ജീവിക്കുന്നതെന്ന് എല്ലാവരും പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതെയിരിക്കും? പാസ്‌പോര്‍ട്ടിന്റെ ചട്ട പിടിച്ച് ഒരു യന്ത്രത്തിന്റെ ചാലിലൂടെയിട്ട് ഒരു വലി വലിച്ചാല്‍ മുഴുവന്‍ വിവരങ്ങളും കിട്ടുന്ന കാലമല്ലേ? മാശാ അല്ലാഹ്.
പാവപ്പെട്ട പ്രവാസികള്‍ ഇങ്ങനെയൊക്കെ വിചാരിച്ചാണ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് പുറത്തേക്കും അകത്തേക്കും കയറന്നത്. അതുകൊണ്ട് മലപ്പുറത്ത് എവിടെ എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥനോട് “പുത്തനത്താണി നാലാം കല്ല് സര്‍ക്കാര്‍ സ്‌കൂളിന്റെ പിറകു വശത്ത് ഓടിട്ട വീട്” എന്ന് വളരെ കൃത്യമായി പറഞ്ഞു കൊടുക്കും ഞങ്ങള്‍. ചിലപ്പോള്‍ ഒരു ഉറപ്പിന് സാര്‍ അവിടെ അറിയുമോന്നും ചോദിക്കും. എന്നാല്‍ ഇതൊന്നുമല്ല കഥ. നമ്മുടെ കേന്ദ്ര സര്‍ക്കാറിന്റെ കൈവശരം എയര്‍പോര്‍ട്ട് കടന്നു പോയവരെക്കുറിച്ച് ഒരു വിവരവുമില്ല എന്ന്. എവിടെപ്പോയെന്നോ എന്തിന് പോയെന്നോ ആരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പോയെന്നോ അറിയില്ല. ഇത്രയും കാലമായി എത്ര പേര്‍ പോയെന്നോ എത്ര പേര്‍ മരിച്ചെന്നോ തിരിച്ചു വന്നെന്നോ അറിയില്ല. അറിയാന്‍ വകുപ്പില്ലാഞ്ഞിട്ടല്ല. കുന്ദംകുളത്തു നിന്നും കോഴിക്കോട്ടേക്ക് കെ എസ് ആര്‍ ടി സി ബസിലോ പാണ്ടിലോറിയിലോ കയറിപ്പോകുന്നതു പോലെ വരുന്നവരല്ല പ്രവാസികള്‍. പൗരരേഖയില്‍ പ്രഥമമായി പരിഗണിക്കുന്ന പാസ്‌പോര്‍ട്ട് ആധാരമാക്കി, വിദേശ രാജ്യത്തെ ഒരു പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിക്കുന്ന വിസയില്‍, എത്തിപ്പെടുന്ന സ്ഥലത്തിന്റെ സകല വിവരങ്ങളും രേഖപ്പെടുത്തി ദേഹപരിശോധനയുള്‍പ്പെടെയുള്ള മുഴുവന്‍ സുരക്ഷാ പരിശോധനയും കഴിഞ്ഞ് അതിര്‍ത്തി കടക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ രാജ്യത്തു നിന്നു പുറത്തു പോയിട്ടുണ്ടെന്ന് സര്‍ക്കാറിനറിയാം. പക്ഷേ, ബാക്കിയറിയയില്ല, അറിയണമെന്ന് വിചാരിച്ചിട്ടില്ല, അങ്ങനെ വിചാരിക്കാന്‍ മാത്രം ഈ രാജ്യത്തിന്റെ പൗരന്മാരായി ഞങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല.
റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടിമാറ്റപ്പെട്ടു, നാട് കടത്തപ്പെട്ടവരാണ് ഞങ്ങള്‍. വോട്ടര്‍ പട്ടികയിലും ഞങ്ങള്‍ക്കു പേരില്ല. അനുവദിച്ചു കിട്ടിയ ഭാഗികമായ വോട്ട്, അവകാശം മാത്രമാണ് അനുഭവിക്കാനുള്ളതല്ല. ആധാര്‍ കാര്‍ഡിലും മറ്റാധാര പ്രമാണങ്ങളിലൊന്നും ഞങ്ങള്‍ക്ക് സ്ഥാനമില്ല. അതുകൊണ്ടു ഞങ്ങള്‍ എവിടെപ്പോകുന്നുവെന്ന് സര്‍ക്കാറുകള്‍ വിഷാദപ്പെടേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പക്കലുള്ള ഏക കണക്ക്, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കപ്പെട്ട അവിദഗ്ധ തൊഴിലാളികളുടെതും വീട്ടുജോലിക്കാരുടെതുമാണ്. പത്താം തരം ജയിക്കാത്തവര്‍ പാസ്‌പോര്‍ട്ടെടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന “ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുണ്ട്” എന്ന സാങ്കേതികത്വം മറി കടക്കാനായി സമീപിക്കുമ്പോള്‍ നല്‍കുന്ന ക്ലിയറന്‍സ് സീലിനു വേണ്ടി രേഖപ്പെടുത്തി വെച്ച കണക്കാണിത്.
അതുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്ക് അജ്ഞാതരാണ്. പ്രവാസികളെക്കുറിച്ച് ലക്ഷങ്ങളുടെ മൊത്തക്കണക്കാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാറുകളുടെ പക്കലുള്ളത്. വിദേശ രാജ്യങ്ങളിലെ എംബസികള്‍ കണക്കെടുപ്പിന് ശ്രമം നടത്തുന്നുണ്ട്. ഫലമില്ലാത്ത അധ്വാനമാണിത്. എയര്‍പോര്‍ട്ടില്‍ നിന്നും വിമാനപ്പടികള്‍ കയറുമ്പോള്‍ ചെയ്തു വെക്കാവുന്ന, വിദേശ രാജ്യങ്ങളുമായുണ്ടാക്കുന്ന ധാരണയില്‍ ഓരോ രാജ്യത്തെയും എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുമ്പോള്‍ രേഖപ്പെടുത്തിവെക്കാവുന്ന വിവരങ്ങളായിട്ടും ഞങ്ങള്‍ അജ്ഞാതരും അനാഥരുമാക്കപ്പെടുകയാണ്. ഒരു കാര്യത്തില്‍ സര്‍ക്കാറുകള്‍ക്ക് ക്ലിപ്തതയുള്ളതില്‍ സമാധാനിക്കാം. പ്രവാസികള്‍ ഓരോ മാസവും നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്ക് കൃത്യമാണ്. ഹവാലയായി നാട്ടിലേക്കു വരുന്ന പണം പോലും സര്‍ക്കാര്‍ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. അജ്ഞാത ശവത്തിന്റെ കുപ്പായക്കീശയിലെ ചില്ലറക്കാശെടുത്ത് പോക്കറ്റിലിടുന്നവരെപ്പോലെ നമ്മുടെ സര്‍ക്കാറുകള്‍ പണവരവിന്റെ കണക്കു സൂക്ഷിക്കുന്നു.
പ്രവാസികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാകുമെന്ന് കേരള സാമൂഹികക്ഷേമ മന്ത്രി എം കെ മുനീര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിക്കുന്നു. കുടുംബശ്രീയാണത്രെ കണക്കെടുപ്പ് നടക്കുന്നത്. “ഗള്‍ഫില്‍” എന്നതിനപ്പുറത്തേക്ക് ഒരു വിവരവും കുടുംബശ്രീ സഖികള്‍ക്ക് രേഖപ്പെടുത്താനാകില്ലെന്നു തന്നെ അനുമാനിക്കേണ്ടി വരുന്നു. അപ്പുറം കടന്നാല്‍ ഒട്ടുമിക്ക ഗള്‍ഫുകാരും “ദുബൈയിയിലാ”യിരിക്കും. യു എ ഇയില്‍ തന്നെ റാസല്‍ഖൈമയിലോ ഉമ്മുല്‍ഖുവൈനിലോ ഏതെങ്കിലും മുക്കുമൂലകളിലോ ജീവിക്കുന്ന പ്രവാസി ദുബൈയില്‍ സുഖവാസത്തിലെന്നു രേഖപ്പെടുത്തപ്പെടും. ഖോബാറിലെയും ഖമീസിലെയും തെരുവുകളില്‍ അടിച്ചു തളിച്ചു ജീവിക്കുന്നവര്‍ ജിദ്ദയിലോ ദമാമിലോ എന്നോ വിശാലമായി സഊദിയിലെന്നോ എഴുതിവെക്കപ്പെട്ടേക്കാം. ഗള്‍ഫിനെക്കുറിച്ചുള്ള മലയാളിയുടെ പൊതുബോധം ഇങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടാണിത്.
അപ്പോഴും ഞങ്ങള്‍ അജ്ഞാതരായി തുടരുക തന്നെയാണ്. ഇവിടെ ഞങ്ങള്‍ ലോകത്തെ പല പല രാജ്യക്കാരെയും കണ്ടുമുട്ടാറുണ്ട്. അവരുടെ എംബസികളില്‍ അവരുടെ മൊബൈല്‍ നമ്പറുള്‍പ്പെടെ മുഴുവന്‍ വിവരങ്ങളുമുണ്ട്. നാളുകളായി നാടുമായി സമ്പര്‍ക്കമില്ലെന്നു പരാതി കിട്ടിയാല്‍ എംബസികളില്‍നിന്നു വിളി വരും. ആളെ കിട്ടിയില്ലെങ്കില്‍ സ്‌പോണ്‍സറോട് അന്വേഷിക്കും. പൗരനു ലഭിക്കുന്ന സംരക്ഷണത്തിന്റെ കരുതലാണിത്. അവര്‍ അവരുടെ എംബസികളില്‍ പോയി അവരെ ഭരിക്കേണ്ടവര്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്താറുമുണ്ട്. അവര്‍ക്ക് അവരുടെ രാജ്യത്തോട് കടപ്പാടുമുണ്ട്. പക്ഷേ, ഞങ്ങള്‍ അജ്ഞാതര്‍ക്ക് ഇങ്ങനെ അവകാശങ്ങളൊന്നുമില്ലല്ലോ. ഇതൊക്കെ പറയുമ്പോള്‍ ചിരി പടരുന്ന പ്രവാസികള്‍ യഥേഷ്ടമുണ്ടാകും. പ്രവാസികളില്‍ മേല്‍ത്തട്ടും കീഴ്ത്തട്ടും ഇടത്തട്ടുമുണ്ട്. മേല്‍ജാതികള്‍ക്കും ഇടജാതികള്‍ക്കും പലപ്പോഴും ബാധകമല്ലാത്തതാണ് പ്രവാസികളുടെ അജ്ഞാത ജീവിതങ്ങള്‍.
ta.aliakbar@gmail.com