Gulf
വിവാഹ സദ്യയില്‍ ഭക്ഷ്യവിഷബാധ; അറുപതോളം പേര്‍ ചികിത്സ തേടി

മസ്‌കത്ത്: വിവാഹ സത്കാരത്തിനിടെ സംഭവിച്ച ഭക്ഷ്യ വിഷബാധയേറ്റ് 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം റുസ്താഖിനു സമീപമുള്ള ഒരു ഗ്രാമിത്തിലെ സ്വദേശി വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടാത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ അപകടനില തരണം ചെയ്തതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നതായും അധികൃതര്‍ പറഞ്ഞു.
വിഷബാധയേറ്റവരെ റുസ്താഖ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭൂരിഭാഗം പേരെയും പ്രഥമ ശുശ്രൂഷ നല്‍കി മണിക്കൂറുകള്‍ക്കകം വീടുകിലേക്കു അയച്ചതായി ഈ പ്രദേശത്തു നിന്നുള്ള ശൂറ കൗണ്‍സില്‍ അംഗം അലി ബിന്‍ സഈദ് അല്‍ അബ്‌രി പറഞ്ഞു. ഒമാന്‍ അറബി പത്രമാണ് ഇന്നലെ ഭക്ഷ്യവിഷബാധ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിഷബാധയേറ്റവരില്‍ കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചവരെ ആറു മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമാണ് വിട്ടയച്ചത്. കൂടുതല്‍ അസ്വസ്ഥതയുണ്ടായ ഏതാനും പേര്‍ മാത്രം ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു.
ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിവാഹ സത്കാരത്തില്‍ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചു പരിശോധിച്ചു. ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്തതാകാം വിഷബാധക്കു കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍.
അടുത്ത കാലത്തായി സര്‍ക്കാര്‍ ഏജന്‍സികളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പരിശോധനയില്‍ ഗുണമേന്മയില്ലാത്ത നിരവധി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. ബാത്തിന പ്രദേശത്തു നിന്ന് ടണ്‍ കണക്കിന് കേടുവന്ന ഉരുളക്കിഴങ്ങുകളാണ് കണ്ടെടുത്തത്. ഇത്തരം ഉത്പന്നങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടാകാമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ദേശീയ കേന്ദ്രത്തിന് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. രാജ്യവ്യാപാകമായി ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം നടപടികള്‍ ശക്തമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നാഷണല്‍ ഫുഡ് ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയും നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.