Connect with us

Ongoing News

പരിക്രം യാത്ര: വി എച്ച് പി നേതാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

 അയോധ്യ: പരിക്രം യാത്രക്ക് നേതൃത്വം കൊടുക്കാന്‍ അയോധ്യയിലെത്തിയ വി എച്ച് പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, മുന്‍ എം പി രാംവിലാസ് വേദാന്തി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ നടപടികളുടെ ഭാഗമായാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.

വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരികര്‍മ യാത്രയ്ക്കു മുന്നോടിയായി അയോധ്യയില്‍ കനത്ത് സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയത്. 850 വി എച്ച് പി പ്രവര്‍ത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. അയോധ്യയില്‍ മാത്രം ആറായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഫൈസാബാദിലെ പത്തു സ്‌കൂളുകള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റിയിട്ടുണ്ട്.

വി എച്ച് പി നേതാവ് അശോക് സിംഗാള്‍, രാംവിലാസ് വേദാന്തി, പ്രവീണ്‍ തൊഗാഡിയ എന്നിവരടക്കം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളായ എഴുപത് പേര്‍ക്കെതിരെ വെള്ളിയാഴ്ച ഫൈസാബാദ് ജില്ലാ ഭരണകൂടം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരെ കൂടാതെ മൂന്നൂറ് പേര്‍ക്കെതിരെക്കൂടി ഇന്നലെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നവരെ താത്കാലിക ജയിലുകളിലേക്ക് മാറ്റുമെന്ന് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് വിപിന്‍കുമാര്‍ ദ്വിവേദി പറഞ്ഞു. നിരവധി പേരെ മുന്‍കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ധ സൈനിക വിഭാഗം അയോധ്യയില്‍ ഫല്‍ഗ് മാര്‍ച്ച് നടത്തിയിരുന്നു.

അയോധ്യയിലേക്കും ഫൈസാബാദിലേക്കും പ്രവേശിക്കുന്നതില്‍നിന്ന് വിഎച്ച്പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരിക്കുകയാണ്. യാത്രയില്‍ പങ്കെടുക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാക്കളുടെ സാന്നിധ്യം ശക്തമാണ്. 1990കളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു കാരണമായ രാമജന്മഭൂമി വിവാദം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി സജീവമാക്കാനാണ് ബിജെപി അടക്കമുള്ള സംഘ പരിവാര്‍ സംഘടനകളുടെ നീക്കം.

 

Latest