Connect with us

Kerala

എം എല്‍ എമാരുടെ വാഹനങ്ങളില്‍ നെയിം ബോര്‍ഡിന് വിലക്ക്

Published

|

Last Updated

കണ്ണൂര്‍: എം എല്‍ എമാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നെയിം ബോര്‍ഡ് വെക്കുന്നത് വിലക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഉത്തരവ്. മന്ത്രിമാരുടെയും കേരള സര്‍ക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാഹനങ്ങളില്‍ മാത്രമാണ് നെയിം ബോര്‍ഡ് വെക്കാനുള്ള അനുമതിയുള്ളത്. മന്ത്രിമാരുടെ വാഹനങ്ങളില്‍ അവരവര്‍ക്ക് അനുവദിച്ച നമ്പറും കേരള സര്‍ക്കാറെന്നും വെക്കാം. ചുവന്ന പ്രതലത്തില്‍ വെള്ളയിലാണ് നമ്പര്‍ പതിക്കേണ്ടത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ കേരള സര്‍ക്കാറെന്നും വകുപ്പുകളുടെ പേരും ചേര്‍ക്കണം. വാഹനത്തിന്റെ മുന്‍വശത്ത് കേരള സര്‍ക്കാറെന്നും പിന്‍ഭാഗത്ത് വൃത്താകൃതിയില്‍ ചുവന്ന പ്രതലത്തില്‍ വെള്ള നിറത്തില്‍ വകുപ്പിന്റെ പേരും രേഖപ്പെടുത്തിയിരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കില്‍ മുന്‍വശത്ത് നീല പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ കേരള സര്‍ക്കാര്‍ അണ്ടര്‍ടേക്കിംഗ് എന്നും പിന്‍ഭാഗത്ത് വൃത്താകൃതിയില്‍ നീല പ്രതലത്തില്‍ കറുത്ത അക്ഷരത്തിലായി സ്ഥാപനത്തിന്റെ പേരും ചേര്‍ക്കണം. പ്രസ്സ് സ്റ്റിക്കര്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. സഹകരണ സ്ഥാപനങ്ങള്‍ അവരുടെ വാഹനത്തില്‍ ബോര്‍ഡുകള്‍ വെക്കുന്നത് നിരോധിച്ചിട്ടുണ്ട്. പദവികള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ക്കും നിരോധമുണ്ട്. ഗതാഗതക്കുരുക്കുകളില്‍ നിന്നും പരിശോധനകളില്‍ നിന്നും ഒഴിവാകുന്നതിനുവേണ്ടിയാണ് പലരും അനധികൃതമായി നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

Latest