Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ആഘോഷമാക്കാന്‍ നാടൊരുങ്ങി

Published

|

Last Updated

മഞ്ചേരി: ആരോഗ്യമേഖലയില്‍ ജില്ലക്ക് അഭിമാനമാകുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി. പന്തലിന്റെയും വേദിയുടെയും നിര്‍മാണം പൂര്‍ത്തിയായി. 12 മന്ത്രിമാരും ജില്ലയിലെ മുഴുവന്‍ എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുക്കും. ആഘോഷം വര്‍ണാഭമാക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം നഗരത്തിലെ കടകമ്പോളങ്ങളും കെട്ടിടങ്ങളും ദീപാലങ്കൃതമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം വിവിധ സംഘടനകളും ക്ലബ്ബുകളും സ്വന്തം നിലയില്‍ കമാനങ്ങള്‍ സ്ഥാപിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം നഗരത്തിലെ കടകളെല്ലാം കൊടി തോരണങ്ങളാല്‍ മനോഹരമാക്കി കഴിഞ്ഞു. മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അഡ്വ. എം ഉമ്മര്‍ എം എല്‍ എക്ക് അഭിവാദ്യമര്‍പ്പിച്ച് മഞ്ചേരി നിയോജക മണ്ഡലത്തിലുടനീളം ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രിയുടെ അത്യാഹിത വിഭാഗമുള്‍പ്പെടെ വിവിധ വാര്‍ഡുകള്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികള്‍ ചെയ്തു തുടങ്ങി. മെഡിക്കല്‍ കോളജില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പതിനൊന്ന് വിദ്യാര്‍ഥികളും കൂടി പ്രവേശനം നേടിയതോടെ 84 പേര്‍ പ്രഥമ എം ബി ബി എസ് ബാച്ചിലെ പഠിതാക്കളായി. അഖിലേന്ത്യാ ക്വാട്ടയിലുള്ള എം ബി ബി എസ് പ്രവേശനം ഇന്നത്തോടെ പൂര്‍ത്തിയാകും. ഗവ. മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ സ്വീപ്പര്‍ തസ്തികയില്‍ ആറുപേരെ നിയമിച്ചു. ആറു മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് ഇവരുടെ നിയമം. സ്വീപ്പര്‍മാരെ നിയോഗിക്കാന്‍ കോളജ് അധികൃതര്‍ നേരത്തെ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു. കരാര്‍ അടിസ്ഥനത്തില്‍ നിയമിക്കുന്ന രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ലാബ് അനാട്ടമി അറ്റന്റര്‍മാര്‍, രണ്ടു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ ദിവസം കോളജ് ഓഫീസില്‍ നടന്നിരുന്നു. വിദ്യാര്‍ഥികളുടെ പഠന മുറിയിലേക്ക് മുപ്പത് മേശ, നൂറ്റമ്പതിലധികം കസേരകള്‍, പത്ത് ടൈനിംഗ് ടേബിള്‍, മുപ്പത് സ്റ്റൂള്‍, പതിനാറ് അലമാര, ആറ് സ്റ്റീല്‍ റാക്ക് എന്നിവ എത്തിയിട്ടുണ്ട്. അതേസമയം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നുമുള്ള ഫഌക്‌സു ബോര്‍ഡുകള്‍ നഗരത്തിലെ പ്രധാന കവലകളില്‍ ഉയര്‍ന്നതും മുഖ്യമന്ത്രിയെ തടയാനെത്തുന്നവരെ കായികമായി നേരിടുമെന്ന ചില സംഘടനകളുടെ പ്രസ്താവനകളും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുന്നതിന് ഓരോ ബ്രാഞ്ചുകളില്‍ നിന്നും എട്ടു വീതം പ്രവര്‍ത്തകരെ സി പി എം നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ട്രാഫിക് നിയന്ത്രണത്തിനും ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പിമാര്‍, സി ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സായുധ പോലീസ് സജ്ജമാണ്.