Sports
യു എസ് ഓപണ്‍: ഫെഡറര്‍, ജൊകോവിച് രണ്ടാം റൗണ്ടില്‍
ന്യൂയോര്‍ക്ക്: യു എസ് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍, നൊവാക് ജൊകോവിച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ വനിതാ സിംഗിള്‍സില്‍ വിക്‌ടോറിയ അസരെങ്കയും കരോലിന്‍ വോസ്‌നിയാക്കിയും രണ്ടാം റൗണ്ടിലെത്തി. മുന്‍ വനിതാ ചാമ്പ്യന്‍ സാമന്ത സ്റ്റോസര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
പതിനെട്ടാം ഗ്രാന്‍സ്ലാം ലക്ഷ്യമിടുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആദ്യ റൗണ്ടില്‍ മറികടന്നത് സ്ലൊവേനിയയുടെ ഗ്രെഗ സെല്‍ജയെ. 6-3,6-2,7-5നായിരുന്നു ഫെഡററുടെ ജയം. ഇത്തവണ ഏഴാം സീഡായിട്ട് മത്സരിക്കുന്ന മുപ്പത്തിരണ്ടുകാരന്‍ തികഞ്ഞ ഫോമിലല്ല. ഫെഡറര്‍ക്ക് ഇനിയൊരു ഗ്രാന്‍സ്ലാം വിജയം സാധ്യമാകില്ലെന്ന വിലയിരുത്തലാണ് പൊതുവെ. എന്നാല്‍, ചാരത്തില്‍ നിന്നുയരാനുള്ള മനസുമായി ഫെഡറര്‍ പൊരുതുകയാണ്. രണ്ടാം റൗണ്ടില്‍ അര്‍ജന്റീനയുടെ കാര്‍ലോസ് ബെര്‍ലോകാണ് എതിരാളി.
തുടരെ അമ്പത്താറ് ഗ്രാന്‍സ്ലാം കളിച്ച വെയിന്‍ ഫെറേറയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്താനും ഫെഡറര്‍ക്ക് സാധിച്ചു. അവസാനം കളിച്ച പതിനാല് ഗ്രാന്‍സ്ലാമുകളില്‍ ഒന്നില്‍ മാത്രമാണ് ഫെഡറര്‍ക്ക് ജയിക്കാനായത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിലെ പുല്‍ത്തകിടിയിലായിരുന്നു ടെന്നീസ് രാജാവിന്റെ കിരീടച്ചിരി അവസാനമായി കണ്ടത്.
ഇത്തവണ വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ ഫെഡറര്‍ 2003ല്‍ ആദ്യ ഗ്രാന്‍സ്ലാം ജയിച്ചതിന് ശേഷം രണ്ടാം റൗണ്ടില്‍ തോല്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു.
യു എസ് ഓപണിലെ ആദ്യ റൗണ്ടിന് ശേഷം ഫെഡറര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിചാരിച്ചതു പോലെ കളിക്കാന്‍ സാധിച്ചു. ഇത് നല്‍കുന്ന ആത്മവിശ്വാസം ഏറെയാണ്- ഫെഡറര്‍ പറഞ്ഞു. രണ്ടാം സീഡായ റാഫേല്‍ നദാലും ഫെഡററും ക്വാര്‍ട്ടറില്‍ കണ്ടുമുട്ടുന്ന രീതിയിലാണ് ഫിക്‌സ്ചര്‍. ടെന്നീസ് ലോകം കാത്തിരിക്കുകയാണ്. യു എസ് ഓപണില്‍ ഇതുവരെ ഫെഡറര്‍-നദാല്‍ അങ്കം പിറന്നിട്ടില്ല.
ടോപ് സീഡായ നൊവാക് ജൊകോവിച് ഏഴാം ഗ്രാന്‍സ്ലാം കിരീടം തേടിയുള്ള തുടക്കം ഗംഭീരമാക്കി. സെര്‍ബ് താരം 6-1, 6-2, 6-2ന് ലിത്വാനിയന്‍ റിക്കാര്‍ഡസ് ബെറാങ്കിസിനെ കീഴടക്കി.
ബ്രേക്ക് പോയിന്റുകള്‍ നേടുന്നതില്‍ വിജയിച്ച ജൊകോവിച് മത്സരം തന്റെ നിയന്ത്രണത്തിലാക്കി. പത്ത് എയ്‌സുകളും 28 വിന്നേഴ്‌സും പായിച്ചാണ് ജൊകോവിച് ഫോം പ്രദര്‍ശിപ്പിച്ചത്. 82 മിനുട്ടിലാണ് ജയം. ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കറാണ് രണ്ടാം റൗണ്ട് എതിരാളി. 2011 ല്‍ യു എസ് ഓപണ്‍ സ്വന്തമാക്കിയ ജൊകോവിച് കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെക്ക് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞ മാസം വിംബിള്‍ഡണ്‍ ഫൈനലിലും ജൊകോവിച് ആന്‍ഡി മുറെയോട് പരാജയപ്പെട്ടിരുന്നു.
വനിതകളില്‍ 2011 യു എസ് ഓപണ്‍ ജേതാവായ ആസ്‌ത്രേലിയന്‍ താരം സാമന്ത സ്റ്റോസറിനെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത് അമേരിക്കയുടെ യുവതാരം വിക്‌ടോറിയ ഡുവല്‍. 5-7, 6-4,6-4 നാണ് യോഗ്യതാ റൗണ്ടിലൂടെ വന്ന ഡുവലിന്റെ വിജയം. രണ്ടര മണിക്കൂറിലേറെ മത്സരം നീണ്ടു. ഡുവലിന്റെ രണ്ടാമത്തെ മാത്രം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റാണിത്. കഴിഞ്ഞ വര്‍ഷം യു എസ് ഓപണിലായിരുന്നു ഗ്രാന്‍സ്ലാം അരങ്ങേറ്റം.
മുന്‍ ലോക ഒന്നാം നമ്പറായ ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിക്ക് ആദ്യ റൗണ്ട് പ്രതീക്ഷിച്ച പോലെ എളുപ്പമായില്ല. യോഗ്യതാ റൗണ്ട് കടന്നെത്തിയ ചൈനീസ് താരം ഡുവാന്‍ യിന്‍യിംഗിനെ 2-6, 5-7നാണ് കരോലിന്‍ തോല്‍പ്പിച്ചത്. രണ്ടാം സെറ്റില്‍ ചൈനീസ് താരം ഒപ്പത്തിനൊപ്പം നിന്നു. കാറ്റുള്ള സാഹചര്യത്തില്‍ കളിക്കുക പ്രയാസകരമായിരുന്നുവെന്ന് ഡെന്‍മാര്‍ക്ക് താരം പറഞ്ഞു. ആദ്യ സെറ്റ് 35 മിനുട്ടില്‍ ജയിച്ച കരോലിന്‍ രണ്ടാം സെറ്റില്‍ 2-5ന് പിറകിലായി. പൊടുന്നനെ, മത്സരത്തില്‍ അതീവശ്രദ്ധ കാണിച്ച ഡാനിഷ് താരം തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വര്‍ഷം ആദ്യ റൗണ്ടില്‍ പുറത്തായ കരോലിന്‍ ഇത്തവണ അതാവര്‍ത്തിക്കാതെ നോക്കി.
പന്ത്രണ്ട് മാസങ്ങള്‍ക്ക് മുമ്പ് യു എസ് ഓപണിന്റെ ഫൈനലില്‍ പരാജയപ്പെട്ട വിക്‌ടോറിയ അസരെങ്ക ഇത്തവണ ആദ്യ റൗണ്ട് ജയിച്ചത് നൂറ് മേനിയില്‍. ജര്‍മനിയുടെ ഡിന ഫെന്‍മെയര്‍ക്ക് ഒരു പോയിന്റ് പോലും അനുവദിക്കാതെ 0-6, 0-6ന് അസരെങ്ക രണ്ടാം റൗണ്ടിലേക്ക് കുതിച്ചു. കഴിഞ്ഞ തവണ ഫൈനലിലേറ്റ തോല്‍വി തന്നെ തകര്‍ത്തിരുന്നു. എന്നാല്‍, ഏറ്റവും മികച്ച ഫോമില്‍ തിരിച്ചുവരവ് സാധ്യമായതില്‍ സന്തോഷിക്കുന്നു.
ലോക രണ്ടാം നമ്പര്‍ താരമായ അസരെങ്കക്ക് കിരീട ഫേവറിറ്റാണ്. സിന്‍സിനാറ്റി ഓപണില്‍ ഫൈനലില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് അസരെങ്ക ചാമ്പ്യനായത്. യു എസ് ഓപണ്‍ ഫൈനലിലെ പരാജയത്തിനുള്ള മധുരപ്രതികാരം. ജനുവരിയില്‍ ആസ്‌ത്രേലിയന്‍ ഓപണില്‍ രണ്ടാം വട്ടവും മുത്തമിട്ട ബെലാറസ് താരം ഫഌഷിംഗ് മെഡോസിലെ അവസാന ചിരി തന്റേതാക്കാമെന്ന പ്രതീക്ഷയിലാണ്.