National
മേല്‍ജാതിക്കാരുടെ ക്രൂരതക്കെതിരെ ദളിതന്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെ ഹരിയാനയിലെ ഒരു ഗ്രാമത്തിലെ ദളിത് കുടുംബം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ ആരിലും നടുക്കമുളവാക്കും. ഒരു വര്‍ഷത്തിലേറെയായി ദളിത് കുടുംബത്തിലെ ഓരോരുത്തരും ഉയര്‍ന്ന ജാതിക്കാരാല്‍ വേട്ടയാടപ്പെടുകയാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറിനാണ് സവര്‍ണ ജാതിക്കാരുടെ കടന്നാക്രമണം തുടങ്ങിയത്. ഹരിയാനയിലെ നിലോഖേരി തഹസിലിലെ ഛോട്ടികലാസി ഗ്രാമത്തിലെ സമ്പന്നരുടെ മക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 15 കാരിയെ അന്നാണ് തട്ടിക്കൊണ്ട് പോയി കാറിലിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പത്ത് ദിവസത്തിലൊരിക്കല്‍ തങ്ങളെ തൃപ്തിപ്പെടുത്താന്‍ എത്തണമെന്ന താക്കീത് നല്‍കിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് മുന്നറിയിപ്പും നല്‍കി. വീട്ടില്‍ തിരിച്ചെത്തിയ മകള്‍ നടന്ന കാര്യങ്ങള്‍ മാതാവിനെ അറിയിച്ചു. മാതാവ് വിവരം പിതാവിനെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി സ്ഥിരീകരിച്ചു. സംഭവം സ്‌കൂളില്‍ അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിന്റെ നടപടി ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. കുട്ടിയെ സമാശ്വസിപ്പിക്കുകയോ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിന് പകരം രജിസ്റ്ററില്‍ നിന്നും പെണ്‍കുട്ടിയുടെ പേര് വെട്ടിമാറ്റി.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഒരു മാസം തികയും മുമ്പ് പ്രതികള്‍ അവളുടെ മാതാവിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊന്നു. വിവശനായ പിതാവ് പോലീസില്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും സ്റ്റേഷനധികൃതര്‍ അവരുടെ മുന്നില്‍ വെച്ച് തന്നെ പരാതി കീറിയെറിഞ്ഞു. നീതി ലഭിക്കുമെന്ന പ്രത്യാശ കൈവിടാതെ പെണ്‍കുട്ടിയുടെ പിതാവ് കാരമലിലെ ഭുട്ടാന പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിതും ഭാര്യയെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊന്നതുമെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു പരാതി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് പോലീസ് കുറ്റപത്രം ഫയല്‍ ചെയ്തു.
പക്ഷെ കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അതുകൊണ്ടും അറുതിയായില്ല. കേസ് പിന്‍വലിക്കാന്‍ സവര്‍ണജാതിക്കാര്‍ ദളിത് കുടുംബത്തിന് മേല്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പീഡനക്കേസില്‍ പ്രതിയായ അമന്റെ പിതാവ് സുല്‍ത്താന്‍ സിംഗ്, അമ്മാവന്‍ ജൊഗീന്ദര്‍ സിംഗ് എന്നിവര്‍ തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഈ ഭീഷണി തുടരുകയാണ്.ബലാത്സംഗത്തിനിരയായ മകള്‍ക്ക് 60,000 രൂപയും ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരില്‍ തനിക്ക് 3.75 ലക്ഷം രൂപയും ഹരിയാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ പറഞ്ഞു.