Kerala
മലപ്പുറം താനൂരില്‍ ഓട്ടോയില്‍ ബസിടിച്ച് എട്ടുപേര്‍ മരിച്ചു
പരപ്പനങ്ങാടി: സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഒരു കുടുംബത്തിലെ നാല് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം 6.30 ഓടെ താനൂര്‍ മുക്കോല അങ്ങാടിക്ക് സമീപമാണ് നാടിനെ നടുക്കിയ ദുരന്തം. പരപ്പനങ്ങാടി ചെട്ടിപ്പടി ആനപ്പടിയിലെ കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (25), പിതൃ സഹോദരന്‍ അശ്‌റഫിന്റെ മകന്‍ അര്‍ഷഖ് (21), കൊടക്കാട് എസ്റ്റേറ്റ് കാളാരംകുണ്ട് കുഞ്ഞിപീടിയേക്കല്‍ ത്വാഹയുടെ ഭാര്യ ആരിഫ (27), ആരിഫയുടെ മകള്‍ ഫാത്വിമ നസ്‌ല (എട്ട്), കുഞ്ഞിപീടിയേക്കല്‍ അയ്യൂബിന്റെ ഭാര്യ സാഹിറ (25), സാഹിറയുടെ മക്കളായ തബ്ഷീര്‍ (ഏഴ്), തഫ്‌സീറ (നാല്), അനസ് (ഒന്നര) എന്നിവരാണ് മരിച്ചത്. ആരിഫയും സഹീറയും കബീറിന്റെ സഹോദര ഭാര്യമാരാണ്.
കബീറാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന എ ടി എ ലിമിറ്റഡ് സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
താനൂരിലെ ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ നിന്ന് വിവാഹം കഴിഞ്ഞ് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടിച്ച ബസ് ഓട്ടോറിക്ഷയെ അമ്പത് മീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചു. വന്‍ ശബ്ദം കേട്ട് സംഭവ സ്ഥലത്ത് ഓടിയെത്തിയവരാണ് പൂര്‍ണമായി തകര്‍ന്ന ഓട്ടോ വെട്ടിപ്പൊളിച്ച് ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഏറ്റവും അവസാനമാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. അപകടത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. കെ എസ് ആര്‍ ടി സി ബസിനെ മറികടക്കുന്നതിനിടെയാണ് ബസ് ഓട്ടോയിലിടിച്ചത്. കോഴിക്കോട് നിന്ന് പുറപ്പെട്ടത് മുതല്‍ ഇരു ബസുകളും തമ്മില്‍ മത്സരിച്ചാണ് ഓടിയിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്വകാര്യ ബസിന് തീയിട്ടു. ക്ഷുഭിതരായ ജനക്കൂട്ടം ബസ് അടിച്ചു തകര്‍ത്ത ശേഷം തീവെക്കുകയായിരുന്നു. തീ അണക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളെ നാട്ടുകാര്‍ തടഞ്ഞു. ഓട്ടോയില്‍ നിന്ന് ലഭിച്ച കടലാസിലെ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ബന്ധുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
ബസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മരിച്ച അര്‍ഷഖ് മത്സ്യത്തൊഴിലാളിയാണ്.
ദിവസങ്ങള്‍ക്കുള്ളില്‍ പൊലിഞ്ഞത് പത്ത് പേര്‍
പരപ്പനങ്ങാടി: വാഹനങ്ങളുടെ മരണപ്പാച്ചിലും റോഡ് തകര്‍ച്ചയും റോഡിന് അരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റല്‍കൂനകളും അപകടം പരത്തുകയാണ്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് അപകടത്തില്‍ പൊലിഞ്ഞത് പത്ത് പേരാണ്. ഇന്നലെ മുക്കോല ഉണ്ടായ അപകടത്തില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം എട്ട് പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ചെട്ടിപ്പടിയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ടാങ്കര്‍ ലോറിക്കടിയില്‍പെട്ട് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി അബ്ദുര്‍റഹ്മാനും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ മകളും മരണപ്പെട്ടിരുന്നു. വാഹനങ്ങളുടെ മരണപ്പാച്ചിലും മറികടക്കാനുള്ള വാഹനങ്ങളുടെ ശ്രമവുമാണ് പലപ്പോഴും വിലപ്പെട്ട മനുഷ്യജീവനുകള്‍ റോഡില്‍ ഹോമിക്കപ്പെടാനിടയാക്കുന്നത്. ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു.
നിസ്സഹായരായി പോലീസ്
താനൂര്‍: അപകടത്തെ തുടര്‍ന്ന് താനൂര്‍ സംഘര്‍ഷ ഭൂമിയായി. അപകടത്തിന് ശേഷം വിരലിലെണ്ണാവുന്ന പോലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. അവര്‍ക്ക് നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. പ്രകോപിതരായ നാട്ടുകാര്‍ ബസ് പൂര്‍ണമായും അഗ്നിക്കിരയാക്കി. തീയണക്കാന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വാഹനം കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഫോട്ടോ എടുക്കുന്നവരെയും പ്രതിഷേധക്കാര്‍ തടഞ്ഞു. പിന്നീട് കൂടുതല്‍ പോലീസെത്തി ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്തതായി തിരൂര്‍ ആര്‍ ടി ഒ അറിയിച്ചു
ദുരന്തം വിട്ടൊഴിയാത്ത മേഖല
പരപ്പനങ്ങാടി: കടലോര മേഖലയില്‍ റോഡ് ദുരന്തങ്ങള്‍ വിട്ടാഴിയുന്നില്ല. ഇന്നലെ അപകടമുണ്ടായ തിരൂര്‍-കോഴിക്കോട് റോഡില്‍ റോഡില്‍ മനുഷ്യജീവിതങ്ങള്‍ പൊലിയുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതില്‍ പതിനഞ്ചോളം പേര്‍ മരിച്ചിട്ടുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അത് തടയുന്നതിന് ബസ് ജീവനക്കാരില്‍ നിന്നോ അധികൃതരില്‍ നിന്നോ നടപടികള്‍ ഇല്ലാതിരുന്നത് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കി.
മലപ്പുറം ജില്ലയുടെ മലയോര പ്രദശമായ താനൂരിലൂടെ കടന്നു പോകുന്ന കോഴിക്കോട്-തിരൂര്‍ തീരദേശ പാത എന്നും വാഹനങ്ങളുടെ അമിതവേഗത്തിലുള്ള സഞ്ചാരം കൊണ്ട് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
കടലോര പ്രദശമായതിനാ ല്‍ മല്‍സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് ചീറിപ്പായുന്ന ലോറികളുടെ പ്രധാന കേന്ദ്രമാണ് ഈ റൂട്ട്. പല തവണ ലോറികള്‍ ഇവിടെ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബസുകള്‍ തമ്മി ല്‍ മല്‍സരയോട്ടം പതിവായ മേഖലയുമാണിത്.
റോഡിന്റെ വീതി കുറവും മല്‍സര ഓട്ടവും ചേര്‍ന്നാകുമ്പോ ള്‍ താനൂരില്‍ നിരത്തുകള്‍ രക്തപങ്കിലമാകുന്നു. ഇന്നലെയുണ്ടായ അപകടത്തിന് പിന്നിലും ഈ മല്‍സവ ഓട്ടം തന്നെയാണ് കാരണമായത്.