National
മുംബൈ പീഡനം: പ്രതികള്‍ക്ക് ചീമുട്ടയേറ്

മുംബൈ: മുംബൈയില്‍ മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് നേരെ സ്ത്രീകളുടെ ചീമുട്ടയേറ്. കോടതിയില്‍ ഹാജരാക്കുന്നതിനെത്തിച്ച പ്രതികള്‍ക്ക് നേരെ കോടതിക്കു പുറത്തു കൂടിനിന്ന സ്ത്രീകളാണ് ചീമുട്ടയെറിഞ്ഞത്. ശിറാസ് റഹ്മാന്‍ ഖാന്‍, വിജയ് യാദവ്, കാസിം ബംഗാളി എന്നീ പ്രതികള്‍ക്ക് നേരെയാണ് സ്ത്രീകളുടെ പ്രതിഷേധം അരങ്ങേറിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ കസ്റ്റഡി കാലാവധി സെപ്തംബര്‍ അഞ്ച് വരെ നീട്ടി.
ആഗസ്റ്റ് 22നാണ് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് മാസികയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് ട്രെയിനിയായ യുവതി പീഡനത്തിനിരയായത്.
ജോലിയുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനോടൊപ്പം മുംബൈ ലോവര്‍ പരേലിലുള്ള ശക്തി മില്‍സില്‍ ചിത്രം എടുക്കാന്‍ രാത്രിയില്‍ എത്തിയപ്പോഴാണ് യുവതിയെ അഞ്ചംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പോലീസ് അഞ്ച് പ്രതികളെയും പിടികൂടിയത്.
കാസിം ബംഗാളിയെന്ന പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ച് വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി നിരസിച്ചു.