Connect with us

Kerala

താനൂര്‍ ദുരന്തം: മലപ്പുറം എസ് പി അന്വേഷിക്കും

Published

|

Last Updated

പരപ്പനങ്ങാടി: മലപ്പുറം താനൂരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് എട്ട്‌പേര്‍ മരിച്ച സംഭവത്തില്‍ മലപ്പുറം എസ് പി അന്വേഷിക്കുമെന്ന് ഐജി എസ് ഗോപിനാഥ് പറഞ്ഞു. ഇന്നലെ വൈകുന്നേരം 6.30 ഓടെ താനൂര്‍ മുക്കാല അങ്ങാടിക്ക് സമീപമാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.

അപകടത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. എട്ട് പേരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും. കൊടക്കാട് മദ്രസയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും. പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണിവരെ ഹര്‍ത്താല്‍ ആചരിക്കും.

അപകടത്തില്‍ പരപ്പനങ്ങാടി ചെട്ടിപ്പടി ആനപ്പടിയിലെ കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (25), പിതൃ സഹോദരന്‍ അശ്‌റഫിന്റെ മകന്‍ അര്‍ഷഖ് (21), കൊടക്കാട് എസ്‌റ്റേറ്റ് കാളാരംകുണ്ട് കുഞ്ഞിപീടിയേക്കല്‍ ത്വാഹയുടെ ഭാര്യ ആരിഫ (27), ആരിഫയുടെ മകള്‍ ഫാത്വിമ നസ്‌ല (എട്ട്), കുഞ്ഞിപീടിയേക്കല്‍ അയ്യൂബിന്റെ ഭാര്യ സാഹിറ (25), സാഹിറയുടെ മക്കളായ തബ്ഷീര്‍ (ഏഴ്), തഫ്‌സീറ (നാല്), അനസ് (ഒന്നര) എന്നിവരാണ് മരിച്ചത്.

 

Latest