Malappuram
ആരോഗ്യവിപ്ലവം
മഞ്ചേരി: പ്രതിഷേധങ്ങളെ വകഞ്ഞ് മാറ്റി ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ ജനം മഞ്ചേരിയിലേക്ക് അലകടലായി ഒഴുകിയെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തിയ ജനം ചരിത്രമൂഹൂര്‍ത്തം അവിസ്മരണീയമാക്കി. ഇടതുപക്ഷം തീര്‍ത്ത പ്രതിഷേധങ്ങളെ ഭയക്കാതെ ജില്ലയുടെ ആരോഗ്യമേഖലയില്‍ നാഴിക കല്ലായി മാറുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് അങ്ങിനെ അവര്‍ ഉത്സവമാക്കി മാറ്റി.
പതിനായിരങ്ങളാണ് ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഞ്ചേരിയിലേക്ക് എത്തികൊണ്ടിരുന്നത്. കൂറ്റന്‍ പന്തലും വിശാലമായ ഗ്രൗണ്ടുമെല്ലാം ഒരുക്കിയിരുന്നെങ്കിലും എല്ലാം നിഷ്ഫലമാക്കി സൂചികുത്താനിടമില്ലാത്ത വിധം നഗരം ജനസാഗരമായി മാറി. ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പെ എല്ലാ വഴികളും നിറഞ്ഞ് കവിഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി ആയിരത്തോളം ഇടതുപക്ഷ പ്രവര്‍ത്തകരും മഞ്ചേരി കച്ചേരിപ്പടി ജംഗ്ഷനില്‍ തടിച്ച് കൂടിയിരുന്നു. ആയിരങ്ങള്‍ അണി നിരന്ന ഘോഷ യാത്ര ചടങ്ങുകള്‍ക്ക് പത്തരമാറ്റേകുന്നതായി. മുത്തുകുടകളും ബാന്റ്, ശിങ്കാരി മേളങ്ങളും കേരളത്തിന്റെ തനത് കലാരൂപങ്ങളും മാപ്പിള കലകളായ ദഫ്, കോല്‍ക്കളി, ഒപ്പന തുടങ്ങിയവയും യാത്രക്ക് മിഴിവേകി.
ഘോഷയാത്ര വീക്ഷിക്കാന്‍ റോഡിന്റെ ഇരു വശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് തടിച്ച് കൂടിയിരുന്നത്. പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പെ സദസ് നിറഞ്ഞ് കവിഞ്ഞിരുന്നതിനാല്‍ പലരും തൊട്ടടുത്ത കെട്ടിടങ്ങള്‍ക്ക് മുകളിലും പറമ്പുകളിലുമെല്ലാം ഇടം കണ്ടെത്തി. സംഘാടകരുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ച് ജനം ഒഴുകിയതോടെ പോലീസിന് നിയന്ത്രിക്കാനായില്ല.
സ്ഥലം എം എല്‍ എ അഡ്വ. എം ഉമറിന്റെ ഇടപെടലുകളാണ് മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം വേഗത്തിലാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മറ്റുള്ള നേതാക്കളേക്കാള്‍ കൂടുതല്‍ കൈയടി കിട്ടിയും അദ്ദേഹത്തിനാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും പി കെ ബശീര്‍ എം എല്‍ എക്കും പ്രവര്‍ത്തകരുടെ കൈയടി നേടാനായി.