Kerala
ഉത്പാദനം കുറഞ്ഞു: ഓണക്കാലത്ത് പച്ചക്കറി പൊള്ളും
പാലക്കാട്: സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന പച്ചക്കറിക്ഷാമം ഓണക്കാലത്ത് വില കുതിച്ചുയരാനിടയാക്കും. ദിവസേന ശരാശരി ഇരുനൂറ് ടണ്ണാണ് സംസ്ഥാനത്തെ പച്ചക്കറി വില്‍പ്പന. ഓണമാകുന്നതോടെ ഇത് അഞ്ഞൂറ് ടണ്‍ വരെയാകും. പച്ചക്കറിക്ക് സംസ്ഥാനം ആശ്രയിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉത്പാദനം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇത് കാരണം കേരളത്തിലേക്കുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞു. വെള്ളരിക്ക, പാവക്ക, കുമ്പളം, പടവലം, മത്തന്‍, പയര്‍, ഏത്തക്ക തുടങ്ങി ഏതാനും വിഭവങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് പരിമിതമായെങ്കിലും ഉത്പാദിപ്പിക്കുന്നത്. ഇതില്‍ അന്‍പത് ശതമാനത്തിലധികം കനത്ത മ!ഴയില്‍ നശിക്കുകയും ചെയ്തു. ഇന്ധന വില വര്‍ധന, ചരക്കുകൂലി വര്‍ധന എന്നിവയും വില കൂടുന്നതിന് കാരണമായി.
എന്നാല്‍ ഉത്പാദനക്കമ്മി ചൂണ്ടിക്കാട്ടി അയല്‍ സംസ്ഥാന ലോബികള്‍ കൃത്രിമമായി കേരളത്തില്‍ ക്ഷാമം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഓണക്കാലത്ത് കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന കര്‍ണാടകയിലും പച്ചക്കറിക്ഷാമമുണ്ട്. ബീച്ചനഹളളി, അന്തര്‍സന്ത, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലാണ് മുഖ്യമായി പച്ചക്കറി കൃഷിയുള്ളത്. മലയാളികളികളടക്കം നൂറുകണക്കിന് കര്‍ഷകര്‍ ഓണം മുന്നില്‍ക്കണ്ട് ഇവിടെ കൃഷിയിറക്കാറുണ്ട്. മൂന്ന് മാസത്തി ല്‍ പച്ചക്കറികള്‍ വിളവെടുക്കാം. എന്നാല്‍, കനത്ത മഴ ഇക്കുറി കൃഷിയെ ബാധിച്ചു. നേരത്തെയിറക്കിയ പച്ചക്കറികള്‍ മഴയില്‍ നശിച്ചു. മഴ കുറഞ്ഞതോടെയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.
തക്കാളി, പച്ചമുളക്, പാവക്ക, ബീറ്റ്‌റൂട്ട്, കാരറ്റ്, മുള്ളങ്കി, ഉരുളക്കിഴങ്ങ്, പയര്‍, ബീന്‍സ് തുടങ്ങിയവയാണ് കര്‍ണാടകയില്‍ കൃഷി ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വില കുറച്ചേ ലഭിക്കാറുള്ളുവെങ്കിലും നഷ്ടം വരാറില്ല. പൊതുവെ ഓണക്കാലത്ത് കേരള വിപണിയില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കും. ഇപ്പോള്‍ തന്നെ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലയാണ്.