Connect with us

Malappuram

പൊന്‍മളയുടെ പണ്ഡിത ദര്‍സ് വെള്ളിയാഴ്ച ആരംഭിക്കും

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ കോട്ടപ്പടി സുന്നി മസ്ജിദില്‍ നടക്കുന്ന ഫത്ഹുല്‍ മുഈന്‍ പണ്ഡിത ദര്‍സിന് ഈമാസം ആറിന് തുടക്കമാകും. 
ദര്‍സിന്റെ ഉദ്ഘാടനം സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നിര്‍വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ജഅ്ഫര്‍ തുറാബ് പാണക്കാട്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി തിരൂരങ്ങാടി ഖാസി അബ്ദുല്ലക്കുട്ടി മഖ്ദൂമി, അലവി സഖാഫി കൊളത്തൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിക്കും.
ഇടവിട്ട തിങ്കളാഴ്ചകളില്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന മിന്‍ഹാജ് ദര്‍സ് ഈ മാസം 16ന് ആരംഭിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പണ്ഡിതര്‍, മുദര്‍രിസുമാര്‍, മുഅല്ലിമുകള്‍, മുത്വവ്വല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പ്രവേശം.
ഫത്ഹുല്‍ മുഈന്‍ ദര്‍സില്‍ ഇസ്‌ലാമിക സാമ്പത്തിക നിയമ സംഹിതകള്‍ പരാമര്‍ശിക്കുന്ന ഭാഗമാണ് പഠനവിധേയമാക്കുന്നത്. ആധുനിക സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക സംവിധാനങ്ങളുടെയും ബിസിനസുകളുടെയും മതപരമായ കാഴ്ചപ്പാടുകളും സമ്പത്ത് സംശുദ്ധമാക്കാനാവശ്യമായ വശങ്ങളും വിശദവും സമഗ്രവുമായി ചര്‍ച്ച ചെയ്യുന്ന ക്ലാസില്‍ പഠിതാക്കളായ പണ്ഡിതരുടെ സംശയങ്ങള്‍ക്ക് നിവാരണവും ഉണ്ടാകും. ഷെയര്‍ ബിസിനസ്്, ഓഹരി വിപണി, നെറ്റ് വര്‍ക്ക് ബിസിനസ്്, ലാഭക്കൂറ് കച്ചവടം, മേല്‍വാടക, റിയല്‍ എസ്റ്റേറ്റ്, മണല്‍ വ്യാപാരം, പ്രോവിഡന്റ് ഫണ്ടുകള്‍, ദുരിതാശ്വാസ നിധികള്‍, ലേബര്‍ സര്‍വീസ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ലോട്ടറി, പലിശകള്‍ തുടങ്ങി സാമ്പത്തികമായ സര്‍വ മേഖലകളും ചര്‍ച്ചക്ക് വിധേയമാക്കും. സമൂഹത്തെ സമുദ്ധരിക്കാന്‍ പണ്ഡിതരെ പ്രാപ്തരാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. നേരത്തെ പഠിതാക്കളായവരും പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവരും ഈ മാസം ആറിന് രാവിലെ 7.30 ന് മുമ്പായി കോട്ടപ്പടി സുന്നി മസ്ജിദിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍: 9947399360 എന്ന നമ്പറില്‍ ലഭ്യമാണ്.

 

Latest