Sports
ഫെഡറര്‍ പുറത്ത് ; നദാല്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ഗ്രാന്‍സ്ലാം കിരീട മധുരത്തിലേക്ക് തിരിച്ചുവരാനുള്ള റോജര്‍ ഫെഡററുടെ മറ്റൊരു ശ്രമം കൂടി പാളി. യു എസ് ഓപണില്‍ ക്വാര്‍ട്ടര്‍ കാണാതെ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ടെന്നീസ് ലെജന്‍ഡ് പുറത്തായി. അതേ സമയം, സ്പാനിഷ് താരം റാഫേല്‍ നദാല്‍ ആദ്യ സെറ്റ് നഷ്ടമായിട്ടും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. യു എസ് ഓപണില്‍ ഫെഡറര്‍-നദാല്‍ ക്വാര്‍ട്ടര്‍ പോരാട്ടം സ്വപ്നം കണ്ടിരുന്നവര്‍ക്ക് വലിയ തിരിച്ചടിയായി ഫെഡററുടെ പുറത്താകല്‍.
സ്‌പെയ്‌നിന്റെ പത്തൊമ്പതാം സീഡായ ടോമി റോബ്രഡോയാണ് ഫെഡററുടെ അനായാസ കുതിപ്പ് പ്രീ ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചത്, 7-6(7/3), 6-3, 6-4. വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ ഫെഡറര്‍ സീസണിലെ അവസാന ഗ്രാന്‍സ്ലാം സ്വന്തമാക്കി തന്റെ നല്ല നാളുകളിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിലായിരുന്നു.
പതിനേഴ് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡിട്ട ഫെഡറര്‍ക്ക് സ്ഥിരതയാര്‍ന്ന ഫോം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ന്യൂയോര്‍ക്കിലെ ഹാര്‍ഡ് കോര്‍ട് ടൂര്‍ണമെന്റ് അടയാളപ്പെടുത്തുന്നു. ഫെഡറര്‍ക്കെതിരെ മുമ്പ് കളിച്ച പത്ത് മത്സരത്തിലും പരാജയപ്പെട്ട റോബ്രഡോ യു എസ് ഓപണില്‍ ആദ്യമായാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണുന്നത്. ഏഴ് തവണ പ്രീ ക്വാര്‍ട്ടറിലെത്തിയതായിരുന്നു യു എസ് ഓപണില്‍ റോബ്രഡോയുടെ ഉയര്‍ന്ന നേട്ടം.
അതേ സമയം, 2003 ല്‍ നാലാം റൗണ്ടില്‍ പുറത്തായതിന് ശേഷം റോജര്‍ ഫെഡറര്‍ ഇവിടെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ മടങ്ങിയിട്ടില്ല.
മുപ്പത്തിരണ്ട് വയസ് പൂര്‍ത്തിയായ ഫെഡറര്‍ക്ക് മുപ്പത്തൊന്നുകാരനായ റോബ്രഡോക്കെതിരെ ബ്രേക്കിംഗ് പോയിന്റുകള്‍ നേടുന്നതില്‍ തുടരെ പിഴവ് സംഭവിച്ചു. 16 ബ്രേക്ക് പോയിന്റ് അവസങ്ങള്‍ ലഭിച്ചതില്‍ രണ്ടെണ്ണം മാത്രമാണ് ഫെഡറര്‍ പോയിന്റാക്കിയത്. 45 വിന്നേഴ്‌സുകള്‍ പായിച്ചപ്പോള്‍ തന്നെ 43 അണ്‍ഫോഴ്‌സഡ് എററും ഫെഡറര്‍ വരുത്തി. ആകെ അഞ്ച് എയ്‌സുകള്‍ മാത്രമായിരുന്നു ഇതിഹാസ താരത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍, റോബ്രഡോ ആദ്യ സര്‍വിലൂടെ തന്നെ മിക്കവാറും പോയിന്റുകള്‍ സ്വന്തമാക്കി. ഏഴ് ബ്രേക്ക് പോയിന്റ് അവസരങ്ങളില്‍ നാലിലും വിജയം കണ്ടു.
തുടരെ രണ്ട് ഗ്രാന്‍സ്ലാമുകളില്‍ ക്വാര്‍ട്ടര്‍ കാണാതെ ഫെഡറര്‍ പുറത്താകുന്നതും 2003ന് ശേഷം ആദ്യമാണ്. 2002ന് ശേഷം ആദ്യമായാണ് ഫെഡറര്‍ ഒരു ഗ്രാന്‍സ്ലാം ഫൈനലിന് പോലും യോഗ്യത നേടാതെ സീസണ്‍ അവസാനിപ്പിക്കുന്നത്.
ജര്‍മനിയുടെ ഇരുപത്തിരണ്ടാം സീഡായ ഫിലിപ് കോല്‍ഷ്രീബറിന്റെ വെല്ലുവിളി അതിജീവിച്ചാണ് നദാലിന്റെ മുന്നേറ്റം. 7-6(7/4)ന് ആദ്യ സെറ്റ് ജയിച്ച ജര്‍മന്‍ താരം നദാലിനെ ഞെട്ടിച്ചു. എന്നാല്‍, 6-4,6-3,6-1ന് സ്പാനിഷ് താരം തിരിച്ചു വന്നു.
2010 ല്‍ ന്യൂയോര്‍ക്കില്‍ ചാമ്പ്യനായ നദാല്‍ പതിമൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ക്വാര്‍ട്ടറില്‍ ഫെഡററെ അട്ടിമറിച്ച റോബ്രഡോക്കെതിരെ നദാലിന് മുന്‍തൂക്കമുണ്ട്. മുമ്പ് ആറ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നദാല്‍ മാത്രമായിരുന്നു വിജയി.