Ongoing News
ഒസിലിനെ വിറ്റതില്‍ ക്രിസ്റ്റ്യാനോക്ക് അമര്‍ഷം
മാഡ്രിഡ്: ജര്‍മന്‍ പ്ലേമേക്കര്‍ മെസുറ്റ് ഒസിലിനെ റയല്‍മാഡ്രിഡ് വിറ്റത് സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ദേഷ്യം കൊള്ളിച്ചതായി റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോയുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ഗ്രൗണ്ടില്‍ പെരുമാറുന്ന താരമാണ് ഒസില്‍. പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ അംഗങ്ങളോടാണ് റയലിന്റെ ട്രാന്‍സ്ഫര്‍ നടപടിയില്‍ തനിക്കുള്ള അതൃപ്തി ക്രിസ്റ്റ്യാനോ രേഖപ്പെടുത്തിയതത്രെ.
ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ക്കും ട്രാന്‍സ്ഫറില്‍ അതിശയം. റയല്‍ ഒരിക്കലും ഒസിലിനെ ഒഴിവാക്കരുതായിരുന്നു. മാഡ്രിഡ് ക്ലബ്ബിന് ഒസില്‍ അനുയോജ്യനായിരുന്നു. പുതിയ കോച്ചിനെയും പുതിയ താരങ്ങളെയും ടീമിലെത്തിച്ച റയലിന് ഒസില്‍ ഇല്ലാത്തത് വലിയ നഷ്ടമായിരിക്കുമെന്നും മുള്ളര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ മികച്ച താരം ഒസിലാണെന്ന് ബാഴ്‌സലോണ താരം സെസ്‌ക് ഫാബ്രിഗസ്.
ഒസിലിനെ വിറ്റ റയല്‍ അവരുടെ പ്രധാന താരത്തെയാണ് കൈവിട്ടിരിക്കുന്നതെന്നും ഫാബ്രിഗസ്. അതേ സമയം ലോകോത്തര വില ലഭിച്ച ഗാരെത് ബെയ്‌ലിന് റയലിന്റെ ആദ്യ നിരയില്‍ ഇടം നേടാന്‍ മത്സരിക്കേണ്ടി വരുമെന്ന് അസിസ്റ്റന്റ് കോച്ച് പോള്‍ ക്ലെമന്റ് അഭിപ്രായപ്പെട്ടു.