Connect with us

Gulf

ചെറുപ്രായത്തില്‍ പ്രവാസികള്‍ക്കിടയിലെ ഹൃദയാഘാതം; പഠനം നടത്തണം

Published

|

Last Updated

heartദുബൈ: ചെറുപ്രായത്തില്‍ പ്രവാസികള്‍ക്കിടയില്‍ സംഭവിക്കുന്ന ഹൃദയാഘാതത്തെക്കുറിച്ച് ശരിയായ പഠനം നടത്തണമെന്ന് പ്രശസ്ത കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. മൂസകുഞ്ഞി. അല്‍ റാശിദിയ അല്‍ നൂര്‍ പോളിക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദിനംപ്രതി ഹൃദയാഘാതത്താല്‍ മരിക്കുന്നവരുടെ പ്രായം പ്രാവാസികള്‍ക്കിടയില്‍ കുറഞ്ഞ് വരികയാണ്. മുമ്പ് 40 വയസിന് മുകളില്‍ കണ്ടുവന്നിരുന്ന ഹൃദയാഘാതം പ്രവാസി സമൂഹത്തില്‍ 20-25 വയസിനും ഇടയില്‍ സംഭവിക്കുന്ന സ്ഥിതിയായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യമായ പഠനങ്ങള്‍ ഉണ്ടാവുന്നില്ല. ഇത് ഏറെ ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്. ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും വലിയ വില്ലനായി ഹൃദ്‌രോഗം മാറിയിക്കഴിഞ്ഞു. ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം വരുത്താന്‍ സാധിച്ചാല്‍ 80 ശമതാനം ഹൃദ്‌രോഗവും ഒഴിവാക്കാന്‍ സാധിക്കും.
ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ ശീലങ്ങള്‍, പുകവലി, അമിതമായ മാനസിക പിരിമുറുക്കം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവയാണ് മുഖ്യമായും യുവാക്കളെ ഹൃദ്‌രോഗികളാക്കി മാറ്റുന്നത്. മാംസാഹാരം, ഭക്ഷ്യ എണ്ണയുടെ അമിതോപയോഗം തുടങ്ങിയവ വര്‍ജിക്കുകയും പച്ചക്കറികള്‍ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുകയും ദിനേന 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ നടക്കുകയും ചെയ്താല്‍ രോഗ സാധ്യത ഏറെക്കുറെ ഇല്ലാതാക്കാന്‍ സാധിക്കും.
3,300 വര്‍ഷം മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സംഭവിച്ച ജനിതകമാറ്റങ്ങളാണ് ഈ മേഖലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന ഒരു സിദ്ധാന്തം നിലവിലുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ എന്ത് കൊണ്ട് ഹൃദ്‌രോഗം വര്‍ധിക്കുന്നുവെന്നതിന് കൃത്യമായ ഒരു കാരണം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.
ഇന്ത്യയില്‍ ജീവിക്കുന്നവരെക്കാള്‍ ഹൃദ്‌രോഗ സാധ്യത ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. ഇതിനും കൃത്യമായ ഉത്തരം നല്‍കാനാവില്ലെങ്കിലും ജീവിത ശൈലിയില്‍ സംഭവിക്കുന്ന മാറ്റമാണെന്ന് വേണം അനുമാനിക്കാന്‍. ഇത്തരം വിഷയങ്ങള്‍ ഗൗരവത്തോടെ കാണുകയും ആവശ്യമായ ഗവേഷണങ്ങള്‍ ഉണ്ടാവുകയും വേണം. രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് ജീവന്‍ അപകടത്തിലാവാതിരിക്കാന്‍ വേണ്ടത്. ഇന്ത്യയില്‍ സംഭവിക്കുന്ന സ്വാഭാവിക മരണങ്ങളില്‍ 30 ശതമാനവും ഹൃദയാഘാതത്താലാണെന്നത് ഏവരെയും ചിന്തിപ്പിക്കേണ്ട കാര്യമാണ്. ഹൃദയാഘാതം സംഭവിക്കുന്നവരില്‍ ആദ്യ രണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ണായകമാണ്. ഈ ഘട്ടത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാലെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തിക്കാന്‍ സാധിക്കൂ. കഠിനമായ ഹൃദയാഘാതം സംഭവിക്കുന്ന രോഗികളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും ഒന്ന് രണ്ട് ആഴ്ചക്കകം 25 ശതമാനവും മരിക്കുന്നതായാണ് അനുഭവം. ഇത്തരം കേസുകളില്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ സംഭവിക്കുന്ന കാലതാമസവും സുപ്രധാനമാണ്.
ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളില്‍ നാലു മുതല്‍ അഞ്ചു ലക്ഷം വരെ ഹൃദ്‌രോഗികളാണ്. ഇതിനും പല കാരണങ്ങള്‍ പറയാറുണ്ടെങ്കിലും കൃത്യമായി എന്തുകൊണ്ടെന്ന് വൈദ്യശാസ്ത്രത്തിന് തറപ്പിച്ച് പറയാനായിട്ടില്ല. ഇന്ത്യയില്‍ രണ്ട് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ശരിയായ ചികിത്സ ലഭിക്കുന്നത്. 30 മുതല്‍ 40 ലക്ഷം വരെ കുട്ടികളാണ് ചികിത്സക്കായി കാത്തിരിക്കുന്നത്.
ബോധവത്ക്കരണത്തിന്റെ അഭാവം, വിദഗ്ധ ചികിത്സയുടെ അഭാവം, മികച്ച ചികിത്സാകേന്ദ്രത്തിന്റെ കുറവ് തുടങ്ങിയവയാണ് ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കുന്നത്. അമേരിക്കയും യൂറോപ്പും ഉള്‍പ്പെട്ട വികസിത രാജ്യങ്ങളില്‍ 50 ശതമാനം കുട്ടികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ട്. രോഗ ചികിത്സ ഭാരിച്ചതാണെന്ന് നാം മലയാളികള്‍ പറയുമെങ്കിലും 70 ശതമാനത്തിനും വിചാരിച്ചാല്‍ ഇത് സാധ്യമാണെന്നാണ് എന്റെ അനുഭവം.
ഹൃദയ ശസ്ത്രക്രിയക്ക് രണ്ട് മുതല്‍ മൂന്നു ലക്ഷം വരെയാണ് ചെലവ്. ഇത് ഗള്‍ഫില്‍ 20 ലക്ഷം വരെയും യൂറോപ്പിലും അമേരിക്കയിലും 75 ലക്ഷം മുതല്‍ ഒരു കോടി വരെയുമാണ്. ഇന്ത്യപോലുള്ള രാജ്യത്ത് മികച്ച ആരോഗ്യ സ്ഥാപനങ്ങളും മിടുക്കരായ ഡോക്ടര്‍മാരും ഉണ്ടെന്നത് ഏറെ ആശ്വാസരമാണെന്നും കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ വെളിപ്പെടുത്തി.
കൃത്രിമ ഹൃദയത്തിന് ഒരു കോടി രൂപ വരെ ചെലവ് വരും. ഇത് 2002 മുതലാണ് മനുഷ്യരില്‍ വെച്ചുപിടിപ്പിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ചെലവ് കുറഞ്ഞ കൃത്രിമ ഹൃദയം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ സേവനം അല്‍ നൂര്‍ പോളിക്ലിനിക് ലഭ്യമായിരിക്കുമെന്ന് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ടി അഹമ്മദ്, എം ഡി നിയാസ് കണ്ണിയത്ത് പങ്കെടുത്തു.

Latest