Kerala
ഭിന്നതയുണ്ടെന്ന് പറയുന്നവരെ അവഗണിക്കുക: പൊന്മള
മലപ്പുറം: കാന്തപുരത്തെയും അദ്ദേഹ ത്തിന്റെ കൂടെ നില്‍ക്കുന്നവരെയും പിളര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. എടരിക്കോട് മയ്യഞ്ചേരി മദ്‌റസാ കെട്ടിടോദ്ഘാടന ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉസ്താദ് എന്നു മുതല്‍ നേതൃത്വം നല്‍കിത്തുടങ്ങിയോ, അന്ന് മുതലാണ് ഇവിടെ സുന്നത്ത് ജമാഅത്ത് ഉയര്‍ന്നുവന്നിട്ടുള്ളത് എന്നതില്‍ സംശയമില്ല. മുമ്പ് ധാരാളം ഭൗതികരായ ആളുകളാണ് എല്ലാറ്റിനും കടിഞ്ഞാണ്‍ പിടിച്ചിരുന്നത്. അവര്‍ വേണം എല്ലാറ്റിനുമെന്നതായിരുന്നു സ്ഥിതി. ഇന്ന് ഒരു വാതില്‍ തുറക്കാനും ആരുടെയും ആവശ്യമില്ലെന്ന് ഉസ്താദ് തെളിയിച്ചിരിക്കുന്നു.
ഉസ്താദിന്റെ കൂടെ 28 വയസ്സ് മുതല്‍ ഒപ്പം നിന്ന ചരിത്രമേ ഇന്നേവരെ ഉള്ളൂ. എന്നിട്ട് ഞാനും ഉസ്താദും രണ്ട് ധ്രുവങ്ങളിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ അവജ്ഞയോടെ ചവറ്റുകൊട്ടയിലേക്ക് തള്ളിക്കളയാന്‍ സുന്നികള്‍ക്ക് കഴിയണം. ആരും അതില്‍ ആശങ്കപ്പെടേണ്ട. ഇങ്ങനെ പലതും മുമ്പും കേട്ടിട്ടുണ്ട്. അതുകൊണ്ടൊന്നും സുന്നത്ത് ജമാഅത്തിന് യാതൊരു കോട്ടവും പറ്റിയിട്ടില്ല.
ഉസ്താദിന്റെ കൂടെ നില്‍ക്കുന്ന കേരളത്തിലെ മഹാ ഭൂരിപക്ഷം പണ്ഡിതര്‍ ആക്ഷേപിക്കുന്നത് ഇന്നേവരെ കണ്ടിട്ടില്ല. ഒ കെ ഉസ്താദ് അവസാനമായി പങ്കെടുത്ത ജില്ലാ പണ്ഡിത സമ്മേളനത്തില്‍ വന്ന് ദുആ ചെയ്തു. ശേഷം വീട്ടില്‍ ചെന്നപ്പോള്‍ ഉസ്താദ് എന്നോട് പറഞ്ഞു, ആലിമീങ്ങളെല്ലാം എ പിയുടെ കൂടെയാണ്. അത്തരം പിന്തുണ മതി നമുക്ക്. അതിനാല്‍ ഈ ശക്തിയെ ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും പൊന്മള പറഞ്ഞു.