Connect with us

Kannur

ജോസ് തെറ്റയിലിന് ജനതാ ദളില്‍ അപ്രഖ്യാപിത വിലക്ക്

Published

|

Last Updated

കണ്ണൂര്‍: ലൈംഗികാരോപണവിധേയനായ മുന്‍ മന്ത്രി ജോസ് തെറ്റയിലിനെ ജനതാദള്‍ -എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന ജാഥയിലും ഒഴിവാക്കി. ഈ മാസം 27 മുതല്‍ അടുത്ത മാസം 11 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന ജനമുന്നേറ്റ യാത്രയുടെ നായകന്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസാണ്. 27ന് കുമ്പളയിലാണ് ജാഥയുടെ ഉദ്ഘാടനം.
പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജാഥയില്‍ ജനതാദള്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ തെറ്റയിലിനെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റിന് പുറമെ ദേശീയ സമിതിയംഗം അഡ്വ. ടി നിസാര്‍ അഹ്മദ്,  സെക്രട്ടറി ജനറല്‍ സി കെ ഗോപി, ഭാരവാഹികളായ അഡ്വ. ജോര്‍ജ് തോമസ്, അഡ്വ. കൊല്ലംകോട് രവീന്ദ്രന്‍ നായര്‍, കെ എസ് പ്രദീപ്കുമാര്‍, സുരേഷ് വാര്യര്‍ എന്നിവരാണ് സ്ഥിരം അംഗങ്ങള്‍. മുതിര്‍ന്ന നേതാക്കളായ പ്രൊഫ. എന്‍ എം ജോസഫ്, ഡോ. നീല ലോഹിതദാസന്‍ നാടാര്‍, സി കെ നാണു എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
തെറ്റയിലിനെതിരെ പാര്‍ട്ടിതലത്തില്‍ അച്ചടക്കനടപടി ഒന്നുമില്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ മാറ്റിനിര്‍ത്തപ്പെടുകയാണ്. ജാഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിളിച്ച മൂന്ന് മേഖലാ യോഗങ്ങളിലും തെറ്റയിലിനെ പങ്കെടുപ്പിച്ചില്ല. അദ്ദേഹത്തിന്റെ മേഖലയിലെ ജില്ലയില്‍ പോലും മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. എം എല്‍ എ സ്ഥാനം തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന്  പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയിലും ഇതേ അഭിപ്രായം ഉണ്ടായി. എന്നാല്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കണമെന്ന ആവശ്യം എറണാകുളത്ത് ജൂലൈയില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു. ദേശീയ നിര്‍വാഹക സമിതിയംഗമെന്ന നിലയില്‍ അച്ചടക്ക നടപടി സംബന്ധിച്ച് ദേശീയ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം. യോഗ തീരുമാനമനുസരിച്ച് ദേശീയ കമ്മിറ്റിക്ക് പ്രശ്‌നം വിടുകയും ചെയ്തു.  ആരോപണം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനു ശേഷം പാര്‍ട്ടി ദേശീയ സമിതി ചേര്‍ന്നില്ല. ഒഴിവാക്കിയതല്ല, പങ്കെടുക്കാത്തതാണെന്നാണ് തെറ്റയിലിന്റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ് പ്രതികരിച്ചത്.
പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് വിവരം. സംസ്ഥാന നേതാക്കളില്‍ ഏതാനും പേര്‍ തെറ്റയിലിനെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നേരത്തെ തെറ്റയിലിന് അനുകൂലമായി രംഗത്തുണ്ടായിരുന്ന നീല ലോഹിതദാസന്‍ നാടാരെ പോലുള്ളവര്‍ ഇപ്പോള്‍ നിലപാട് മാറ്റി. ജോസ് തെറ്റയിലിനെ ഭാരവാഹിത്വത്തി ല്‍ നിന്ന് മാറ്റണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നപ്പോഴും തര്‍ക്കമുണ്ടായിരുന്നു.  സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി എല്‍ ഡി എഫ് നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ഉപരോധ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിട്ടും തെറ്റയില്‍ ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയെയോ സംസ്ഥാന നേതാക്കളെയോ കണ്ടില്ല. അടുത്തമാസം ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജോസ് തെറ്റയില്‍ വിഷയം ചര്‍ച്ച ചെയ്യും. അച്ചടക്ക നടപടിയുണ്ടായാലും ഇല്ലെങ്കിലും ജനതാദള്‍ നേതൃതലത്തില്‍ നിന്ന് മാറിനില്‍ക്കാനാണ് തെറ്റയിലിന്റെയും താത്പര്യമെന്നും സൂചനയുണ്ട്.

Latest