Connect with us

Ongoing News

നാട്ടാന പരിപാലന ചട്ടം അട്ടിമറിക്കപ്പെടുന്നു

Published

|

Last Updated

കോതമംഗലം: എട്ട് മാസത്തിനിടയില്‍ കേരളത്തില്‍ ചരിഞ്ഞത് 36 ആനകള്‍. നാട്ടാന പരിപാലന നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് എട്ട് മാസത്തിനിടയില്‍ 36 ആനകള്‍ ചെരിഞ്ഞത്. ഇവയില്‍ 29 എണ്ണം സ്വകാര്യവ്യക്തികളുടെ കൈവശമുള്ള നാട്ടാനകളും 7 എണ്ണം വനം വകുപ്പ് പരിപാലിച്ചു വന്നിരുന്നതുമാണ്. ഞെട്ടിപ്പിക്കുന്ന മരണ പരമ്പര ഉണ്ടായിട്ടും വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല.

വര്‍ഷങ്ങളായി ഉടമകള്‍ ആനകളെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുനടന്ന് പീഡിപ്പിക്കുകയും കഠിനമായി ജോലി ചെയ്യിക്കുകയും ചെയ്തു വരികയാണ്. ഇതെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും നിരവധി നാട്ടാനകള്‍ ചെരിയുകയും ജീവച്ഛവങ്ങളാകുകയും ചെയ്തിട്ടുണ്ട്. വന്യജീവി സ്‌നേഹികളും ആനപ്രേമികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് നാട്ടാന പരിപാലന ചട്ടം 2003 നിലവില്‍ വന്നത്.
ഇതനുസരിച്ച് ആനകളെ വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രദേശങ്ങളിലെ ഫോറസ്റ്റ് റെയിഞ്ചാഫീസര്‍മാര്‍ നാട്ടാന പരിപാലന ചട്ടം പരിശോധിക്കുകയും വേണമെന്നാണ് നിയമം. ഉത്സവങ്ങള്‍ക്ക് ആനകളെ മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ വനം വകുപ്പ് ഉദേ്യാഗസ്ഥന്റെയും വെറ്ററിനറി ഡോക്ടറുടെയും അനുമതിപത്രവും വേണം.
12 അടിയില്‍ കൂടുതല്‍ നീളമുള്ള ട്രക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ആരോഗ്യ സംരക്ഷണം, ഭക്ഷണം എന്നീ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ വേണം. രാവിലെ 11 മുതല്‍ 3 വരെ എഴുന്നള്ളത്തിനും മറ്റു ജോലികള്‍ക്കും കൊണ്ടുപോകരുത്.
രാത്രികാലങ്ങളില്‍ ദീര്‍ഘനേരം ആനകളെ തളര്‍ത്തുന്ന വിധം തുടര്‍ച്ചയായി ജോലി ചെയ്യിക്കാനും പാടില്ല. ആനകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആനകള്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും പാപ്പാന്‍മാരുടെ ആക്രമണവും കാലാവസ്ഥാ വ്യതിയാനവും കാരണമാണ് ആനകള്‍ അക്രമകാരികള്‍ ആകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ നാട്ടാന പരിപാലന ചട്ടം അട്ടിമറിക്കപ്പെട്ടത് നാട്ടുകാരുടെയും പാപ്പാന്‍മാരുടെയും ജീവന് ഭീഷണിയാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരും ആനയുടമകളും ആനപ്രേമികളും 2008 മെയ് മാസത്തില്‍ യോഗം ചേര്‍ന്ന് നാട്ടാനപരിപാലന ചട്ടം നടപ്പാക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ഇതേത്തുടര്‍ന്ന് 2008 ജൂണ്‍ 28 ന് അഡീഷനല്‍ ചീഫ് സെക്രട്ടറി നാട്ടാന പരിപാലനത്തിന്റെ 26 നിര്‍ദേശങ്ങളോടു കൂടിയ ഉത്തരവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചിരുന്നു. എന്നാല്‍ അതൊന്നും പാലിക്കപ്പെടാത്തതാണ് വീണ്ടും നാട്ടാനകളുടെ മരണത്തിന് കാരണമായിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിയമം നടപ്പാക്കാന്‍ സര്‍ക്കാറില്‍ ഉന്നതതല ഇടപെടലുകള്‍ വേണമെന്നാണ് ആനപ്രേമികളും ആവശ്യപ്പെടുന്നത്.

 

Latest