Kerala
അപകട ബോധവത്കരണ യാത്രയുമായി വടിക്കാക്ക
മലപ്പുറം: ദിനംപ്രതി വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങളെ കുറിച്ച് ബോധവത്കരണ യാത്രയുമായി വടിക്കാക്ക. പൊതുജനങ്ങളെയും ഡ്രൈവര്‍മാരെയും അധികൃതരെയുമാണ് ബോധവത്കരിക്കുന്നത്. ചുരുങ്ങിയത് ആറ് മാസത്തിലൊരിക്കലെങ്കിലും ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ബോധവത്കരണം നടത്തണം. വാഹന പരിശോധ കര്‍ശനമാക്കണം. മാസത്തിലൊരിക്കലെങ്കിലും സ്പീഡ് ഗവേണര്‍ പരിശോധിക്കണമെന്നും അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കൊണ്ടോട്ടി നീറാട് അബ്ദുല്‍മജീദ് എന്ന വടിക്കാക്ക ഇന്നലെ രാവിലെ നാട്ടില്‍ നിന്ന് ആരംഭിച്ച ബോധവത്കരണ യാത്ര മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിധിയില്‍ ഉച്ചതിരിഞ്ഞ് 3.30ഓടെ സമാപിച്ചു. ഇന്ന് താനൂരില്‍ അപകടം നടന്ന മുക്കോല ഗ്രാമത്തിലൂടെയും പെരിന്തല്‍ണ്ണ അപകടം നടന്ന തേലക്കാട്ടിലൂടെയും യാത്ര കടന്നുപോകും. താനൂരിലും പെരിന്തല്‍ണ്ണയിലും സംഭവിച്ചത് പോലെയുള്ള ഒരു ദുരന്തം ഇനി ഉണ്ടായിക്കൂടാ. അതിന് തന്നാല്‍ ആകുന്നത് ചെയ്യൂകയാണ് അദ്ദേഹം.
പി പി സ്റ്റോര്‍ എന്ന പന്തല്‍ സ്ഥാപനത്തിന്റെ ഉടമയും നീറാട് എ എം എല്‍ പി സ്‌കൂള്‍ മാനേജറുമായ അബ്ദുല്‍ മജീദ് വൃദ്ധരോ, മറ്റു കാരണങ്ങള്‍ കൊണ്ടോ നടക്കാന്‍ വടിയെ ആശ്രയിക്കുന്നവര്‍ക്ക് സൗജന്യമായി വടി നല്‍കും. അങ്ങനെയാണ് അദ്ദേഹത്തിന് വടിക്കാക്ക എന്ന പേര് ലഭിച്ചത്. ഇതിനകം 50,000 ഓളം പേര്‍ക്ക് വടി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു.
ബസ് സ്റ്റോപ്പുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ വൃത്തിയാക്കുക ഹോബിയാണ്. അറുനൂറോളം ബസ് സ്‌റ്റോപ്പുകള്‍ ഇതിനകം വൃത്തിയാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം അഞ്ച് ബസ്റ്റോപ്പുകള്‍ ശുചീകരിച്ചു. റോഡില്‍ ചത്തുകിടക്കുന്ന പൂച്ച, നായ തുടങ്ങിയവയെ എടുത്തുമാറ്റുകയും റോഡില്‍ വിശന്നിരിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുകയും ചെയ്യും. അതുപോലെ വര്‍ഷത്തില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു കവലയില്‍ ചെന്ന് അവിടെയുള്ള എല്ലാവര്‍ക്കും ഭക്ഷണം വിളമ്പും. കൂടാതെ സ്‌കൂളുകളിലും റോഡരികിലും മരങ്ങള്‍ നട്ടുപിടിപ്പിച്ചും വടിക്കാക്ക തന്റെ ജൈത്രയാത്ര തുടരുകയാണ്.