Ongoing News
തോരില്ല, ഈ കണ്ണീര്‍ചാലുകള്‍
ഒരുനാട് ചലനമറ്റിരിക്കുന്നു. തോരാത്ത മഴയായി കണ്ണീര്‍പ്രവാഹം. ഒരിക്കലും കാണരുതാത്ത കാഴ്ചകള്‍ . ആരുടെ ജീവിതവും ഇങ്ങനെ കടന്നുപോകരുത്. താനൂരില്‍ ഒരു കുടുംബം വേരറ്റുപോയപ്പോഴും അതായിരുന്നു പ്രാര്‍ത്ഥന. പക്ഷെ, തൊട്ടടുത്ത വെള്ളിയാഴ്ചതന്നെ അതിന്റെ ഇരട്ടി ജീവനെടുക്കാന്‍ അപകടം വന്നെത്തി.
കോഴിക്കോട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടിരുന്നു. കൊണ്ടോട്ടിയില്‍ എത്തിയപ്പോഴാണ് അപകടവിവരമെത്തിയത്. നാലുപേര്‍ മരിച്ചെന്നായിരുന്നു വിവരം. പാര്‍ട്ടി നേതാക്കളെ വിവരമറിയിച്ച് ഉടന്‍ തിരിച്ചു. പെരിന്തല്‍മണ്ണയിലേക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ മരണസംഖ്യ കൂടിക്കൂടി വന്നു. ആശുപത്രികളിലെത്തുമ്പോള്‍ എങ്ങും കൂട്ടനിലവിളികള്‍ . ഉറ്റവരെ തിരയുന്ന ബന്ധുക്കള്‍ . ആശ്വസിപ്പിക്കാനാവാതെ കണ്ണീര്‍ തുടക്കുന്നവര്‍ . പ്രതീക്ഷകളോടെ വിവരം തേടുന്നവര്‍ . ആരൊക്കെയോ കുഴഞ്ഞുവീഴുന്നു. മരിച്ചവരെയും പരുക്കേറ്റവരെയും കണ്ടു. ഒന്നും സംഭവിച്ചില്ലെന്ന പ്രതീക്ഷയോട വരുന്ന ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കണ്ട് തകര്‍ന്നു. ആശുപത്രി പരിസരവും മരണവീടുകളും നാടും ജനത്തെക്കൊണ്ട് നിറഞ്ഞു. പിന്നെ എല്ലാം ജനം ഏറ്റെടുത്തു. വലിയ ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയായിരുന്നു.
ഉമ്മയുടെ മരണമായിരുന്നു ഇന്നലെ വരെ വലിയ ദുഖം. പക്ഷെ മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപങ്ങളാണ് ഏറ്റവും വലിയ ദുഖമെന്ന് തിരിച്ചറിയുന്നു. 44 ദിവസം മുമ്പാണ് ഉമ്മ മരിച്ചത്. അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല. അതിനുമുമ്പെ സഹിക്കാനാവാത്ത ദുരന്തം. തേങ്ങലടങ്ങില്ല. എത്ര പ്രതീക്ഷകളാണ് റോഡില്‍ ചിതറിയത്. വിദ്യാര്‍ത്ഥികളും ഗൃഹനാഥരും കുടുംബിനികളുമൊക്കെ അപകടത്തിന്റെ ഇരകളായി. ഒരുമിനിബസ്സ് അപകടം കഴിഞ്ഞപ്പോള്‍ നാലഞ്ച് കഷണങ്ങള്‍ പോലെയായി. എവിടെയൊക്കെയോ സംഭവിച്ച അശ്രദ്ധകള്‍ , നിയമലംഘനങ്ങള്‍ ..അതിന്റെ അവസാനത്തെ ഇരകളാണ് ഈ 13 പേര്‍ .
തിരുവനന്തപുരത്തുനിന്ന് രാത്രി മുഖ്യമന്ത്രി എത്തി. നാടിന്റെ കണ്ണീരൊപ്പാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, ആര്യാടന്‍ മുഹമ്മദ് എ.പി. അനില്‍കുമാര്‍ എന്നിവരും വന്നു. ജനനേതാക്കളും ഉദ്യോഗസ്ഥരുമെത്തി. പൊതുപ്രവര്‍ത്തകരും നേതാക്കളും ഒരുമെയ്യായി ഒഴുകിയെത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി സഹായങ്ങള്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചികില്‍സയിലുള്ളവര്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ്ണമായ സഹായമുണ്ടാവും. ഇതിനെല്ലാമുള്ള അടിയന്തര നടപടികള്‍ കൈക്കൊണ്ടു.
ഒരുനാടിന്റെ നന്മ തിരിച്ചറിയുന്ന രംഗം കൂടിയായിരുന്നു ആശുപത്രികളിലും വീടുകളിലും കണ്ടത്. ഭേദങ്ങളൊന്നുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജനം മുന്നിട്ടിറങ്ങി. ആശ്വസിപ്പിക്കാനും കൂടെനില്‍ക്കാനും എല്ലാവരുമുണ്ടായി. ഡോക്ടര്‍മാരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മറ്റെല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചു. ഷംന, ഷബീറ, സഫില, മുബഷിറ, തസ്നി, ഫാത്തിമ, മറിയ, നാദിനയ, സൈനബ, ഇഹ്തിഷാ എന്നിവരുട മയ്യിത്തുകള്‍ ഇന്ന് രാവിലെ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ക്കിടെ കബറടക്കി. നീതുവിന്റെയും ചെറിയക്കന്റെയും ചെറുക്കിയുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. വേദനിപ്പിക്കുന്ന ഓര്‍മ്മകളായി. അകാലത്തില്‍ വിട്ടുപോയവര്‍ക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഈ നാടിനെ ആശ്വസിപ്പിക്കാന്‍ നമുക്ക് കരുത്ത് ലഭിക്കട്ടെ. ഇനിയൊരു ദുരന്തത്തിനുകൂടി സാക്ഷിയാവാനുള്ള ദുര്‍വിധി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ.