Connect with us

National

വിവരാവകാശ നിയമം പാലിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതമാകും

Published

|

Last Updated

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ കഴിയാതെ വന്നതോടെ, കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കാനും പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ മൂന്നിന് ശേഷം ആറ് ആഴ്ചത്തെ സമയമാണ് കമ്മീഷന്‍ ഇതിന് അനുവദിച്ചത്. ഇതുവരെ ഒരു കോടതിയും ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാല്‍ പാര്‍ട്ടികള്‍ ഇത് അനുസരിക്കാന്‍ നിര്‍ബന്ധിതമാകും.
വിവരാവകാശ നിയമത്തിന് ഭേദഗതി വരുത്താന്‍ കഴിയാതിരുന്നത് ബി ജെ പിയുടെ പിന്‍മാറ്റം കൊണ്ടായിരുന്നു. ശൈത്യകാല സമ്മേളനത്തിന്റെ മുന്നോടിയായി നവംബര്‍ മധ്യത്തിലുണ്ടാകുന്ന പാര്‍ലിമെന്ററി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. വിവരാവകാശ പരിധിയില്‍ നിന്ന് പാര്‍ട്ടികളെ ഒഴിവാക്കുന്നതാണ് ഭേദഗതി. കോണ്‍ഗ്രസ്, ബി ജെ പി, സി പി എം, എന്‍ സി പി, ബി എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഇത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ആറാമത്തെ ദേശീയ പാര്‍ട്ടിയായ സി പി ഐ വിവരാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
അതേസമയം, പാര്‍ട്ടികള്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ജൂലൈ 28ന് എസ് സി അഗര്‍വാള്‍ എന്നയാള്‍ കമ്മീഷനെ സമീപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര പറഞ്ഞു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടില്ലാത്ത പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെ വിളിച്ചുവരുത്തും. ഭേദഗതിയും സ്റ്റേയും ഇല്ലാത്തതിനാല്‍ ഉത്തരവ് പാലിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ കോടതിയുടെ അധികാരമാണ് കമ്മീഷനുള്ളതെന്നും സമന്‍സോ അറസ്റ്റ് വാറണ്ടോ പുറപ്പെടുവിക്കുമെന്നും മുന്‍ വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി പറഞ്ഞു. ഈ വിഷയത്തില്‍ സ്വന്തമായി ഒന്നും ചെയ്യില്ലെന്നും മറ്റ് പാര്‍ട്ടികളുമായി കൂടിയാലോചിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറ് ദേശീയ പാര്‍ട്ടികള്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതു കൊണ്ട് പൊതുസ്വത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നും വിവരാവകാശ നിയമം ബാധകമാകുമെന്നുമായിരുന്നു വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്.

 

Latest