Connect with us

Ongoing News

കരുത്ത് ചോരാതെ നദാല്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ 2013 യു എസ് ഓപണ്‍ ഗ്രാന്‍സ്ലാം ചാമ്പ്യന്‍. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിചിനെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് നദാല്‍ തന്റെ പതിമൂന്നാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. 6-2, 3-6, 6-4, 6-1 നായിരുന്നു നദാലിന്റെ ജയം. 2010 ലാണ് നദാല്‍ ആദ്യ യു എസ് ഓപണ്‍ സ്വന്തമാക്കിയത്. ന്യൂയോര്‍ക്കില്‍ രണ്ടാം വട്ടവും ഗ്രാന്‍സ്ലാം ചാമ്പ്യന്‍ പദവിയിലേക്കുയര്‍ന്നതോടെ നദാല്‍ പതിനാല് ഗ്രാന്‍സ്ലാം സ്വന്തമാക്കിയ അമേരിക്കയുടെ പീറ്റ് സാംപ്രാസിന് അരികിലെത്തി. റോജര്‍ ഫെഡററുടെ പതിനേഴ് ഗ്രാന്‍സ്ലാം കിരീട നേട്ടത്തില്‍ എത്തിപ്പിടിച്ചേക്കുമെന്ന സൂചനയാണ് നദാല്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഫ്രഞ്ച് ഓപണും യു എസ് ഓപണും ജയിച്ച നദാല്‍ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജൊകോവിച് ഈ വര്‍ഷാദ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിക്കൊണ്ടാണ് തുടങ്ങിയത്. എന്നാല്‍, ഫ്രഞ്ച് ഓപണില്‍ നദാല്‍ പരുക്ക് മാറി തിരിച്ചെത്തിയതോടെ ജൊകോവിചിന് പിഴച്ചു. സെമിഫൈനലില്‍ നദാലിനോട് തോറ്റായിരുന്നു സെര്‍ബ് സൂപ്പര്‍ താരം പുറത്തായത്. വിംബിള്‍ഡണില്‍ ആദ്യമായി ബ്രിട്ടന്റെ ആന്‍ഡി മുറെ മുത്തമിട്ടപ്പോള്‍ ഫൈനലില്‍ നിരാശനായത് ജൊകോവിചായിരുന്നു. ഇപ്പോഴിതാ യു എസ് ഓപണിലും ജൊകോവിചിന് ഫൈനല്‍ തോല്‍വി, കിരീട നഷ്ടം.
37 തവണ നേര്‍ക്കു നേര്‍ വന്നപ്പോള്‍ നദാല്‍ 22 ജയവുമായി ജൊകോവിചിനെതിരെയുള്ള ലീഡ് ഉയര്‍ത്തി. നദാല്‍ ഏറെ വൈകാരികമായാണ് മത്സരശേഷം സംസാരിച്ചത്. ഈ കിരീടം തനിക്കെത്ര മാത്രം പ്രധാനമാണെന്ന് സുഹൃത്തുക്കള്‍ക്കറിയാം. നൊവാക് മികച്ച പ്രകടനം പുറത്തെടുത്തു. അയാളൊരു അസാധ്യ താരമാണ്. ടെന്നീസിലെ മികച്ച താരങ്ങളിലൊരാള്‍ – നദാല്‍ പറഞ്ഞു.
റാഫ തന്നെക്കാള്‍ മികച്ചു നിന്നു. കിരീടം അയാള്‍ അര്‍ഹിക്കുന്നു. ഫൈനലിലെ പരാജയം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍, പോരാട്ടം കാഴ്ച വെച്ചതില്‍ അഭിമാനിക്കുന്നു – ജൊകോവിച് പറഞ്ഞു.
പതിനെട്ടാം ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച നദാല്‍ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തി. ആദ്യ സെറ്റില്‍ ബ്രേക്ക് പോയിന്റോടെ 2-1ന് മുന്നിലെത്തിയ നദാല്‍ 5-2ന് കുതിച്ചു. 6-2ന് സെറ്റ് സ്വന്തമാക്കുകയും ചെയ്തു. വിംബിള്‍ഡണ്‍ ഫൈനലില്‍ മുറെക്ക് മുന്നില്‍ നേരിട്ട സെറ്റുകള്‍ക്ക് പരാജയപ്പെട്ട ജൊകോവിച് സമാനമായൊരു തോല്‍വി മുന്നില്‍ കണ്ടു. മാത്രമല്ല, 154 ഗ്രാന്‍സ്ലാം മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ആദ്യ സെറ്റ് ജയിച്ചിട്ടും നദാല്‍ കൈവിട്ടത്. റെക്കോര്‍ഡുകള്‍ സൂചിപ്പിച്ചത് നദാലിന്റെ കിരീടധാരണം തന്നെ. എന്നാല്‍, സെര്‍ബ് താരം എളുപ്പം കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. 3-6ന് ജൊകോവിച് രണ്ടാം സെറ്റ് തട്ടിപ്പറിച്ചെടുത്തു. ഇത്, സീന്‍ കോണറി, ലിയോനാര്‍ഡോ ഡി കപ്രിയോ, ജെസിക അല്‍ബ, ജസ്റ്റിന്‍ ടിംബെലെക്, ഡേവിഡ് ബെക്കാം എന്നിവരടങ്ങിയ പ്രൗഢമായ ഗ്യാലറിയെ ആവേശം കൊള്ളിച്ചു. എന്നാല്‍, മൂന്നാം സെറ്റ് 6-4നും നാലാം സെറ്റ് 6-1നും ജയിച്ച് നദാല്‍ തന്റെ പ്രതിഭയുടെ മാറ്ററിയിച്ചു.
നദാല്‍ മൂന്നാം സെറ്റില്‍ ബ്രേക്ക് പോയിന്റ് നേടിയതിന് ശേഷം ജൊകോവിച് ആത്മവിശ്വാസത്തോടെ കളിച്ചിട്ടില്ല. അവസാന പതിമൂന്ന് ഗെയിമുകളില്‍ പതിനൊന്നിലും സെര്‍ബ് താരം പരാജയപ്പെട്ടു. 53 അണ്‍ഫോഴ്‌സഡ് എററുകള്‍ വരുത്തിയ ജൊകോവിച് സ്വയം തോല്‍വിയിലേക്ക് വഴുതി.
കലണ്ടര്‍ ഗ്രാന്‍സ്ലാം സാധ്യമല്ല
2010 ല്‍ യു എസ് ഓപണ്‍ സ്വന്തമാക്കിയ കരിയര്‍ ഗ്രാന്‍സ്ലാം ക്ലബ്ബില്‍ അംഗമായ റാഫേല്‍ നദാല്‍ കലണ്ടര്‍ ഗ്രാന്‍സ്ലാം ക്ലബ്ബ് ലക്ഷ്യമിടുന്നില്ല. ഇന്നത്തെ കാലത്ത് അസാധ്യമാണത്. ഒരു സീസണിലെ എല്ലാ ഗ്രാന്‍സ്ലാമുകളും ജയിക്കുക വെല്ലുവിളിയാണ് – നദാല്‍ പറഞ്ഞു. രണ്ട് പേര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. 1938 ല്‍ ഡോണ്‍ ബഡ്ജും 1962, 69 വര്‍ഷങ്ങളില്‍ റോഡ് ലവറും.
എക്കാലത്തേയും മികച്ച കളിക്കാരുടെ സംഘമാണ് ഇപ്പോഴുള്ളത്. ഒരു ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡററെയും ഡേവിഡ് ഫെററെയും അന്‍ഡി മുറെയെയും ജൊകോവിചിനെയും നേരിടേണ്ടി വരും. ഇവരെ എല്ലായ്‌പോഴും തോല്‍പ്പിക്കാന്‍ സാധിക്കുമോ. നൂറ് ശതമാനം അര്‍പണമനോഭാവത്തോടെയാണ് ഓരോ താരവും കളിക്കുന്നത് – നദാല്‍ വിശദീകരിച്ചു.
എട്ട് ഫ്രഞ്ച് ഓപണ്‍, രണ്ട് വിംബിള്‍ഡണ്‍, രണ്ട് യു എസ് ഓപണ്‍, ആസ്‌ത്രേലിയന്‍ ഓപണ്‍ എന്നിങ്ങനെയാണ് സ്പാനിഷ് താരത്തിന്റെ ഗ്രാന്‍സ്ലാം നേട്ടങ്ങള്‍. കരിയറിലെ ആകെ അറുപത് കിരീടങ്ങള്‍. ഈ വര്‍ഷം പത്ത് കിരീടങ്ങള്‍ നേടി നദാല്‍ മികച്ച സീസണ്‍ ആഘോഷിച്ചു. ഈ വര്‍ഷം 63 മത്സരങ്ങളില്‍ ആകെ മൂന്നെണ്ണമാണ് നദാല്‍ തോറ്റത്.
ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായതിന് പിന്നാലെ വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ പുറത്തായത് നദാലിനെ ഞെട്ടിച്ചിരുന്നു. യു എസ് ഓപണിലെ കിരീട വിജയം പക്ഷേ നദാലിന് പുത്തനുണര്‍വേകുന്നു. റോജര്‍ ഫെഡററുടെ പതിനേഴ് ഗ്രാന്‍സ്ലാം റെക്കോര്‍ഡ് മറികടക്കുക പ്രയാസകരമാണ്. കാരണം, ഫെഡറര്‍ കളമൊഴിഞ്ഞിട്ടില്ല. അദ്ദേഹം ഗംഭീരമായി തിരിച്ചുവരവ് നടത്തിയേക്കാം. എന്നാല്‍, തനിക്ക് കുറച്ച് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ കൂടി നേടാനാകുമെന്ന ശുഭാപ്തി വിശ്വാസം നദാല്‍ പങ്കുവെച്ചു.

ഒന്നാം നമ്പര്‍ നഷ്ടമാകും
വര്‍ഷാവസാനത്തോടെ റാഫേല്‍ നദാല്‍ തന്റെ ഒന്നാം നമ്പര്‍ പദവി പിടിച്ചെടുക്കുമെന്ന് നൊവാക് ജൊകോവിച്. ഇരുപത്തേഴ് വയസിനുള്ളില്‍ പതിമൂന്ന് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയ നദാല്‍ ചില്ലറക്കാരനല്ല. ഏറെ ആദരവോടും ബഹുമാനത്തോടെയുമാണ് സ്പാനിഷ് താരത്തെ നോക്കിക്കാണുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കൂടി നദാലിന് ഇതേ മികവില്‍ തുടരാന്‍ സാധിക്കും. തീര്‍ച്ചയായും പുതിയ റെക്കോര്‍ഡുകള്‍ നദാല്‍ സ്വന്തം പേരില്‍ ചേര്‍ക്കും- ജൊകോവിച് പറഞ്ഞു. 2012 ലെ അവസാന പകുതിയും 2013 ആസ്‌ത്രേലിയന്‍ ഓപണും പരുക്ക് കാരണം നദാലിന് നഷ്ടമായപ്പോള്‍ ജൊകോവിച് ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് തകര്‍പ്പന്‍ വിജയങ്ങളോടെ കുതിച്ചെത്തുകയായിരുന്നു.

Latest