Malappuram
ആറ് കോടി രൂപ അനുവദിച്ചു മഞ്ചേരിക്ക് സ്വപ്നസാഫല്യം
മഞ്ചേരി: കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മഞ്ചേരിക്ക് സ്വപ്‌ന സാഫല്യം. മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനും ഫുട്‌ബോല്‍ അക്കാദമിക്കും ആറ് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ പദ്ധതിയുടെ ഒന്നാംഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പായി.
കോംപ്ലക്‌സിന്റെ കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാനുള്ള നാലു കോടി രൂപ രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചിരുന്നു. 11 കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ വേണ്ടതു ചെയ്യുമെന്നും മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയം സന്ദര്‍ശിച്ച വേളയില്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദ് പ്രഖ്യാപനം നടത്തിയിരുന്നു. ഈ വാഗ്ദാനമാണ് കേന്ദ്ര മന്ത്രി അഹമ്മദ് പാലിച്ചത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍ എം ഉമര്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, ജില്ലാ കലക്ടര്‍ എന്നിവര്‍ പ്രത്യേകം താത്പര്യമെടുത്തതോടെയാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയവും മന്ത്രി ഇ അഹമ്മദും മഞ്ചേരി ഫുട്‌ബോള്‍ അക്കാദമി യാഥാര്‍ഥ്യമാക്കുന്നതിന് ആറ് കോടി രൂപ അനുവദിച്ചത്. സ്റ്റേഡിയം, ഗ്യാലറി, ഫുട്‌ബോള് അക്കാദമി എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ഇത് യഥാര്‍ഥ്യമാകുന്നതോടെ ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ജില്ലക്ക് സ്വന്തമായി ഒരു ഗ്രൗണ്ടില്ലെന്ന ദീര്‍ഘകാലത്തെ പ്രശ്‌നം പരിഹരിക്കപ്പെടും. ദേശീയ നിലവാരമുള്ള ടൂര്‍ണമെന്റുകല്‍ ജില്ലയിലേക്ക് കൊണ്ടുവരാനും പരിശീലന പരിപാടികള്‍ നടപ്പാക്കാനും യുവ പ്രതിഭകളെ വാര്‍ത്തെടുക്കാനും ഇതോടെ സാധിക്കും.
പദ്ധതിക്കാവശ്യമായ വെള്ളത്തിന് ആനക്കയത്തെ കടലുണ്ടിപുഴയില്‍ ജലസംഭരണിയായി. പൈപ്പ് ലൈനിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്കുള്ള റോഡുകള്‍ക്ക് പി ഡബ്ല്യൂ ഡി മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തും റബറൈസ്ഡ് റോഡ് വരും. ചുറ്റുമതിലും മനോഹരമായ ഗെയ്റ്റും സ്ഥാപിക്കും. പിലാക്കല്‍ പുഴങ്കാവ് റോഡും ചീനക്കമണ്ണ റോഡും വീതി കൂട്ടും. വൈദ്യുതിക്കായി ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കും.
ഫുട്‌ബോള്‍ നെഞ്ചേറ്റുന്ന കാല്‍പ്പന്ത് കളിയുടെ തറവാടിക്ക് സ്വന്തമായി ഒരു ഗ്രൗണ്ടില്ലെന്ന് വലിയൊരു ന്യൂനതയായിരുന്നു. മികച്ച ടൂര്‍ണമെന്റുകള്‍ ജില്ലയില്‍ കൊണ്ടുവരാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ടായിരുന്നു. സ്റ്റേഡിയം നിലവില്‍ വരുന്നതോടെ ദേശീയ നിലവാരമുള്ള ടൂര്‍ണമെന്റുകള്‍ ജില്ലയില്‍ കൊണ്ടുവരാനാകും. ടാറ്റാ ഫുട്‌ബോള്‍ അക്കാദമയിലുള്ള പോലെ മികച്ച രീതിയിലുള്ള പരിശീലനവും അടുത്ത തലമുറക്ക് ലഭിക്കും. ഫുട്ബളില്‍ മലപ്പുറം എന്തെങ്കിലുമാണെങ്കില്‍ അത് പാരമ്പര്യമായി കുട്ടിയതാണ്. അത് പരിപോഷിപ്പിക്കാന്‍ അക്കാദമിക്കാകും. ഏറ്റവുമധികം സെവന്‍സ് ടൂര്‍ണമെന്റ് നടക്കുന്ന ജില്ല അടുത്ത ജനുവരി മുതല്‍ ദേശീയ താരങ്ങള്‍ അണി നിരക്കുന്ന മത്സര ഭൂമിയായി മാറും.
2008 ഫെബ്രുവരി അവസാന വാരമാണ് നഗരസഭയുടെ പയ്യനാടുള്ള 25, 2492 ഏക്കര്‍ ഭൂമി സൗജന്യമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കമാറിയത്. 51.50 കോടിയുടെ പദ്ധതിയാണ് രണ്ടാംഘട്ടങ്ങളിലായി നടപ്പാക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍കുളം, ഹോസ്റ്റല്‍, പാര്‍ക്കിംഗ് ഏരിയ, ഹോക്കി ഗ്രൗണ്ട്, ഓപ്പണ്‍ വോളിബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, സിന്തറ്റിക് ട്രാക്ക് എന്നിവ രണ്ടാംഘട്ടത്തിലാണുണ്ടാവുക. പദ്ധതി ചെലവനുസരിച്ചായിരിക്കും രണ്ടാംഘട്ടം.