International
സിറിയക്കെതിരായ സൈനിക നടപടി ഉപേക്ഷിക്കാന്‍ റഷ്യ-യു എസ് ധാരണ
ജനീവ: സിറിയക്കെതിരായ സൈനിക നടപടി താത്കാലികമായി ഒഴിവാക്കാന്‍ യു എസ്- റഷ്യ ധാരണ. സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ യു എസ് – റഷ്യ വിദേശകാര്യ സെക്രട്ടറിമാര്‍ ജനീവയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. 2014 മധ്യത്തോടെ സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാനോ നീക്കം ചെയ്യാനോ ആണ് ശ്രമിക്കുന്നത്. രാജ്യത്തെ രാസായുധങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒരാഴ്ചക്കുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കരട് രേഖ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തയ്യാറാക്കി. ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ സിറിയക്കെതിരെ സൈനിക നടപടി വേണമെന്ന പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുവരാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.
രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം സിറിയയിലെ ബശര്‍ അല്‍ അസദ് ഭരണകൂടം നിറവേറ്റണമെന്ന് കൂടിക്കാഴ്ചക്ക് ശേഷം റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്‌റോവും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാസായുധങ്ങളെ കുറിച്ചുള്ള വിവരം നല്‍കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ സൈനിക നടപടി അനുവദിക്കുന്ന യു എന്‍ ചാര്‍ട്ടറിലെ ഏഴാം അധ്യായ പ്രകാരം പ്രമേയം കൊണ്ടുവരുമെന്ന് ഇരുവരും വ്യക്തമാക്കി.
സിറിയയുടെ കൈവശം ആയിരം ടണ്‍ രാസായുധങ്ങള്‍ ഉണ്ടെന്നാണ് യു എസും റഷ്യയും സ്ഥിരീകരിച്ചിട്ടുള്ളത്. രാസായുധങ്ങള്‍ ഇല്ലാതാക്കാന്‍ ആറിന പദ്ധതിക്കാണ് ജോണ്‍ കെറി രൂപം നല്‍കിയത്. ആയുധങ്ങളുടെ തരവും അളവും സമ്മതിക്കുകയും അവ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തയ്യാറാകുകയും വേണമെന്നതാണ് ഇതിലൊന്ന്. രാസായുധങ്ങളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ തയ്യാറാകണം. അന്താരാഷ്ട്ര രാസായുധവിരുദ്ധ ഉടമ്പടിയില്‍ ഒപ്പ് വെക്കുകയും അതനുസരിച്ചുള്ള കര്‍ശനമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുകയും വേണം. അതുവഴി രാസായുധങ്ങളുടെ ത്വരിതഗതിയിലുള്ള നശീകരണം അനുവദിക്കണം. എല്ലാ സ്ഥലങ്ങളിലും പരിശോധന അനുവദിക്കണം. രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനും സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും തയ്യാറാകണം. യു എന്‍ ചാര്‍ട്ടറിന്റെ ഏഴാം ഭാഗം അനുസരിച്ച് ഈ പ്രക്രിയകള്‍ക്കെല്ലാം യു എന്‍ മേല്‍നോട്ടം വഹിക്കും. നാല്‍പ്പത്തഞ്ച് സ്ഥലങ്ങളിലായാണ് സിറിയ രാസായുധം ശേഖരിച്ചിരിക്കുന്നതെന്നാണ് യു എസ് പറയുന്നത്. ഇവയെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും യു എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, രാസായുധങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന സ്ഥലങ്ങളുടെ എണ്ണത്തില്‍ യു എസുമായി റഷ്യ ധാരണയിലെത്തിയിട്ടില്ല. സിറിയക്കെതിരെ സൈനിക നടപടി വേണമെന്ന യു എസ് ആവശ്യത്തെ പിന്തുണച്ച ഫ്രാന്‍സ്, കെറി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു.
അതേസമയം, അസദ് ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുന്ന ഫ്രീ സിറിയന്‍ ആര്‍മി, കെറിയുടെ നിര്‍ദേശങ്ങള്‍ തള്ളി. പോരാട്ടം രൂക്ഷമാക്കുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി.
സിറിയയില്‍ ആഗസ്റ്റ് 21ന് നടന്ന രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്വം വിമതര്‍ക്കാണെന്നാണ് അസദ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ അസദ് ഭരണകൂടമാണെന്ന നിലപാടിലാണ് യു എസ്. ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് സൈനിക നടപടിയുമായി യു എസ് ആദ്യം മുന്നോട്ടു വന്നത്. ഇതിനെതിരെ റഷ്യ നിലപാട് എടുത്തതോടെയാണ് സമവായത്തിലേക്ക് നീങ്ങിയത്.
രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്ന റഷ്യയുടെ നിര്‍ദേശം സിറിയ അംഗീകരിച്ചു. അന്താരാഷ്ട്രതലത്തിലും ആഭ്യന്തരമായും ഒറ്റപ്പെട്ട യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഈ അവസരം ഉപയോഗിക്കാന്‍ തയ്യാറായതോടെയാണ് ആക്രമണ ഭീതി തത്കാലം നീങ്ങിയത്.