International
സിറിയന്‍ വിമതര്‍ സര്‍ക്കാര്‍ അനുയായികളുടെ തലവെട്ടി
ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണച്ചവരെ വിമത സായുധ സംഘം ക്രൂരമായി കൊലപ്പെടുത്തി. ജനമധ്യത്തില്‍ ഇരുകൈകളും ബന്ധിച്ചതിനു ശേഷം മര്‍ദിക്കുകയും പിന്നീട് തലവെട്ടുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വടക്കന്‍ സിറിയയിലെ വിമതരുടെ ശക്തികേന്ദ്രമായ കെഫര്‍ഗാന്‍ മേഖലയിലാണ് ക്രൂര കൃത്യം നടന്നത്. ആഗസ്റ്റ് 31ന് പകര്‍ത്തിയ ചിത്രവും വാര്‍ത്തയും ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സിറിയയിലെ സര്‍ക്കാര്‍ അനുയായികള്‍ക്ക് നേരെ മനുഷ്യത്വരഹതിമായ ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് നൂറ് കണക്കിന് പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വധശിക്ഷ വിധിക്കപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. അല്‍ഖാഇദയുമായി ബന്ധമുള്ള വിമത സായുധ സംഘമായ ഐ എസ് ഐ എസ് ആണ് ആക്രമണത്തിന് പിന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ക്രൂരമായ യുദ്ധക്കുറ്റമാണ് നടന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.