International
സിറിയയില്‍ രാസായുധം പ്രയോഗിച്ചത് യു എന്‍ സ്ഥിരീകരിച്ചു
ഡമാസ്‌കസ്: സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന്് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് സമീപം സരിന്‍ എന്ന വിഷവാതകം റോക്കറ്റ് ഉപയോഗിച്ച് പ്രയോഗിച്ചതായാണ് യു എന്‍ കണ്ടെത്തിയിരിക്കുന്നത്. സിറിയയില്‍ രാസായുധം പ്രയോഗിച്ചത് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഐക്യരാഷ്ട്രസഭയുടെ രാസായുധ അന്വേഷണ വിഭാഗം തലവന്‍ അകെ സെല്‍സ്‌ട്രോം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ സെല്‍സ്‌ട്രോം യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് റിപ്പോര്‍ട്ട് കൈമാറുന്നതിന്റെ ചിത്രത്തില്‍ റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് വ്യക്തമായി കാണാം. ഇതില്‍ രാസായുധ പ്രയോഗം സ്ഥിരീകരിക്കുന്നുണ്ട്. സിറിയയില്‍ നിന്നും രാസായുധ പ്രയോഗം നടന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആമുഖ പേജില്‍ തന്നെ പറയുന്നത്. ഭരണത്തിനെതിരായ പ്രതിഷേധം അടക്കാന്‍ സിറിയന്‍ ഭരണകൂടമാണ് രാസായുധം പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.