National
എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് ആയിരത്തോളം സാമുദായിക കലാപങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് ആയിരത്തോളം രാഷ്ട്രീയ, സാമുദായിക കലാപങ്ങള്‍ നടന്നതായി സര്‍വേ. ഈയടുത്ത് പൊട്ടിപ്പുറപ്പെട്ട മുസാഫര്‍നഗര്‍ കലാപമടക്കമാണിതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. എട്ട് വര്‍ഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ കലാപങ്ങളില്‍ 965 പേരാണ് കൊല്ലപ്പെട്ടത്. 18,000 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇവരില്‍ പകുതിയും നടന്നത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ്. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും ജനസംഖ്യാ വര്‍ധനവാണ് ഇത്തരം കലാപങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നത്. 2005 പകുതി മുതല്‍ ഇക്കാലയളവ് വരെയുള്ള കണക്കനുസരിച്ചാണ് സര്‍വേ നടത്തിയിട്ടുള്ളത്. സംസ്ഥാന നിയമസഭകളില്‍ ആഭ്യന്തര മന്ത്രിമാര്‍ നടത്തിയിട്ടുള്ള ചോദ്യോത്തരങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ.
അതേസമയം സാമുദായിക കലാപങ്ങള്‍ ഏത് സമയത്തും പൊട്ടിപ്പുറപ്പെടാന്‍ സാധ്യത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് സര്‍വെ പറയുന്നു. ആന്ധ്ര പ്രദേശ്, ചത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘര്‍ഷങ്ങള്‍ കുറവ്.