Connect with us

Articles

ഒരു നിരായുധീകരണ കരാറിന്റെ അകപ്പൊരുള്‍

Published

|

Last Updated

ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ആരാന്റെ ഞരമ്പുകളില്‍
-വി കെ എന്‍
അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. നിങ്ങള്‍ “നിരായുധരാകണം. നിങ്ങള്‍ക്ക് ആണവപരീക്ഷണം പാടില്ല. ഞങ്ങള്‍ക്ക് എന്തുമാകാം. ചോര തിളക്കേണ്ടത് നിങ്ങളുടെ ഞരമ്പുകളിലാണ്.” സിറിയയില്‍ നിന്ന് ആക്രമണ ഭീതി തത്കാലം ഒഴിഞ്ഞു പോയതിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചെന്നാല്‍ കാണുന്ന ചിത്രം അതാണ്. ആ രാജ്യത്തിന്റെയും മധ്യപൗരസ്ത്യ മേഖലയുടെയും അതു വഴി ലോകത്തിന്റെയാകെയും സമാധാനത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവരെ ഏറെയൊന്നും സന്തോഷിപ്പിക്കുന്നതല്ല ഈ ചിത്രം. സ്വന്തം പ്രതിസന്ധിയില്‍ നിന്ന് വന്‍ ശക്തികള്‍ പുറത്തുകടന്നു. പ്രാമാണിത്വം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് വേണ്ടുവോളം അവസരം ലഭിച്ചു. “നിങ്ങളുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കുമെ”ന്ന മാടമ്പിത്തരത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. എങ്കിലും മാടമ്പിമാര്‍ തീരുമാനിച്ചത് ബോംബിട്ട് രസിക്കാനല്ലല്ലോ. അത്രയും സമാധാനം. ആയുധക്കച്ചവടത്തിന്റെ വലിയൊരു സാധ്യത തത്കാലത്തേക്കെങ്കിലും വേണ്ടെന്ന് വെക്കുക വഴി ത്യാഗപൂര്‍ണമായ ചുവടുവെപ്പാണ് അവര്‍ നടത്തിയത്. ജനീവ ഇത്തരം നീക്കുപോക്കുകളുടെ കേന്ദ്രമാണ്. ആധുനിക മാനവചരിത്രത്തിലെ നിരവധി ചതികള്‍ കരാറുകളുടെ രൂപത്തില്‍ പിറന്നത് ഇവിടെയാണ്. അതുകൊണ്ട് നയതന്ത്ര വിജയത്തിന്റെയും നിലക്കുനിര്‍ത്തലുകളുടെയും സമ്മര്‍ദ തന്ത്രങ്ങളുടെയും ആശ്വാസനിശ്വാസത്തിന്റെയും ആഘോഷങ്ങള്‍ക്കപ്പുറത്തേക്ക്, ഈ ധാരണയിലെ ഇരുണ്ട ഇടങ്ങളിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു.
എന്താണ് ജനീവയില്‍ സംഭവിച്ചത്? സിറിയയുടെ രാസായുധങ്ങള്‍ പൂര്‍ണമായി അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നേട്ടു വെച്ച പദ്ധതി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അംഗീകരിച്ചു. 2014 ഓടെ രാസായുധങ്ങള്‍ മുഴുവന്‍ നശിപ്പിക്കണം. രാസായുധവിരുദ്ധ ഉടമ്പടിയില്‍ ഒപ്പ് വെക്കണം. ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര സംഘത്തിന് തുറന്നു കൊടുക്കണം. ഗവേഷണങ്ങള്‍ നടക്കുന്ന എല്ലാ പരീക്ഷണശാലകളും അടച്ചുപൂട്ടണം. ഇക്കാര്യങ്ങളെല്ലാം യു എന്‍ നിരീക്ഷിക്കും. എന്തെങ്കിലും അലംഭാവം ഉണ്ടെന്ന് കണ്ടെത്തിയാല്‍ യു എന്‍ രക്ഷാസമിതി പ്രമേയത്തിന്റെ പിന്തുണയോടെ ആക്രമിക്കും. ഈ ആക്രമണത്തില്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളും നാറ്റോ സഖ്യവും പങ്കെടുക്കും. ജനീവയില്‍ ഒന്ന് “ഇരുന്നു”വെന്നേ ഉള്ളൂ. നേരത്തേ തന്നെ കാര്യങ്ങളിലെല്ലാം തീരുമാനമായിരുന്നു. വിമതര്‍ക്കെതിരെ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള യു എന്‍ അന്വേഷണത്തിന്റെ ഫലം വരുന്നതിന് മുമ്പ് തന്നെ അമേരിക്ക ആക്രമണ കാഹളം മുഴക്കുകയും മധ്യധരണ്യാഴിയില്‍ പടക്കപ്പലുകള്‍ അഭ്യാസം തുടങ്ങുകയും ചെയ്തപ്പോള്‍ തന്നെ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ പ്രവചിച്ചിരുന്നു: പ്രത്യക്ഷ ആക്രമണം ഉണ്ടാകില്ല. ഭീഷണികളുടെ വായ്ത്താരികള്‍ ഉച്ചസ്ഥായിയിലായപ്പോഴും അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സ്വരം മാത്രമാണല്ലോ ഉയര്‍ന്നു കേട്ടിരുന്നത്. ജി 20 ഉച്ചകോടിയില്‍ പിന്തുണ യാചിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇന്ത്യ പോലും ഇടഞ്ഞു. അപ്പോള്‍ തന്നെ വ്യക്തമായതാണ് അമേരിക്ക അനുരഞ്ജനത്തിന്റെ വഴി തേടുകയാണെന്ന്. നാടന്‍ തല്ല് നടക്കുന്നിടത്ത് ഇടക്കിടക്ക് അരങ്ങേറുന്ന ഒരു രംഗമുണ്ട്. ഭീരുവായ തല്ലുകാരന്‍ തന്നെ പിടിച്ചു വെച്ച ആള്‍ക്കൂട്ടത്തോട് അലറും: എന്നെ വിടൂ. ഞാനവന്റെ മൂക്ക് ചെത്തിയെടുക്കും. പിടിവിടില്ല അനുയായികള്‍. പിടിവിട്ടാല്‍ മൂക്ക് ചെത്തുമെന്നോര്‍ത്തല്ല. വിട്ടാല്‍ അയാള്‍ ഒന്നും ചെയ്യില്ലെന്ന് അവര്‍ക്കറിയാം. ആ “ശക്തിമാ”ന്റെ മാനം രക്ഷിക്കാനാണ് ഇങ്ങനെ വരിഞ്ഞുപിടിക്കുന്നത്.

ഇത്തരമൊരു പരസ്പര സഹകരണമാണ് സത്യത്തില്‍ അമേരിക്കയും റഷ്യയും സിറിയയുടെ കാര്യത്തില്‍ പയറ്റിയത്. പുതിയ കാലത്തെ വ്യാപാര മന്ത്രമായ ഗിവ് ആന്‍ഡ് ടേക് തന്നെയാണ് നടന്നത്. വലിയ വീരവാദം മുഴക്കിയ ഒബാമക്ക് ഒരു രക്ഷാമാര്‍ഗം വേണമായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആക്രമണ പ്രമേയം കൊണ്ടുവരാന്‍ പോലും ധൈര്യമില്ലാതെയാണ് അദ്ദേഹം വലിയ വായില്‍ ഭീഷണി മുഴക്കിയിരുന്നത്. അദ്ദേഹത്തെ പിടിച്ചുവെക്കാന്‍ ഒരാള്‍ വേണമായിരുന്നു. റഷ്യ ആ ഭാഗം നന്നായി ആടി. മാത്രമല്ല, ആക്രമണം നടന്നാല്‍ ഇസ്‌റാഈലിലേക്ക് അത് പടരുമെന്ന് അമേരിക്കക്ക് നന്നായി അറിയാം. ആരൊക്കെ എവിടെയൊക്കെ നില്‍ക്കുമെന്ന് വ്യക്തമാകും. ഇറാന്‍, ലബനാന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ബശര്‍ അല്‍ അസദിന്റെ സഹായത്തിന് എത്തിയേക്കാം. റഷ്യക്കും ചൈനക്കും മറിച്ചൊരു നിലപാട് എടുക്കാനാകില്ല. ഒരു ആവേശത്തിന് ചാടിയാല്‍ കയറിപ്പോരാവുന്ന കിണറല്ല സിറിയ എന്ന് അമേരിക്കക്ക് തിരിച്ചറിവുണ്ട്. ബശര്‍ അല്‍ അസദിനെ അനുരഞ്ജനത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ റഷ്യക്ക് സാധിച്ചു. അത് സ്വാഭാവികമാണ്. സിറിയയുടെ ദീര്‍ഘകാലത്തെ പ്രതിരോധ, സാമ്പത്തിക പങ്കാളിയാണ് റഷ്യ. ആ പങ്കാളിത്തത്തിന്റെ ഭാഗമായ നീക്കുപോക്കിന് മാത്രമാണ് സിറിയ ഇപ്പോള്‍ വഴങ്ങിയിട്ടുള്ളത്. ജനീവാ കരാറിനെക്കുറിച്ച് ബശര്‍ അല്‍ അസദ് പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.
അമേരിക്ക കീഴടങ്ങിയെന്ന തരത്തിലുള്ള വ്യാഖ്യനങ്ങളിലും കഴമ്പില്ല. വാഴിച്ചും വഴിനടത്തിയും അമേരിക്ക സംരക്ഷിച്ചു നിര്‍ത്തുന്ന ഇസ്‌റാഈലിന്റെ ഭാഗം ഇത്തവണയും അവര്‍ വിജയിപ്പിച്ചെടുത്തു. മേഖലക്ക് ഭീഷണി സിറിയ മാത്രമാണെന്ന യു എസ് വാദം ഒരു എതിര്‍പ്പുമില്ലാതെ റഷ്യ അംഗീകരിച്ചു. സിറിയയുടെ രാസായുധ ശേഖരം ഇസ്‌റാഈലിന്റെ രാസായുധ ശക്തിയോടുള്ള പ്രതികരണമാണെന്ന മുന്‍ നിലപാട് വിഴുങ്ങാന്‍ റഷ്യ തയ്യാറാകേണ്ടി വന്നു. സിറിയയില്‍ ഭരണകൂടമാണ് രാസായുധ പ്രയോഗം നടത്തിയതെന്ന തങ്ങളുടെ വാദം തെളിയിക്കാന്‍ എമ്പാടും വസ്തുതകള്‍ കൈയിലുണ്ടെന്ന അമേരിക്കന്‍ വീമ്പ് ജനവയില്‍ പരീക്ഷിക്കപ്പെട്ടില്ല. ഇന്നും അത് സംബന്ധിച്ച് ഒരു തീര്‍പ്പ് വന്നിട്ടില്ല. സരിന്‍ വാതകം ഉപയോഗിച്ചുവെന്നേ യു എന്‍ സംഘം പറഞ്ഞിട്ടുള്ളൂ. അങ്ങനെ തീര്‍പ്പാകാത്ത ഒരു ആരോപണത്തിന്റെ പിന്‍ബലത്തില്‍ (ചുറ്റും നിലനില്‍ക്കുന്ന ഭീഷണികളില്‍ ഒന്നില്‍ പോലും ശമനമില്ലാതിരിക്കെ) അത്യപൂര്‍വമായ ഒരു നിരായുധീകരണത്തിന് സാധിക്കുന്നുവെങ്കില്‍ അത് അമേരിക്കയുടെ വിജയമല്ലാതെ മറ്റെന്താണ്?
ഇനി റഷ്യയുടെ കാര്യമോ? അന്താരാഷ്ട്രതലത്തില്‍ നിര്‍ണായകമായ കസേരകളൊന്നുമില്ലാതിരുന്ന റഷ്യക്ക് പെട്ടെന്ന് നേതൃസ്ഥാനം കൈവന്നു. അമേരിക്കയുമായി സമഭാവം കൈവരിക്കാന്‍ ഹ്രസ്വകാലത്തേക്കെങ്കിലും അവര്‍ക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ സാമാന്യ ബോധം തന്നെ റഷ്യയെ ആരാധ്യമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. സ്‌നോഡന് അഭയം കൊടുത്തത് മുതല്‍ റഷ്യ ഡിപ്ലമാറ്റിക് ബിഗ് ഗെയിമിലേക്ക് നീങ്ങിയിരുന്നു. ചൈന കൂടി പക്ഷം ചേര്‍ന്നതോടെ അതിന് ശീതസമരകാലത്തിന്റെ പരിവേഷവും ലഭിച്ചു. ആക്രമണമുണ്ടായിരുന്നെങ്കില്‍ പ്രത്യക്ഷത്തില്‍ സിറിയക്ക് വേണ്ടി ഇറങ്ങുകയെന്ന സമ്മര്‍ദത്തില്‍ നിന്ന് വഌദമീര്‍ പുടിന്‍ തത്കാലം രക്ഷപ്പെട്ടു. സിറിയ, ഇറാന്‍, ചൈന, ഉത്തര കൊറിയ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സ്വാധീനം കുറേക്കൂടി ശക്തമാക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് ലിഭിച്ചു. പുടിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതും കൂടിയായാല്‍ ഈ കച്ചവടത്തില്‍ റഷ്യയുടെ ലാഭം ഇരട്ടിയായി. ഇപ്പറഞ്ഞതെല്ലാം ഈ സന്ദിഗ്ധ ഘട്ടത്തില്‍ റഷ്യ പുറത്തെടുത്ത നയതന്ത്രത്തെ വില കുറച്ച് കാണാനല്ല. അത് അമൂല്യം തന്നെയാണ്. പക്ഷേ, നയതന്ത്രങ്ങള്‍ക്കൊടുവില്‍ അനിവാര്യമായും നടക്കേണ്ട കണക്കെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മേശക്കിരു പുറവും ഇരുന്നവരുടെ നില ഭദ്രമായിരുന്നുവെന്ന വസ്തുതയാണ് ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനം.
ആധുനിക കാലത്ത് ആയുധശേഷി യുദ്ധത്തിന്റെ മാത്രം ഉപാധിയല്ല. അത് സമാധാനത്തിന്റെ കൂടി നിദാനമാണ്. എതിരാളിയുടെ ശക്തിയെക്കുറിച്ച് ഇരു പക്ഷത്തിനുമുള്ള ഭയം സമാധാനത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നു. അങ്ങനെയെങ്കില്‍ സിറിയയുടെ രാസായുധ ശേഷി അസ്തമിക്കുന്നത് മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുക. രാസായുധ നിര്‍മാര്‍ജന കരാറില്‍ 1993ല്‍ തന്നെ ഇസ്‌റാഈല്‍ ഒപ്പ് വെച്ചിട്ടുണ്ട്. പക്ഷേ, കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഒരു നടപടിയും ജൂതരാഷ്ട്രം കൈക്കൊണ്ടിട്ടില്ല. ഒരു പരിശോധനയും അവര്‍ അനുവദിച്ചിട്ടില്ല. സിറിയ രാസായുധമുക്തമാകുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലിനെയും കരാറിന്റെ പരിധിയിലേക്ക് വരാന്‍ നിര്‍ബന്ധിക്കേണ്ടതാണ്. എങ്കിലേ മേഖലയില്‍ സന്തുലനം സാധ്യമാകുകയുള്ളൂ. എന്നാല്‍, സിറിയയുടെ സന്നദ്ധത വിശ്വസിക്കാനാകില്ലെന്നാണ് ഇസ്‌റാഈലിന്റെ പുതിയ വാദം. അന്താരാഷ്ട്ര പരിശോധകര്‍ക്ക് സിറിയയുടെ രഹസ്യ സങ്കേതങ്ങളിലേക്ക് കടന്നുചെല്ലാനാകില്ലത്രേ. രഹസ്യ സങ്കേതമെന്നത് തികച്ചും അമൂര്‍ത്തമായ സങ്കല്‍പ്പമാണ്. എല്ലാം പരസ്യമാക്കിയാലും രഹസ്യം ആരോപിക്കാവുന്നതാണ്. എന്നുവെച്ചാല്‍ ഇസ്‌റാഈലിന്റെ രാസായുധ ശേഷി അപ്പടി തുടരും. അത് പിടിച്ചുവാങ്ങാന്‍ അമേരിക്ക തയ്യാറാകുമോ?
ഇപ്പോള്‍ എത്തിച്ചേര്‍ന്ന കരാറിന്റെ ഭാവി കൂടി ഇസ്‌റാഈലിന്റെ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കാം. ഏത് നിമിഷവും അമേരിക്കക്ക് സിറിയയെ ആക്രമിക്കാം. രാസായുധങ്ങള്‍ പൂര്‍ണമായി നശിപ്പിച്ചില്ലെന്ന് വെറുതേ ആരോപിച്ചാല്‍ മതിയാകും. ആര് എന്ത് പറഞ്ഞാലും അമേരിക്കക്ക് ബോധ്യപ്പെടില്ല. ഇറാന്റെ കാര്യത്തില്‍ അതാണല്ലോ സംഭവിക്കുന്നത്. സിറിയയിലെ ഭരണമാറ്റത്തില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ രാസായുധത്തില്‍ എത്തിച്ചേര്‍ന്നത് നല്ല കാര്യമാണ്. ആ അജന്‍ഡാ മാറ്റം പൂര്‍ണമാകണമെങ്കില്‍ രാസായുധങ്ങള്‍ ലോകത്താകെ വിപണനം നടത്തുന്ന വന്‍ശക്തികള്‍ കൂടി വിചാരണ ചെയ്യപ്പെടണം. നിരായുധീകരണത്തെ കുറിച്ച് സംസാരിക്കുന്നവരാരും സ്വന്തത്തിലേക്ക് നോക്കാറില്ല. അതുകൊണ്ടാണ് ഒരു നിരായുധീകരണ ശ്രമവും വിജയം കാണാതെ പോകുന്നത്. സിറിയയില്‍ പ്രത്യക്ഷ ആക്രമണമേ അമേരിക്ക ഉപേക്ഷിച്ചിട്ടുള്ളൂ. പരോക്ഷ ആക്രമണം ശക്തമായി തുടരും. വിമതര്‍ക്ക് അത്യന്താധുനിക ആയുധങ്ങള്‍ ഇറക്കിക്കൊടുക്കും. ഇതിനുള്ള പദ്ധതികള്‍ സി ഐ എ തയ്യാറാക്കിക്കഴിഞ്ഞു. അറബ് ലീഗിന്റെ പിന്തുണ ഇതിനുണ്ട്. അങ്ങനെ സിറിയയുടെ ഭാഗധേയം പുറമേ നിന്നുള്ള കളിക്കാര്‍ തീരുമാനിക്കും. അസദ് വീണേക്കാം. അപ്പോള്‍ അധികാരത്തില്‍ വരുന്നവര്‍ക്ക് (അല്‍ഖാഇദാ പിന്തുണയോടെ ബ്രദര്‍ഹുഡ് ആയിരിക്കും അത്) അമേരിക്കയും റഷ്യയും രാസായുധങ്ങള്‍ വില്‍ക്കും. ഇത്തരം അസംബന്ധങ്ങളെയാണ് നയതന്ത്രം എന്ന് വിളിക്കുന്നത്. സാക്ഷാല്‍ മാടമ്പിത്തരം.

Latest