Connect with us

Kerala

എളങ്കൂരിലെ വിഘടിത ഗുണ്ടാ ആക്രമണം ആസൂത്രിതം

Published

|

Last Updated

വണ്ടൂര്‍ : എളങ്കൂരിലെ വിഘടിത ഗുണ്ടാ ആക്രമണം ആസൂത്രിതമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. വടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മുന്‍കൂട്ടി ഒരുങ്ങിയാണ് വിഘടിത ഗുണ്ടകള്‍ മദ്‌റസ പി ടി എ യോഗത്തിനെത്തിയിരുന്നത്. സമീപത്തെ മഹല്ലുകളില്‍ നിന്നും ആളുകളെ യോഗത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

മദ്‌റസ വിദ്യാര്‍ഥികളുടെ പഠന പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മദ്‌റസാ അധ്യാപകര്‍ വിളിച്ച രക്ഷിതാക്കളുടെ യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഈ യോഗത്തിലേക്ക് സമീപത്തെ മഹല്ലുകളില്‍ നിന്ന് ഉള്‍പ്പെടെ അമ്പതിലെറെ വിഘടിതര്‍ എത്തിയിരുന്നു. മദ്‌റസ പി ടി എ യോഗത്തില്‍ പുറത്ത് നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചത് തന്നെ ആസൂത്രിത നീക്കമാണെന്നതിന് വ്യക്തമായ തെളിവാണ്.

സുന്നി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വമാണ് വിഘടിത ഗുണ്ടകള്‍ യോഗത്തിന് മുന്നോടിയായി സംഘടനാ ഗാനങ്ങള്‍ വെച്ചത്. സംയുക്തമായി നടത്തുന്ന മദ്‌റസയായതിനാല്‍ ഇത് മാറ്റി ഖുര്‍ആന്‍ പാരായണം വെക്കണമെന്ന് സുന്നി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ക്ഷുഭിതരായ വിഘടിതര്‍ മുന്‍ കൂട്ടി കരുതിവെച്ച വടിയെടുത്ത് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ആഘാതത്തില്‍ ബോധരഹിതനായി വീണ അബുഹാജിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതിന് മുമ്പും പലതവണ ഇവിടെ വിഘടിതര്‍ പ്രകോപനത്തിന് ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ മദ്‌റസയുടെ റെയ്ഞ്ച് യോഗം നടക്കുന്നതിന് മുന്നോടിയായി ചേളാരി വിഭാഗത്തിന്റെ പതാക സ്ഥാപിച്ചത് വിവാദമായിരുന്നു. സുന്നി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അന്ന് പ്രശ്‌നം ഒഴിവായി. മറ്റൊരിക്കല്‍ നബിദിന ആഘോഷ ദിവസം മദ്‌റസയുടെ മുകളില്‍ വിഘടിത സംഘടനയുടെ പതാക സ്ഥാപിച്ചും പ്രകോപനത്തിന് ശ്രമമുണ്ടായി. ഇതും മഹല്ല് കാരണവന്മാര്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.