Kerala
പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം: പ്രമാദമായ പാമോയില്‍ അഴിമതിക്കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് നല്‍കും. വിചാരണ നടന്നുകൊണ്ടിരിക്കെയാണ് കേസ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
പാമോയില്‍ കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരായ ജിജി തോംസനേയും പി ജെ തോമസിനെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ മുന്‍ മന്ത്രിയും കേസിലെ മറ്റൊരു പ്രധാന പ്രതിയുമായ ടി എച്ച് മുസ്തഫ രംഗത്ത് വന്നു. ജിജി തോംസനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ടി എച്ച് മുസ്തഫ പരസ്യമായി തുറന്നടിച്ചു.
ഇതോടെ പ്രതിസന്ധിയിലായ ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ മാത്രം കേസില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന നിയമോപദേശമാണ് സര്‍ക്കാറിന് ലഭിച്ചത്. ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കുന്നത് നയപരമായി നിലനില്‍ക്കില്ല. എന്നാല്‍ കേസ് ഒന്നിലേറെ തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
1991-92കാലഘട്ടത്തില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണറായിരുന്ന പി ജെ തോമസ് ആയിരുന്നു അന്ന് കേരളത്തിലെ സിവില്‍ സപ്‌ളൈസ് സെക്രട്ടറി. പ്രസ്തുത കേസില്‍ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലന്‍സ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് 2011 മാര്‍ച്ചില്‍ തത്സ്ഥാനം രാജി വെച്ചിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അന്ന് പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്നു. എന്നാല്‍ 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടിവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം. ഈ കേസില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേര്‍ക്കും കുറ്റപത്രം നല്‍കി. ജസ്റ്റിസ് പി. കെ. ബാലചന്ദ്രനു മുന്‍പില്‍ നല്‍കിയ ചാര്‍ജ്ജ് ഷീറ്റില്‍ പാമോയില്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതില്‍ കുറ്റകരമായ ഗൂഢാലോചന ഉള്ളതായും സംസ്ഥാന വിജിലന്‍സ് ആരോപിച്ചു. ഡിസംബര്‍ 2010 ല്‍ കെ .കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
മാറി വരുന്ന സര്‍ക്കാരുകള്‍ ഈ കേസിനു നേരെ സ്വീകരിച്ച നയങ്ങള്‍ വ്യത്യസ്തമായിരുന്നു. 2005ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കേസ് പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ കേസ് തുടരുവാന്‍ താല്പര്യപ്പെട്ടു. തുടര്‍ന്ന് കേസ് 2011 മാര്‍ച്ചില്‍ വീണ്ടും പരിഗണിക്കുകയും 2011 ആഗസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.