Kerala
വിവാഹ പ്രായം: അത് മുസ്ലിംകളുടെ പൊതുനിലപാടായി എടുക്കരുത് - സമസ്ത
കോഴിക്കോട്: വിവാഹത്തിന് പ്രായം നിശ്ചയിച്ച ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹ പ്രായത്തിന്റെ പേരിലുള്ള വിവാദം സമന്വയത്തിലൂടെ പരിഹരിക്കണമെന്ന് വൈസ് പ്രസിഡന്റ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ ആവശ്യപ്പെട്ടു.
സാമ്പത്തികമായും സാംസ്‌കാരികമായും മറ്റും ഭീതി ജനഗമായ സാഹചര്യത്തില്‍ രാജ്യം മുന്നോട്ടു നീങ്ങുമ്പോള്‍ നിര്‍മ്മാണാത്മകമായ ചിന്തയും പ്രവര്‍ത്തനവുമാണ് പുരോഗതിക്കാവശ്യം. മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് മതപരവും സാമൂഹികവുമായി വ്യക്തമായ ധാരണകളോ നിലപാടുകളോ ഇല്ലാത്ത ഏതാനും സംഘടനകള്‍ എടുക്കുന്ന തീരുമാനങ്ങളെ കേരളത്തിലെ മുസ്‌ലിംകളുടെ പൊതുതീരുമാനമായി അവതരിപ്പിക്കുന്നത് ഭൂഷണമല്ല. സങ്കുചിത താല്‍പര്യങ്ങള്‍ പുലര്‍ത്തുന്ന ഇത്തരം സംഘടനകള്‍ തങ്ങളുടെ അഭിപ്രായം സമുദായത്തിന്റെ മൊത്തം അഭിപ്രായമായി അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണം. ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ മുഖവിലകെടുത്ത് പണ്ഡിതന്‍മാരെയും സമുദായത്തെയും ആരും തെറ്റിദ്ധരിക്കരുത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചില മുസ്‌ലിം സംഘടനകള്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളില്‍ പലതും മതിയായ കൂടിയാലോചനകളോ സമകാലിക ജീവിതത്തെക്കുറിച്ചുള്ള മതപരവും സാമൂഹികവും ശാസ്ത്രീയവുമായ നിലപാടുകളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നതോ ആയില്ലന്നും സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.
ദൈനംദിന ജീവിതത്തില്‍ പൗരന്മാരെന്ന നിലയിലും സമുദായം എന്ന നിലയിലും ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനുള്ള വഴികളെക്കുറിച്ച് ആലോചിക്കാന്‍ മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സമയവും ഊര്‍ജവും കണ്ടെത്തുന്നില്ലെന്നത് ഖേദകരമാണ്. സമുദായത്തെ പ്രതിക്കൂട്ടിലാക്കി മുസ്‌ലിംകളുടെ ക്രിയാത്മക ഊര്‍ജം പാഴാക്കാന്‍ അവസരമൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് സംശയാസ്പദമാണെന്നും മുശാവറ പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എന്‍ ബാവ മുസ്‌ലിയാര്‍, പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ തുടങ്ങിയവര്‍ പങ്കെടുത്തു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും നന്ദിയും പറഞ്ഞു.