Connect with us

Malappuram

എളങ്കൂരിന് നഷ്ടമായത് മഹല്ല് കാരണവരെ

Published

|

Last Updated

വണ്ടൂര്‍: വിഘടിതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുത്തിയില്‍ അബുഹാജിയുടെ വിയോഗം എളങ്കൂരിന് നഷ്ടമായത് നാടിന്റെ ഉത്തമ കാരണവരെ. നിലവില്‍ എളങ്കൂര്‍ ബിലാല്‍ മസ്ജിദിന്റെ ട്രഷററായിരുന്നു. എളങ്കൂര്‍ ബിലാല്‍ മസ്ജിദിന്റെ ആരംഭം മുതല്‍ കാല്‍ നൂറ്റാണ്ട് കാലമായി കമ്മിറ്റിയില്‍ അംഗമായിരുന്ന അബുഹാജി വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലും മഹല്ലിന് വേണ്ടി കര്‍മ്മരംഗത്തിറങ്ങിയിരുന്നു. സുന്നീ പ്രസ്ഥാനത്തിന് എളങ്കൂരില്‍ താങ്ങും തണലുമായിരുന്ന ഇദ്ദേഹം സംഘടനയുടെ പരിപാടികള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച കാരണവര്‍ കൂടിയായിരുന്നുവെന്ന് പ്രദേശത്തെ സുന്നീപ്രവര്‍ത്തകര്‍ പറഞ്ഞു. മാസം തോറും ബിലാല്‍ മസ്ജിദില്‍ നടന്നുവരുന്ന സ്വലാത്ത് മജ്്‌ലിസിലും നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം നാട്ടിലെ അറിയപ്പെട്ട കാരണവര്‍ കൂടിയായിരുന്നു. വ്യക്തികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതില്‍ മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടെത്താനും ശ്രമിച്ചിരുന്നതായി പ്രദേശത്തുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മദ്‌റസയില്‍ വിഘടിത ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടപ്പോഴും ഇവിടെയുണ്ടായിരുന്നവരെ പിന്തിരിപ്പിക്കാനായിരുന്നു അബുഹാജി ശ്രമിച്ചത്. ഇതിനിടെയാണ് വിഘടിത ഗുണ്ടകളുടെ ആക്രമത്തില്‍ പരുക്കേറ്റ് അബുഹാജി കുഴഞ്ഞുവീണത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. അബുഹാജിയുടെ വിയോഗത്തോടെ എളങ്കൂരിലെ സുന്നീപ്രവര്‍ത്തകര്‍ക്ക് മഹല്ലിനും മികച്ച ഒരു കാരണവരെയാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി എളങ്കൂര്‍ അങ്ങാടിയിലെ വ്യാപാരികള്‍ ഇന്നലെ ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

പ്രതിഷേധ പ്രകടനങ്ങള്‍ വിജയിപ്പിക്കുക: നേതാക്കള്‍ 

മലപ്പുറം: എളങ്കൂര്‍ മഞ്ഞപറ്റയില്‍ നിരപരാധിയായ സുന്നി പ്രവര്‍ത്തകന്‍ അബുഹാജിയെ ക്രൂരമായി കൊലപെടുത്തിയ വിഘടിത ഗുണ്ടാ സംഘങ്ങളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപെട്ട് ഇന്ന് സോണ്‍, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വിജയിപ്പിക്കാന്‍ സുന്നി നേതാക്കള്‍ ആഹ്വാനം ചെയ്തു. സൗഹാര്‍ദപരമായി നാട്ടുകാര്‍ സഹകരിച്ച് നടത്തികൊണ്ടിരിക്കുന്ന മഹല്ല് സ്ഥാപനങ്ങളില്‍ അനധികൃതമായി ആധിപത്യം സ്ഥാപിക്കാനുള്ള വിഘടിതരുടെ ഹീന തന്ത്രം ചെറുത്ത് തോല്‍പ്പിക്കാന്‍ മുഴുവന്‍ സമാധാന പ്രേമികളും തയ്യാറാകണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക് അഭ്യര്‍ത്ഥിച്ചു.

എസ് ജെ എം പ്രതിഷേധിച്ചു
മലപ്പുറം: എളങ്കൂരില്‍ സുന്നി പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. അക്രമം നടത്തിയ ഛിദ്രശക്തികളെ അറസ്റ്റ് ചെയ്യണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് കെ പി എച്ച് തങ്ങള്‍, പി കെ ബാവ മുസ്‌ലിയാര്‍, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, എം മുഹമ്മദ് അഹ്‌സനി, പി അലവി ഫൈസി, എം കെ ഹസന്‍ മുസ്‌ലിയാര്‍, ടി കെ നൗഷാദലി ബാഖവി സംബന്ധിച്ചു.

 

Latest