Connect with us

Editors Pick

മുഹമ്മദ് കോയയുടെ കടയിലേക്ക് വരൂ; ഒരു രൂപക്ക് ചായ കുടിക്കാം

Published

|

Last Updated

കോഴിക്കോട്: ഒറ്റരൂപാ നാണയത്തുട്ടിന് ചായയും നാല് രൂപക്ക് പലഹാരവും. ചെറിയൊരു ചായക്കടയില്‍ എത്തുന്ന ആരുടെയും മനസ്സും വയറും നിറയും. കേട്ടവര്‍ ചോദിക്കും, ഇക്കാലത്തും ഇങ്ങനെയോ?
വിലകള്‍ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ കുതിച്ചുയരുമ്പോള്‍, തൊട്ടതിനെല്ലാം പൊള്ളുന്ന വിലയുള്ള കാലത്താണ് അഞ്ച് രൂപക്ക് ചായയും പലഹാരവും ലഭിക്കുന്നത്. ലോക മാര്‍ക്കറ്റില്‍ ഉച്ചക്ക് മുമ്പേ എണ്ണവില ഉയരുമ്പോള്‍ ആ പേരും പറഞ്ഞ് വൈകുന്നേരം തന്നെ എതാണ്ടെല്ലാ സാധനങ്ങള്‍ക്കും വില കൂട്ടുന്ന നാട്ടിലാണിത്. തേയിലയുടെയും പഞ്ചസാരയുടെയും വില മാറിമറിഞ്ഞാലും കിണാശ്ശേരിക്കാരന്‍ മുഹമ്മദ് കോയയുടെ ചായക്കടയിലെ വിലവിവരപ്പട്ടിക മാറ്റിയെഴുതാറില്ല.
കോഴിക്കോട് മുഖദാറില്‍ നിന്ന് ബീച്ചിലേക്കുള്ള റോഡിലെ കെ പി സ്റ്റോറില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ആദ്യമായെത്തുന്നവരാണെങ്കില്‍ ചായ കഴിച്ച് പുറത്തിറങ്ങുമ്പോള്‍ അത്ഭുതത്തോടെ ചോദിക്കും, ഒരു രൂപയോ എന്ന്. ഒരു രൂപക്ക് ചായ നല്‍കിയിട്ടും മുഹമ്മദ് കോയക്ക് ഇതുവരെ നഷ്ടമുണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ 20 വര്‍ഷമായി മിഠായിയുടെ വിലക്ക് ചായയും കടിയും നല്‍കുന്നത്.
രാവിലെ നാല് മണിക്ക് തുടങ്ങും മുഹമ്മദ് കോയയുടെ ചായയടി. പുലര്‍കാലത്ത് കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ തിക്കും തിരക്കുമായിരിക്കും അപ്പോള്‍. വെളുത്തുതുടങ്ങുമ്പോഴേക്കും സ്ഥിരമായെത്തുന്നവരുടെ ബഹളമാകും. ചായ കുടിയും വെടിപറച്ചിലുമൊക്കെ കഴിഞ്ഞ് അവര്‍ പിരിയുമ്പോഴേക്കും സ്‌കൂള്‍ കുട്ടികളുടെ തള്ളല്‍ ആരംഭിക്കും. എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ അടുക്കിവെച്ച ചില്ലിട്ട അലമാരയാണ് കുട്ടികളുടെ ആകര്‍ഷണം. പത്ത് രൂപ കൊടുത്താല്‍ രണ്ട് കടിയും ബാക്കിക്ക് മിഠായിയും കിട്ടും.
റൊട്ടി പൊരിച്ചത്, കേക്ക്, ബോണ്ട, പരിപ്പ് വട, സമൂസ, നുറുക്ക് എന്നിവയാണ് അലമാരയിലെ കൊതുയൂറും വിഭവങ്ങള്‍. ഉള്ളിക്കും നേന്ത്രപ്പഴത്തിനുമുണ്ടായ വിലക്കയറ്റത്തോടെയാണ് ഉള്ളിവടയും പഴം പൊരിയും ചില്ലലമാരയില്‍ നിന്ന് അപ്രത്യക്ഷമായത്.
കഴിഞ്ഞ നാല് വര്‍ഷം മുമ്പു വരെ ചായക്ക് 50 പൈസയും പലഹാരത്തിന് ഒന്നര രൂപയുമായിരുന്നു വില. വിലക്കയറ്റമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായത്. എന്നാല്‍ ഇപ്പോഴുള്ള വിലയില്‍ സമീപ പ്രദേശത്തെ കടക്കാര്‍ക്ക് മുഹമ്മദ് കോയയോട് നല്ല എതിര്‍പ്പുണ്ട്.
കോഴിക്കോട് കിണാശ്ശേരി കുളങ്ങര പീടികയിലാണ് മുഹമ്മദ് കോയയുടെ വീട്. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. മൂത്ത മകളെ വിവാഹം കഴിപ്പിച്ചത് ഈ ചായക്കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണെന്ന് പറയുമ്പോള്‍ മുഹമ്മദ് കോയ ക്ക് നിറഞ്ഞ അഭിമാനം. അതോടൊപ്പം മറ്റു പലര്‍ക്കുമുള്ള മറുപടിയും.