Connect with us

Gulf

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകുന്നു; വ്യാപാര ലൈസന്‍സുകള്‍ ഇനി ഐഫോണിലൂടെ

Published

|

Last Updated

ദുബൈ: പുതിയ വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും അവയുടെ ലൈസന്‍സ് എടുക്കാനുമുള്ള സൗകര്യം ദുബൈയില്‍ ഐഫോണ്‍ വഴി ലഭ്യമാകും. അടുത്ത മാസം മുതല്‍ ഈ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ വഴി ലഭ്യമാക്കുമെന്ന് ദുബൈ എക്കണോമിക്ക് ഡവലപ്‌മെന്റ് ഡിപാര്‍ട്ടുമെന്റ് (ഡി ഇ ഡി) അധികൃതര്‍ അറിയിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച സ്മാര്‍ട്ട് ഗവണ്‍മെന്റിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ സൗകര്യം. ഇത്തരത്തിലുള്ള സൗകര്യം മിഡില്‍ ഈസ്റ്റില്‍ ആദ്യത്തേതാണ് ദുബൈ ഗവണ്‍മെന്റ് നടപ്പാക്കുന്നതെന്ന് ഡി ഇ ഡി അധികൃതര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ ആപ്പിള്‍ കമ്പനിയുടെ ഔട്ട്‌ലെറ്റുകളിലൂടെ സൗജന്യമായി ഐഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിന് സജ്ജീകരിക്കുന്നതിന്റെ അവസാന ഘട്ടം ജോലികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി ഇ ഡി ലൈസന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ശാഇല്‍ അല്‍ സഅ്ദി പറഞ്ഞു.
പുതിയ ലൈസന്‍സുകള്‍ക്കും നിലവിലുള്ളത് പുതുക്കാനും ആവശ്യമായ സര്‍ക്കാര്‍ ഫീസുകള്‍ ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ അടക്കാം. ഫീസടക്കല്‍ പൂര്‍ത്തിയായാല്‍ വൈകാതെ ലൈസന്‍സുകള്‍ ഐഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നും അല്‍ സഅ്ദ് പറഞ്ഞു.
ലൈസന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പിഴകളോ മുന്നറിയിപ്പുകളോ ഉണ്ടെങ്കില്‍ അവയുമായി ബന്ധപ്പെട്ട അറിയിപ്പുകളും സമയാസമയം ഐഫോണിലെത്തും.
നിലവിലുള്ള ലൈസന്‍സ് പുതുക്കല്‍, സ്ഥാപനത്തിന് പേര് റിസര്‍വ് ചെയ്യല്‍, പ്രാഥമികാംഗീകാരം ലഭ്യമാക്കല്‍, പിഴകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, നിലവിലുള്ള സ്ഥാപനങ്ങളുടെ സ്ഥലം കണ്ടെത്തല്‍ എന്നീ സേവനങ്ങളാണ് സ്മാര്‍ട്ട്‌ഫോണിലൂടെ ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. അടുത്ത ഘട്ടം പുതിയ ലൈസന്‍സിന്റെ ഐഫോണിലൂടെയുള്ള ലഭ്യതയാണ് അടുത്ത മാസം മുതല്‍ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയില്‍ ബിസിനസ് നടത്തുന്നവര്‍ക്കും നിക്ഷേപം നടത്താന്‍ എത്തുന്നവര്‍ക്കും ഏറെ ഗുണകരവും ആശ്വാസകരവുമാണ് ഈ സേവനം. ധാരാളം സമയം ലാഭിക്കാമെന്നതും കാര്യങ്ങള്‍ നേടാന്‍ നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ലെന്നതും ഇതിന്റെ ഗുണഫലങ്ങളാണ്.
അടുത്ത വര്‍ഷത്തോടെ യു എ ഇയെ സമ്പൂര്‍ണ സ്മാര്‍ട്ട് സേവനം ലഭ്യമാകുന്ന രാജ്യമാക്കുമെന്ന ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം ഘട്ടം ഘട്ടമായി സാക്ഷാത്കരിക്കപ്പെടുന്നതിന്റെ ഭാഗമാണ് ഇതെന്ന് അല്‍ സഅ്ദി പറഞ്ഞു.

 

Latest