International
ഇറ്റാലിയന്‍ പ്രധാനമന്ത്രി വിശ്വാസ വോട്ട് തേടും
റോം: അധികാരമേറ്റ് അഞ്ച് മാസം കഴിയുമ്പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റികോ ലെറ്റ വിശ്വാസ വോട്ട് തേടുന്നു. നാളെയായിരിക്കും പ്രമേയം വോട്ടിനിടുക. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്‌കോനിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചതിനെത്തുടര്‍ന്നാണിത്. എന്നാല്‍ അവസാന ആശ്രയമെന്ന നിലയില്‍ മാത്രമേ പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുവെന്ന് പ്രസിഡന്റ് ജിയോര്‍ജിയോ നാപോലിറ്റാനോ പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ഒരു സാധ്യതയും ഇല്ലെങ്കില്‍ മാത്രമേ പരമ്പരാഗതമായും ഭരണഘടനാപരമായും പാര്‍ലിമെന്റ് പരിച്ചിടാനുള്ള ഉത്തരവ് പുറപ്പെടുവിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ബെര്‍ലൂസ്‌കോനിയുടെ പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടിയിലെ അഞ്ച് കാബിനറ്റ് മന്ത്രിമാര്‍ മുന്നണി വിടാന്‍ തീരുമാനിച്ചതാണ് ലെറ്റയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന സഖ്യ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയതും വിശ്വാസ വോട്ട് തേടാന്‍ പ്രേരിപ്പിച്ചതും. സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് മുന്നിലുള്ളതെങ്കിലും കഴിയുന്നത്ര വേഗത്തില്‍ പാര്‍ലിമെന്റില്‍ വിശ്വാസ വോട്ട് തേടുമെന്ന് ലെറ്റ പ്രഖ്യാപിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലെറ്റ നേരിടേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ പാര്‍ലമെന്റില്‍ തിരിച്ചടിയാകുമെന്നും ബെര്‍ലൂസ്‌കോനിയുടെ മന്ത്രിമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മുന്നണി തകര്‍ന്നതിനെ ഇരു പാര്‍ട്ടികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്.