International
രണ്ട് വയസ്സുകാരന് 'ഗര്‍ഭം'; ഓപ്പറേഷനിലൂടെ ഭ്രൂണം പുറത്തെടുത്തു
ബാങ്കോങ്ക്: രണ്ട് വയസ്സുകാരന്‍ “പ്രസവിച്ചു!” അതും തന്റെ ഇരട്ട സഹോദരനെ. ചൈനയിലാണ് കേട്ടാല്‍ വിശ്വസിക്കാത്ത ഈ സംഭവം നടന്നത്. സംഭവം ഇങ്ങനെയാണ്:
ചൈനയിലെ ജിയാംഗ്ഷൂ പ്രവിശ്യയിലെ ഹുവാക്‌സി ഗ്രാമത്തിലെ സിയോ ഫെംഗ് എന്ന രണ്ട് വയസ്സുകാരനാണ് “ഗര്‍ഭം” ധരിച്ചത്. കുഞ്ഞിന്റെ വയറ് ക്രമേണ വലുതാകുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് അവര്‍ ഡോക്ടറെ സമീപിച്ചു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ എക്‌സ്‌റേയും എം ആര്‍ ഐ സ്‌കാനും എടുത്തപ്പോള്‍ കുഞ്ഞിന്റെ ആമാശയത്തില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ അടിയന്തര ശ്‌സ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയില്‍ 20 സെന്റീമീറ്റര്‍ നീളമുള്ള ഭ്രൂണം പുറത്തെടുക്കുകയും ചെയ്തു.
മാതാവിന്റെ വയറ്റിലായിരുന്നപ്പോള്‍ ഇരട്ട സഹോദരന്മാരില്‍ ഒരാള്‍ മറ്റൊരളുടെ വയറ്റില്‍ വളരുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫെര്‍ട്ടിലൈസേഷന് ശേഷം ഭ്രൂണം പൂര്‍ണമായും വിഭജിക്കാത്തതാണ് അസാധാരണമായ ഈ സംഭവത്തിന് കാരണമായതത്രെ. സാധാരണ ഇത്തരത്തിലുള്ള ഭ്രൂണങ്ങളില്‍ ഒന്ന് പാരാസൈറ്റുകളായി മാറാറുണ്ടെങ്കിലും ഒന്ന് മറ്റൊന്നിന്റെ ഉള്ളില്‍ വളരുന്ന സംഭവം ഇതാദ്യമായാണെന്ന് ഡോക്ടര്‍മാ സാക്ഷ്യപ്പെടുത്തുന്നു.
പുറത്തെടുത്ത ഭ്രൂണത്തിന് സുഷുമ്‌നയും മറ്റു അവയവങ്ങളും വളര്‍ന്നുവന്നതോടൊപ്പം വിരലുകളും രൂപപ്പെട്ടിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏതായാലും ഓപ്പറേഷന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണ്.