Gulf
അധ്യാപകരുടെ ശമ്പളം തുച്ഛമെന്ന് കെ എച്ച് ഡി എ
ദുബൈ: എമിറേറ്റില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം തുച്ഛമാണെന്ന് വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ). അധ്യാപകര്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും കെ എച്ച് ഡി എയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിതാപകരമായ സാഹചര്യങ്ങളും തുച്ഛമായ വേതന വ്യവസ്ഥയും അധ്യാപകരെ ജോലി ഉപേക്ഷിക്കാനോ മെച്ചപ്പെട്ട മേഖലയിലേക്ക് ചേക്കേറാനോ പ്രേരിപ്പിക്കുന്ന സ്ഥിതിയാണ്. എല്ലാ സ്‌കൂളുകളും ഈ ഗണത്തില്‍പ്പെടില്ലെങ്കിലും ഇത്തരം സാഹചര്യം നിലനില്‍ക്കുന്ന ധാരാളം വിദ്യാലയങ്ങള്‍ എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കാന്‍ താല്‍പര്യപ്പെടുന്നവര്‍, അധ്യാപകര്‍ ഉള്‍പ്പെട്ട വിദ്യാലയ ജീവനക്കാര്‍ക്ക് മതിയായ വേതനവും പരിശീലവും ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും ഇതാണ് അവസ്ഥയെന്ന് കെ എച്ച് ഡി എയുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. ചില വിദ്യാലയങ്ങള്‍ അധ്യാപകരെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിയുമുണ്ട്.
ചില വിദ്യാലയങ്ങള്‍ 2,300 ദിര്‍ഹം മാത്രമാണ് മാസ ശമ്പളമായി അധ്യാപകര്‍ക്ക് നല്‍കുന്നത്. മറ്റു ജീവനക്കാര്‍ക്ക് 500 ദിര്‍ഹം ശമ്പളമായി നല്‍കുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.